Friday, August 24, 2012
ആണവദുരന്തമുണ്ടായാല്‍ പരമാവധി പിഴ 500 രൂപ
രാജ്യത്ത് ആണവദുരന്തമുണ്ടായാല്‍ നിലയം നടത്തിപ്പുകാരില്‍ നിന്ന് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് നിലവില്‍ ചുമത്താവുന്ന പരമാവധി പിഴ 500 രൂപ മാത്രം. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന കംപ്ട്രോളര്‍ ഏന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലാണ് ഈ ദയനീയസ്ഥിതി വെളിപ്പെടുത്തുന്നത്. വികിരണ സുരക്ഷാനയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു ദശകമായി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സുരക്ഷാ കാര്യത്തില്‍ തീര്‍ത്തും ദുര്‍ബലമായ ആണവ ചട്ടക്കൂടാണെന്നതില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി.
22 ആണവനിലയങ്ങളിലെ സുരക്ഷ പരിശോധിക്കുന്ന ബോര്‍ഡിന് ചട്ടം രൂപീകരിക്കാനും സുരക്ഷാ കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ പിഴ ചുമത്താനും അധികാരമില്ലാത്തത് പ്രധാന ന്യൂനതയാണ്. നിലവിലുള്ള ചട്ടപ്രകാരമുള്ള പരമാവധി പിഴ തുകയായ 500 രൂപ തീര്‍ത്തും അപര്യാപ്തമാണ്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ന്യൂനത വേഗം പരിഹരിക്കണം. വികിരണമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുന്ന നയം രൂപീകരിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളും ആണവനിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ആണവനിയന്ത്രണ ബോര്‍ഡ് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ്. ആണവോര്‍ജ ബോര്‍ഡിനെ സ്വതന്ത്ര നിയന്ത്രണ സ്ഥാപനമാക്കാന്‍ നടപടിവേണം. ആണവോര്‍ജവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിന് നൂറ്റിയറുപത്തെട്ടോളം മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ബോര്‍ഡ് രൂപംനല്‍കിയിട്ടുണ്ട്. എന്നാല്‍, സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ വികസിപ്പിച്ചിട്ടില്ല. നിലയങ്ങള്‍ അപകടത്തിലായാല്‍ ഉപേക്ഷിക്കാന്‍ ഇനിയും നിയമപരമായ ചട്ടക്കൂടില്ല. 30 വര്‍ഷത്തിലധികം പ്രവര്‍ത്തിക്കുന്നവയുടെ കാര്യത്തില്‍ പോലും ഉപേക്ഷിക്കല്‍ വ്യവസ്ഥകള്‍ ആലോചിച്ചിട്ടില്ല- റിപ്പോര്‍ട്ട് പറഞ്ഞു.
ആണവമേഖലയുമായി ബന്ധപ്പെട്ട രണ്ട് ബില്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചത്. സിവില്‍ ആണവബാധ്യതാ ബില്‍, ആണവോര്‍ജ സുരക്ഷാ നിയന്ത്രണ അതോറിറ്റി ബില്‍ എന്നിവയാണ് പരിഗണിക്കുന്നത്. ദുരന്തമുണ്ടായാല്‍ നിലയം നടത്തിപ്പുകാര്‍ 1500 കോടി വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആണവബാധ്യതാ ബില്‍ പറയുന്നത്. എന്നാല്‍, വിദേശ ഉപകരണദാതാക്കളെ ബില്ലില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയിട്ടുമുണ്ട്. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് പകരം നിയന്ത്രണ അതോറിറ്റിക്ക് രൂപംനല്‍കുന്നതാണ് രണ്ടാം ബില്‍.
deshabhimani 240812
Labels:
ആണവബാധ്യതാനിയമം
Subscribe to:
Post Comments (Atom)
ReplyDeleteരാജ്യത്ത് ആണവദുരന്തമുണ്ടായാല്‍ നിലയം നടത്തിപ്പുകാരില്‍ നിന്ന് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് നിലവില്‍ ചുമത്താവുന്ന പരമാവധി പിഴ 500 രൂപ മാത്രം. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന കംപ്ട്രോളര്‍ ഏന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലാണ് ഈ ദയനീയസ്ഥിതി വെളിപ്പെടുത്തുന്നത്. വികിരണ സുരക്ഷാനയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു ദശകമായി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സുരക്ഷാ കാര്യത്തില്‍ തീര്‍ത്തും ദുര്‍ബലമായ ആണവ ചട്ടക്കൂടാണെന്നതില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി.