Monday, August 13, 2012

2 കസ്റ്റഡി മരണവും കൊലപാതകം; മുഖ്യപ്രതി തിരുവഞ്ചൂര്‍


ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ട് കസ്റ്റഡി മരണവും അതി ക്രൂരമായ കൊലപാതകം. കൊലപാതക കേസിലെ ഒന്നാം പ്രതി പൊലീസിനെ കയറൂരിവിട്ട ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. രണ്ടു സംഭവത്തിലും നിസ്സാര കേസായിരുന്നിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുകയായിരുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പോലും ലംഘിച്ചും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ച് ഭീകരമായി മര്‍ദിച്ചു.

അമൃതാനന്ദമയിമഠത്തില്‍ ബഹളം വച്ച ബിഹാര്‍ സ്വദേശി സത്നാംസിങ് ആഗസ്ത് നാലിനാണ് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ചത്. ഒരാഴ്ച കഴിയുമ്പോഴേക്കും ഞായറാഴ്ച പുലര്‍ച്ചെ കൊല്ലം ഐവര്‍കാല സ്വദേശി അജികുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. രണ്ടു മരണവും പൊലീസ് മര്‍ദനം മൂലമാണെന്ന് നിസ്സംശയം പറയാം. രണ്ടുപേരെയും ഒരേദിവസം ഒരേ ജീപ്പില്‍ കൈകാലുകള്‍ കെട്ടിയിട്ട്, പരിഷ്കൃതസമൂഹത്തെ നാണിപ്പിക്കുംവിധമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സമീപകാലത്ത് ഓരോ സംഭവത്തിലും പൊലീസ് സ്വീകരിക്കുന്ന ഏകപക്ഷീയവും പ്രാകൃതവുമായ മൂന്നാംമുറകള്‍ക്ക് രണ്ടു യുവാക്കളും ഇരയായി.

അമൃതാനന്ദമയി മഠത്തില്‍ ബഹളം വച്ച മനോരോഗി കൂടിയായ സത്നാമിനെതിരെ വധശ്രമത്തിന് കേസെടുത്തതിന് മറുപടി പറയേണ്ടത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തിരുവഞ്ചൂര്‍ അമൃതാനന്ദമയി മഠത്തില്‍ പോയശേഷമാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പരാതി നല്‍കിയത്. ഒരു പെറ്റിക്കേസിന് പകരം വധശ്രമക്കേസായി മാറിയത് എങ്ങനെയെന്നതിന് തിരുവഞ്ചൂര്‍ ഉത്തരം നല്‍കണം. മനോരോഗികള്‍ക്ക് പൊലീസ് കസ്റ്റഡിയിലും ആശുപത്രിയിലും കിട്ടേണ്ടുന്ന സുരക്ഷിതത്വം കിട്ടാതെ പോയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തിരുവഞ്ചൂരിന് ഒഴിഞ്ഞുമാറാനാകില്ല.

റബര്‍ഷീറ്റ് തിരിമറി നടത്തിയതിന്റെ പേരിലാണ് അജികുമാറിനെ മൃഗീയമായി പീഡിപ്പിച്ചത്. അജികുമാര്‍ ജോലിചെയ്തിരുന്ന എന്‍എസ്എസ് കരയോഗത്തിന്റെ റബര്‍പുരയ്ക്ക് തീപിടിച്ചു. അവിടെ റബര്‍ഷീറ്റ് കണക്കെടുത്തപ്പോള്‍ എണ്ണത്തില്‍ കുറവ്. ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് അജികുമാറിനെ വിളിച്ചുവരുത്തിയത്. സ്വമേധയാ സ്റ്റേഷനിലെത്തിയ അജികുമാറിനെ മൂന്നുദിവസമാണ് സ്റ്റേഷനില്‍ പീഡിപ്പിച്ചത്. ജൂലൈ 30നാണ് സ്റ്റേഷനിലെത്തിയത്. അന്ന് വിട്ടില്ല. അടുത്ത ദിവസവും വിട്ടില്ല. ആഗസ്്ത് ഒന്നിനു ബന്ധുക്കള്‍ വിവരമറിഞ്ഞ് എത്തിയപ്പോള്‍ മാത്രമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. എന്നിട്ടും കോടതിയില്‍ ഹാജരാക്കിയത് രണ്ടിനു മാത്രം. ബന്ധുക്കളുടെ മുന്നില്‍ അജികുമാര്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരെ സ്വാധീനിച്ച് തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അവിടെ വച്ച് വീണ്ടും മൃതപ്രായനായി. കോടതിയില്‍ ഹാജരാക്കുമ്പോഴും തീര്‍ത്തും അവശനായിരുന്നു. മജിസ്ട്രേട്ട് പൊലീസ് ജീപ്പിനടുത്തേക്ക് വന്നാണ് റിമാന്‍ഡ് ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഒരാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മതിയായ ചികിത്സ നല്‍കിയില്ല. മനോരോഗമെന്ന് ഇവിടെയും പൊലീസ് തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിലെ ജയില്‍ സെല്ലില്‍ അടച്ചുപൂട്ടി. ഇതെല്ലാം അജിയുടെ ജീവനെടുക്കാന്‍ ഇടയാക്കി.

സത്നാംസിങ്ങിന്റെ കൊലപാതകം: അന്വേഷണം താല്‍ക്കാലിക ജീവനക്കാരിലും അന്തേവാസികളിലും ഒതുക്കി

അമൃതാനന്ദമയി മഠത്തില്‍നിന്ന് പിടികൂടിയ ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനെ മര്‍ദിച്ചുകൊന്ന കേസില്‍ അന്വേഷണം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിലും അന്തേവാസികളിലും ഒതുക്കി. സത്നാമിന് മഠത്തില്‍നിന്നും പൊലീസ് കസ്റ്റഡിയിലും പിന്നീട് ജയിലില്‍നിന്നും ഭീകരമായ മര്‍ദനം ഏറ്റിട്ടുണ്ട്. മനോരോഗിയെന്ന് വ്യക്തമായി മനസിലായിട്ടും 36 മണിക്കൂര്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുകയും വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്യിക്കുകയുംചെയ്തു. സത്നാംസിങ്ങിന്റെ മരണത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്തം ഇവര്‍ക്കാണ്. ഇവരെയൊന്നും പ്രതിചേര്‍ക്കാതെ ചില താല്‍ക്കാലിക ജീവനക്കാരെയും ആശുപത്രി അന്തേവാസികളെയും അറസ്റ്റ് ചെയ്ത് കേസ് മുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്നാമിന് കഠനിമായ മര്‍ദനമേറ്റതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ആശ്രമപരിസരം, കൊല്ലം സബ്ജയില്‍ എന്നിവിടങ്ങളില്‍ സത്നാംസിങ്ങിന് മര്‍ദനമേറ്റിരുന്നോ എന്നതിനെക്കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. വള്ളിക്കാവ് ആശ്രമത്തില്‍നിന്ന് പിടികൂടിയ സത്നാംസിങ്ങിനെതിരെ വധശ്രമത്തിന് കേസ് എടുത്തത് പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശ്രമം സന്ദര്‍ശിച്ചതിന് ശേഷമാണ് ആശ്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളില്‍നിന്ന് പരാതി വാങ്ങി വധശ്രമത്തിന് കേസ് എടുത്തത്. സത്നാം മാനസികരോഗിയാണെന്ന പരിഗണനപോലും നല്‍കിയില്ല. സത്നാമിനെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നിട്ടും ചികിത്സ നല്‍കാതെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജയിലിലടയ്ക്കുകയായിരുന്നു. ഇതൊന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ല. ആശ്രമത്തില്‍ ബഹളം വച്ചതിന്റെ പേരില്‍ പിടികൂടിയ മാനസികരോഗിക്കെതിരെ വധശ്രമക്കുറ്റം ചുമത്താനുണ്ടായ കാരണവും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല. നിയമവിരുദ്ധമായി സത്നാമിനെ പൊലീസ് ലോക്കപ്പിലടച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് മൗനത്തിലാണ്. ആശ്രമവളപ്പില്‍ സത്നാമിന് മര്‍ദനമേറ്റോ എന്നതും പരിശോധിച്ചിട്ടില്ല.

മാനസികവിഭ്രാന്തിയുള്ള ഒരാള്‍ക്ക് നിയമപ്രകാരം ചികിത്സ ലഭ്യമാക്കാതെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തതും കുറ്റകരമാണ്. റിമാന്‍ഡ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ലംഘിക്കുകയും വേണ്ടത്ര ചികിത്സ ലഭ്യമാക്കാതിരിക്കുകയും ചെയ്തിട്ടും അവര്‍ക്കെതിരെ കേസില്ല. സത്നാംസിങ് മരിച്ചതിനുശേഷം ഡോക്ടര്‍ എത്താന്‍ വൈകിയെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതി ഉയര്‍ന്നിട്ടും നടപടിയില്ല. മൂന്ന് വനിതാ ഡോക്ടര്‍മാരടക്കം ഏഴ് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യ അഡീഷണല്‍ ഡയറക്ടര്‍(വിജിലന്‍സ്) ഡോ.രമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ താല്‍ക്കാലിക ജീവനക്കാരനായ ജയില്‍ വാര്‍ഡര്‍ വിവേകാനന്ദന്‍, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡര്‍ എസ് അനില്‍കുമാര്‍ എന്നിവര്‍ 24വരെ റിമാന്‍ഡിലാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് അന്തേവാസികളെക്കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം.

deshabhimani 130812

1 comment:

  1. ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ട് കസ്റ്റഡി മരണവും അതി ക്രൂരമായ കൊലപാതകം. കൊലപാതക കേസിലെ ഒന്നാം പ്രതി പൊലീസിനെ കയറൂരിവിട്ട ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. രണ്ടു സംഭവത്തിലും നിസ്സാര കേസായിരുന്നിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുകയായിരുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പോലും ലംഘിച്ചും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ച് ഭീകരമായി മര്‍ദിച്ചു

    ReplyDelete