ധനമേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായ സമരമുന്നേറ്റത്തില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത് ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് സമാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് പരിഷ്കരണ നീക്കത്തിനെതിരെ പത്തു ലക്ഷം ജീവനക്കാര്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. രാജ്യത്തെ ബാങ്കിടപാടുകള്‍ സ്തംഭിച്ചു. ബാങ്കിങ് മേഖലയിലെ ഒമ്പതു സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. സ്വകാര്യ ഓഹരി ഉടമകള്‍ക്ക് നിര്‍ണായകമായ വോട്ടവകാശം നല്‍കുന്ന ബാങ്കിങ് നിയമഭേദഗതിക്കും ശാഖകള്‍ തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിനുമെതിരെയായിരുന്നു സമരം.
ബാങ്കിങ് മേഖല തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് എഐബിഇഎ നേതാവ് അശോക് ഗുപ്ത വ്യക്തമാക്കി. ബാങ്കിങ് പരിഷ്കരണബില്‍ പാര്‍ലമെന്റ് ചര്‍ച്ചയ്ക്കെടുക്കാനിരുന്ന ബുധനാഴ്ചതന്നെ പണിമുടക്കില്‍ അണിനിരന്ന ജീവനക്കാര്‍ ജനവിരുദ്ധനയങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന മുന്നറിയിപ്പാണു നല്‍കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രധാന ബാങ്കുകളുടെ ആസ്ഥാനത്തും പ്രകടനങ്ങളുണ്ടായി. രണ്ടു ദിവസം ഇടപാടുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. ഗ്രാമീണശാഖകള്‍ അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, തൊഴിലിന്റെ കരാര്‍വല്‍ക്കരണം അവസാനിപ്പിച്ച് പുതിയ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിച്ചു. എഐബിഇഎ, എഐബിഒസി, എന്‍സിബിസി, എഐബിഒഎ, ബിഇഎഫ്ഐ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറത്തിലുള്ളത്.
രാജ്യമെങ്ങും ബാങ്ക് ജീവനക്കാരുടെ പ്രകടനവും ധര്‍ണയും
കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ പണിമുടക്കുന്ന ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തി. സ്വകാര്യ ഓഹരി ഉടമകള്‍ക്ക് വര്‍ധിത വോട്ടവകാശം നല്‍കുന്ന ബാങ്കിങ് നിയമഭേദഗതി റദ്ദാക്കുക, കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് രംഗം തുറന്നുകൊടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. ഡല്‍ഹിയില്‍ എസ്ബിഐ ആസ്ഥാനത്ത് നടന്ന ധര്‍ണയില്‍ നൂറുകണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ജെ പി ശര്‍മ, ഹര്‍വീന്ദര്‍സിങ്, പി കെ ശര്‍മ, കന്‍സല്‍, കെ കെ ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനത്തില്‍ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. കേരളത്തില്‍ ആറായിരത്തോളം വാണിജ്യബാങ്ക്ശാഖകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ക്ലിയറിങ് ഹൗസുകളും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാര്‍ ജില്ല-ടൗണ്‍ കേന്ദ്രങ്ങളില്‍ ജാഥകളും ധര്‍ണകളും പൊതുയോഗങ്ങളും നടത്തി. വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു. പുതുതലമുറ ബാങ്കുകള്‍, സഹകരണബാങ്കുകള്‍, കാര്‍ഷിക ബാങ്കുകള്‍ തുടങ്ങിയവമാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്.
സ്വകാര്യ പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് ഇന്ത്യയുടെ പൊതുമേഖല ബാങ്കിങ്മേഖലയെ അടിയറ വയ്ക്കുന്നതും ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമായ പരിഷ്കരണനീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. കോര്‍പറേറ്റുകള്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അന്ത്യംകുറിക്കുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ അട്ടിമറിക്കുന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍പരിഹരിക്കുക, തൊഴിലിന്റെ കരാര്‍വല്‍ക്കരണം അവസാനിപ്പിച്ച് പുതിയ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. കര്‍ണാടകത്തില്‍ അരലക്ഷത്തിലേറെ ജീവനക്കാര്‍ പങ്കാളികളായി. വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മൈസൂര്‍ബാങ്ക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ബംഗളൂരു നഗരത്തില്‍ നടന്ന റാലിയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു.
ബാങ്ക് പണിമുടക്ക് പൂര്‍ണം; എടിഎമ്മും കാലി
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് സംസ്ഥാനത്തെ വാണിജ്യ-വ്യവസായമേഖലയെയും ബാധിച്ചു. പ്രധാന നഗരങ്ങളിലുള്‍പ്പെടെ എടിഎം ശാഖകളിലെ പണവും കാലിയായി. പുതിയ ഘട്ടത്തില്‍ സമരം ഏശില്ലെന്ന ബാങ്ക് മേധാവികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് ഇതോടെ പൊളിഞ്ഞത്. സംസ്ഥാനത്തെ 6000 ബാങ്ക് ശാഖകളിലെ 40,000 ജീവനക്കാരാണ് 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുത്തത്. രാജ്യവ്യാപകമായി 10 ലക്ഷത്തോളംപേരും. സ്വീപ്പര്‍മാര്‍ മുതല്‍ അസി. ജനറല്‍ മാനേജര്‍മാര്‍വരെയുള്ളവര്‍ ഒരേ ആവശ്യത്തിനായി ഒത്തുചേര്‍ന്ന് പണിമുടക്കുന്നതും ചരിത്രത്തില്‍ ആദ്യം. പണിമുടക്കിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയും ക്ലിയറിങ് ഹൗസുകളുടെ പ്രവര്‍ത്തനങ്ങളും വിദേശനാണ്യ വിനിമയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും പൂര്‍ണമായും സ്തംഭിച്ചു.
ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും അഭൂതപൂര്‍വമായ പങ്കാളിത്തത്താല്‍ പണിമുടക്ക് പുതുചരിത്രമെഴുതിയതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ രമേഷ് പറഞ്ഞു. ബാങ്കിങ് സംഘടനാ നേതാവായ ഭരണപക്ഷ സംഘടനയായ ഐഎന്‍ടിയുസി അഖിലേന്ത്യാ ട്രഷറര്‍ കെ കെ നായരെപ്പോലുള്ളവര്‍പോലും സമരത്തെ പിന്തുണച്ചത് ഇതിന് തെളിവാണെന്നും രമേഷ് വ്യക്തമാക്കി. തിരുവനന്തപുരത്ത് ജീവനക്കാര്‍ ജാഥയും എസ്ബിടി മെയിന്‍ശാഖയ്ക്കു മുന്നില്‍ യോഗവും നടത്തി. ജാഥ വി എസ് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമാപനയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു.
ബാങ്ക് ജീവനക്കാരെ സിഐടിയു അഭിനന്ദിച്ചു
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ബാങ്കിങ് മേഖലയെയും സംരക്ഷിക്കാന്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയ ബാങ്ക് ജീവനക്കാരെ സിഐടിയു അഭിവാദ്യംചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ സമരരംഗത്തിറങ്ങിയ പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും പുതിയൊരു സമരചരിത്രമാണ് സൃഷ്ടിച്ചതെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നിയമം (ഭേദഗതി) 2011 ബാങ്ക് ദേശസാല്‍ക്കരണം തകര്‍ക്കും. ആഗോള ധനകാര്യ ഭീമന്മാര്‍ക്ക് ഇന്ത്യന്‍ ബാങ്കിങ് മേഖല വിഴുങ്ങാന്‍ ഈ നിയമനിര്‍മാണം അവസരമൊരുക്കും. ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിനും ബാങ്കിങ് ജോലി കരാര്‍വല്‍ക്കരണത്തിനുമെതിരായ പ്രതിഷേധംകൂടിയാണിത്. ബാങ്കിങ്മേഖല തകര്‍ത്ത് സമ്പദ്വ്യവസ്ഥ ദുര്‍ബലമാക്കുന്ന കേന്ദ്രനീക്കത്തിനെതിരായ ഈ പ്രതിഷേധം ദേശാഭിമാനപരമാണ്. രണ്ടാംദിവസമായ വ്യാഴാഴ്ചയും ഐക്യത്തോടെ പണിമുടക്കില്‍ അണിചേരാന്‍ ബാങ്ക് ജീവനക്കാരോടും ഓഫീസര്‍മാരോടും സിഐടിയു അഭ്യര്‍ഥിച്ചു. പത്തു ലക്ഷം പേര്‍ പങ്കെടുത്ത പ്രക്ഷോഭത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിക്കുകയും ബാങ്കിങ്-ധനകാര്യ മേഖലകളെ തകര്‍ക്കുന്ന നിയമനിര്‍മാണ ശ്രമങ്ങളില്‍നിന്ന് പിന്തിരിയുകയും വേണം- പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 240812
No comments:
Post a Comment