Sunday, August 19, 2012

അഴിമതി @ 5.75 ലക്ഷം കോടി

ഭക്ഷ്യനിഷേധം

വിഷഭീകരനൊപ്പം കേന്ദ്രം; മൗനസമ്മതമേകി സംസ്ഥാനം

$ രണ്ട് യുപിഎ സര്‍ക്കാരുകള്‍ 2004 മുതല്‍ നടത്തിയ അഴിമതി 5.75 ലക്ഷം കോടിയുടേത്. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എസ് ബാന്‍ഡ് ഇടപാട് നിര്‍ത്തിവെച്ചില്ലായിരുന്നില്ലെങ്കില്‍ മൊത്തം അഴിമതി 7.75 ലക്ഷം കോടി രൂപയുടേതാകുമായിരുന്നു. പൊതുസ്വത്തും പ്രകൃതിസമ്പത്തും നിര്‍ലജ്ജം സ്വകാര്യ കോര്‍പറേറ്റുകള്‍ക്കു കൈമാറിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് ലക്ഷക്കണക്കിന് കോടി രൂപ. ലോകത്തില്‍ ഏറ്റവും വലിയ അഴിമതി നടക്കുന്ന രാജ്യമായി ഇന്ത്യ മാറി. അഴിമതിക്ക് നിശ്ശബ്ദം അരങ്ങൊരുക്കുകയെന്ന ചുമതല പ്രധാനമന്ത്രി ഭംഗിയായി നിര്‍വഹിക്കുന്നു.

$ പ്രധാനപ്പെട്ട മൂന്ന് ഇടപാടുകളില്‍ പൊതു ഖജനാവിനുണ്ടായ വന്‍ നഷ്ടം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസം. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ തന്നിഷ്ടക്കാര്‍ക്ക് കൊടുത്തതുവഴി രാജ്യത്തിനു നഷ്ടമായത് 1.86 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട്. അഴിമതി ഇടപാടുകള്‍ നടന്നപ്പോള്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചത് മന്‍മോഹന്‍സിങ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ഊര്‍ജ ഏകോപനസമിതിയാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കാന്‍ തീരുമാനമെടുത്തത്. സ്വകാര്യ കമ്പനികളായ എസ്സാര്‍ പവര്‍, ജിന്‍ഡാല്‍, ടാറ്റ എന്നിവ ഈ തീരുമാനം കൊണ്ട് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കി.

$ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 240 ഏക്കര്‍ ഭഭൂമി വിമാനത്താവള വികസന കമ്പനിക്ക് സ്വകാര്യാവശ്യത്തിന് ഉപയോഗിക്കാന്‍ വിട്ടുകൊടുത്തതു വഴി പൊതു ഖജനാവിനുണ്ടായ നഷ്ടം 1.64 ലക്ഷം കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നിന്ന് വന്‍തോതില്‍ യൂസര്‍ഫീസ് പിരിക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയതുവഴി സ്വകാര്യമേഖലക്കുണ്ടായ സാമ്പത്തികനേട്ടം ആയിരക്കണക്കിന് കോടി രൂപ.

$ മധ്യപ്രദേശിലെ സസാനില്‍ വന്‍കിട വൈദ്യുതപദ്ധതി നടപ്പാക്കാനായി റിലയന്‍സിന് അനധികൃതമായി കല്‍ക്കരിപ്പാടം വിട്ടുകൊടുത്തതുവഴിയുണ്ടായ നഷ്ടം 29033 കോടി രൂപ. ടെണ്ടറിലില്ലാത്ത വ്യവസ്ഥ റിലയന്‍സിനു വേണ്ടി പിന്നീട് കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി എതിര്‍ത്തിട്ടും കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെ സമിതി റിലയന്‍സിനു വേണ്ടി അഴിമതി തീരുമാനമെടുത്തു.

$ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന 2ജി സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത് 1.76 ലക്ഷം കോടി രൂപ. രണ്ടാം തലമുറ മൊബൈല്‍ ഫോണുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ 2ജി സ്പെക്ട്രം ലേലം ചെയ്യാതെ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ നല്‍കിയതു വഴി കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമായിരുന്ന 1.76 ലക്ഷം കോടി രൂപ നഷ്ടമായി. ടെലികോം വകുപ്പ് കയ്യാളിയിരുന്ന മന്ത്രിയുടെയും അന്നത്തെ ധനമന്ത്രിയുടെയും അടുത്തയാളുകള്‍ക്ക് 2ജി സ്പെക്ട്രം കിട്ടി. ഈ കമ്പനികള്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സ്പെക്ട്രം മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചു. മൊബൈല്‍ ഫോണ്‍ മേഖല കൈവരിച്ച വളര്‍ച്ച കണക്കിലെടുക്കാതെ 2001ലെ വിപണി നിലവാരമനുസരിച്ചാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് സ്പെക്ട്രം ഫീസ് വാങ്ങിയത്.

$ കാല്‍ ലക്ഷം കോടി രൂപയുടെ കോമണ്‍വെല്‍ത്ത് അഴിമതിയും 7000 കോടി രൂപയുടെ ടട്രാ ട്രക്ക് അഴിമതിയും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. കെജി ബേസിനിലെ പ്രകൃതിവാതക സമ്പത്ത് സ്വകാര്യമേഖലക്ക് ചുളുവിലയ്ക്ക് നല്‍കിയതു വഴിയുണ്ടായ നഷ്ടം തിട്ടപ്പെടുത്താനാവാത്തവിധം വലുതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

$ പ്രധാനമന്ത്രിയുടെ ബഹിരാകാശ വകുപ്പിനു കീഴില്‍ നടന്നതാണ് എസ് ബാന്‍ഡ് അഴിമതി. എസ് ബാന്‍ഡ് കരാര്‍ ആന്‍ഡ്രിക്സ്-ദേവാസ് കൂട്ടുകെട്ടിന് നല്‍കിയിരുന്നെങ്കില്‍ നഷ്ടപ്പെടുമായിരുന്നത് രണ്ടു ലക്ഷം കോടി രൂപയാണ്. വമ്പിച്ച പ്രതിഷേധത്തെ തുടര്‍ന്നാണ് ഇടപാട് റദ്ദാക്കാന്‍ പ്രധാനമന്ത്രി കാര്യാലയം തീരുമാനിച്ചത്. ഇത്രയും അഴിമതികള്‍ക്ക് കുടപിടിച്ചുകൊടുത്ത പ്രധാനമന്ത്രിയെ വലതുപക്ഷ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് "മിസ്റ്റര്‍ ക്ലീന്‍" എന്നാണ്.

നഷ്ടപ്പെട്ട തുക തിരിച്ചുപിടിച്ച് കുറ്റക്കാരെ ശിക്ഷിക്കണം: സിപിഐ എം

നിയമവിരുദ്ധ ഇടപാടുകളിലൂടെ രാജ്യത്തിന്റെ പൊതുസമ്പത്ത് നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും ഇതിലൂടെയുണ്ടായ നഷ്ടം തിരിച്ചുപിടിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കല്‍ക്കരിപ്പാടങ്ങളുടെ വിതരണം, വന്‍കിട വൈദ്യുതപദ്ധതികളുടെ പേരില്‍ സ്വകാര്യമേഖലയ്ക്ക് അനുവദിച്ച നിയമവിരുദ്ധ ആനുകൂല്യങ്ങള്‍, ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന്റെ പേരില്‍ സ്വകാര്യമേഖലയ്ക്ക് നല്‍കിയ വന്‍ സാമ്പത്തികാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. വിമാനത്താവള വികസനം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും രണ്ട് പ്രധാന തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2450 കോടി രൂപയുടെ ഓഹരിയുടെ പേരില്‍ 240 ഏക്കര്‍ ഭൂമിയുടെ വാണിജ്യപരമായ ഉപയോഗത്തിനുള്ള അവകാശം സ്വകാര്യ കമ്പനിക്ക് നല്‍കി. 58 വര്‍ഷം ഈ ഭൂമിയുടെ ലൈസന്‍സ് ഫീസിലൂടെ ലഭിക്കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡയല്‍) തന്നെ കണക്കാക്കിയ തുക 1,63,557 കോടി രൂപയാണ്. ഇതില്‍ ഡയലിന്റെ വിഹിതം 88,337 കോടിയെന്നും കണക്കാക്കി. 6.19 കോടി രൂപയ്ക്ക് 190.19 ഏക്കര്‍ കൂടി പാട്ടത്തിനു നല്‍കി. ഇന്നത്തെ നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ തുക വളരെ നിസ്സാരമാണ്. കരാര്‍ ഉറപ്പിച്ചശേഷം സംയുക്ത സംരംഭത്തിലെ സ്വകാര്യ പങ്കാളിക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. വിമാനത്താവള വികസന ഫീസെന്ന പേരില്‍ 3,415.35 കോടി രൂപ പിരിച്ചെടുക്കാന്‍ സിവില്‍ വ്യോമയാനവകുപ്പും എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയും ഡയലിന് അനുവാദം നല്‍കിയിരുന്നു. ഇതിനായി 2009 ഫെബ്രുവരിയില്‍ സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്, ഓപ്പറേഷന്‍ മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് എഗ്രിമെന്റ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്ട്, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ആക്ട് എന്നിവയുടെ ലംഘനമാണ്. സിപിഐ എം അംഗങ്ങള്‍ ഒരുവര്‍ഷം മുമ്പ് ഈ നിയമവിരുദ്ധ കാര്യങ്ങള്‍ പാര്‍ലമെന്റില്‍&ാറമവെ;ഉയര്‍ത്തിക്കൊണ്ടുവരികയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. സസനില്‍ റിലയന്‍സ് പവര്‍ ലിമിറ്റഡിന് 29,000 കോടി രൂപയുടെ നിയമവിരുദ്ധ ആനുകൂല്യം നല്‍കിയ കാര്യവും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിഎജി എന്ന ഭരണഘടനാ സ്ഥാപനം ഉയര്‍ത്തിക്കാട്ടിയ ഗൗരവപൂര്‍ണമായ പിഴവുകളോട് ഗവണ്‍മെന്റിന്റെ അലക്ഷ്യ മനോഭാവത്തോടെയുള്ള പ്രതികരണം ഞെട്ടിക്കുന്നതാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ മലീമസമായ കഥകള്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കും പോഷക സുരക്ഷയ്ക്കുമായി ചെലവഴിക്കാന്‍ പണമില്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പൊതുപണം കോര്‍പറേറ്റുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. 2ജി കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചതു പോലുള്ള അന്വേഷണവും നടപടികളും ഈ ഇടപാടുകളിലും ഉണ്ടാകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

അര ഡസനിലേറെ മന്ത്രിമാര്‍ കുരുക്കില്‍

അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണവും വിചാരണയും നേരിടുന്നത് അര ഡസനിലേറെ മന്ത്രിമാര്‍. പാമൊലിന്‍, ടൈറ്റാനിയം, സൈന്‍ ബോര്‍ഡ് അഴിമതികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍, സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്. എക്സൈസ് മന്ത്രി കെ ബാബു, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, കൃഷിമന്ത്രി കെ പി മോഹനന്‍, വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്, ധനമന്ത്രി കെ എം മാണി എന്നിവരും അഴിമതി ആരോപണവിധേയരാണ്. വിജിലന്‍സ് കോടതിയില്‍ നിന്നു ജാമ്യം നേടി മന്ത്രിസഭയില്‍ തുടരുന്നവരാണ് അടൂര്‍ പ്രകാശും മുനീറും. മന്ത്രി ഷിബുബേബിജോണിനെതിരെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്ക് കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. മന്ത്രി കെ പി മോഹനനെതിരെയുള്ള പരാതിയും ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.

അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള മന്ത്രിമാരുടെ പട്ടിക ദിനംതോറും നീളുന്നു. കൊച്ചി മെട്രോ, ബാര്‍ ലൈസന്‍സ്, പട്ടികജാതി വിദ്യാര്‍ഥികളുടെ സൈക്കിള്‍ ഇടപാട്... വിജിലന്‍സ് അന്വേഷണത്തിന്റെ പട്ടികയില്‍ ഇടംനേടി കഴിഞ്ഞവ ഇവയാണ്. മന്ത്രി മാണിയുടെ മരുമകന് ഉന്നത തസ്തികയില്‍ നിയമനം, നെല്ലിയാമ്പതി ഭൂമി തട്ടിപ്പ് തുടങ്ങിയവ ഞെട്ടിപ്പിക്കുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും ഇതുസംബന്ധിച്ച് ഹൈക്കോടതി അന്തിമതീരുമാനം എടുത്തിട്ടില്ല. സൈന്‍ബോര്‍ഡ് അഴിമതിയിലും മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കോടതിയുടെ പരിഗണനയിലാണ്. ടൈറ്റാനിയം അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പ്രത്യേക നിരീക്ഷണത്തില്‍ വിജിലന്‍സ് അന്വേഷിക്കുന്നു.
.
മാണിയുടെ മരുമകന് ചീഫ് സെക്രട്ടറി റാങ്ക്

അനധികൃതമായി വിദേശത്ത് കഴിഞ്ഞതിന്റെ പേരില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടപ്പെട്ട ധനമന്ത്രി കെഎം മാണിയുടെ മരുമകനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയില്‍ നിയമിച്ചത് വിവാദമായിരുന്നു. ഒരു ലക്ഷം രുപ പ്രതിമാസം ശമ്പളവും കാറും ഔദ്യോഗിക വസതിയും നല്‍കിയായിരുന്നു നിയമനം. വന്‍കിട പദ്ധതികളുടെ സാമ്പത്തികകാര്യങ്ങളുടെ കണ്‍സള്‍ട്ടന്റ് എന്നതാണ് ചുമതല. തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവ് പദവി പുറമെയും. മുഖ്യമന്ത്രിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിയെ സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതിനു പിന്നില്‍ സ്വജനപക്ഷപാതമാണെന്ന് ആരോപണമുണ്ട്. ബന്ധുവിനെ ചെയര്‍മാനാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

നെല്ലിയാമ്പതി വനഭൂമി: യുഡിഎഫ് കുരുക്കില്‍

നെല്ലിയാമ്പതി വനഭൂമി കൈയേറ്റ കേസ് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. മാണിയും പി സി ജോര്‍ജും തോട്ടമുടമകള്‍ക്ക് വേണ്ടിയും വി ഡി സതീശന്‍, വി എം സുധീരന്‍ എന്നിവര്‍ എതിര്‍ത്തും രംഗത്തെത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കി. പാട്ടക്കരാര്‍ ലംഘിച്ച് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കു വേണ്ടി മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തിറങ്ങി. കേസ് ബോധപൂര്‍വം തോറ്റുകൊടുക്കുന്നതിനുള്ള ഗൂഢനീക്കമാണ് അരങ്ങേറിയത്.

deshabhimani 190812

1 comment:

  1. രണ്ട് യുപിഎ സര്‍ക്കാരുകള്‍ 2004 മുതല്‍ നടത്തിയ അഴിമതി 5.75 ലക്ഷം കോടിയുടേത്. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എസ് ബാന്‍ഡ് ഇടപാട് നിര്‍ത്തിവെച്ചില്ലായിരുന്നില്ലെങ്കില്‍ മൊത്തം അഴിമതി 7.75 ലക്ഷം കോടി രൂപയുടേതാകുമായിരുന്നു. പൊതുസ്വത്തും പ്രകൃതിസമ്പത്തും നിര്‍ലജ്ജം സ്വകാര്യ കോര്‍പറേറ്റുകള്‍ക്കു കൈമാറിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് ലക്ഷക്കണക്കിന് കോടി രൂപ. ലോകത്തില്‍ ഏറ്റവും വലിയ അഴിമതി നടക്കുന്ന രാജ്യമായി ഇന്ത്യ മാറി. അഴിമതിക്ക് നിശ്ശബ്ദം അരങ്ങൊരുക്കുകയെന്ന ചുമതല പ്രധാനമന്ത്രി ഭംഗിയായി നിര്‍വഹിക്കുന്നു.

    ReplyDelete