Wednesday, August 22, 2012
നെല്ലിയാമ്പതി കോഴ: മുഖ്യമന്ത്രി വിശദീകരിക്കണം- പിണറായി
നെല്ലിയാമ്പതി വിഷയത്തില്‍ വനംമന്ത്രിയും ഭരണകക്ഷി എംഎല്‍എമാരും തമിഴ്നാട് സര്‍ക്കാരില്‍നിന്ന് കോഴ പറ്റിയെന്ന പി സി ജോര്‍ജിന്റെ ആക്ഷേപത്തെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മിണ്ടാതിരിക്കുകയാണ്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചതുമായ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ അട്ടിമറിക്കാന്‍ മുന്‍തോട്ടം ഉടമകള്‍ക്കുവേണ്ടി പി സി ജോര്‍ജ്, മരിച്ചുപോയ പത്തുപേരുടെ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയതുള്‍പ്പെടെയുള്ള ക്രമക്കേട് സിബിഐ അന്വേഷിക്കാന്‍ വനംമന്ത്രിയും എംഎല്‍എമാരും ആവശ്യപ്പെട്ടത് ഗൗരവമുള്ള കാര്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് അവര്‍ സിബിഐ അന്വേഷിക്കണമെന്നു പറയുന്നത്. നെല്ലിയാമ്പതി വിഷയത്തിലടക്കം ഭൂമാഫിയയെ സഹായിക്കുകയാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും. വി ഡി സതീശനും ടി എന്‍ പ്രതാപനും കാണിക്കുന്നത് അത്യാര്‍ത്തി രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ പരിഹസിച്ചതിലൂടെ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് ഒരിക്കല്‍ക്കൂടി പുറത്തുവന്നു.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് പതിവ്. നെല്ലിയാമ്പതിയില്‍ അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം എന്തിനാണ് യുഡിഎഫ് ഉപസമിതി. ഭൂമാഫിയാ സ്വാധീനത്തിലാണ് യുഡിഎഫ് എന്നതിന് തെളിവാണ് ഉപസമിതി. 2050 ഏക്കറുള്ള ചെറുനെല്ലി തോട്ടത്തിന്റെ പാട്ടം കാലാവധി 2008ല്‍ കഴിഞ്ഞു. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. അതുപോലെ 27 എസ്റ്റേറ്റുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. പിടിച്ചെടുത്ത ഭൂമി 4000 ഏക്കര്‍. പക്ഷേ, അതിനെതിരെ മുന്‍ ഉടമകള്‍ കോടതിയില്‍നിന്ന് ഇന്നത്തെ യുഡിഎഫ് ഭരണകാലത്ത് സ്റ്റേ സമ്പാദിച്ചു. സ്റ്റേ നീക്കാന്‍ അപ്പീല്‍ പോകുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂമാഫിയയുമായുള്ള അവിഹിത ബന്ധം തടസ്സമായി. തോട്ടം ഉടമകളുടെ അഭിഭാഷകനായിരുന്നു മുമ്പ് അഡ്വക്കറ്റ് ജനറലെന്നതും ഇപ്പോള്‍ ഉടമകള്‍ക്കുവേണ്ടി ഹാജരാകുന്നത് എജിയുടെ ബന്ധമുള്ള വക്കീല്‍ സ്ഥാപനമാണെന്നതും ആക്ഷേപമായി നിലനില്‍ക്കുന്നു. അതിനിടയില്‍ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരമായി ബോധപൂര്‍വം തോല്‍ക്കുന്നു. അതിനാലാണ്, പ്രഗത്ഭരായ അഭിഭാഷകരെ കേസിനായി നിയോഗിക്കണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടത്. പക്ഷേ, കേസ് തോറ്റുകൊടുക്കാനുള്ള ഭൂമാഫിയയുടെ താല്‍പ്പര്യത്തിന് ഒത്താശചെയ്യുകയാണ് മുഖ്യമന്ത്രി. ഈ ഘട്ടത്തിലാണ് വനംമന്ത്രിക്കെതിരെ ചീഫ്വിപ്പ് രംഗപ്രവേശം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ് പുറത്തുപറയാനുള്ള സംവിധാനമാണ് യഥാര്‍ഥത്തില്‍ പി സി ജോര്‍ജ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനംമന്ത്രിയെ അസഭ്യം വിളിച്ചിട്ടും അതിനെ തടയാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതെന്നും പിണറായി പറഞ്ഞു.
deshabhimani 220812
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment