Friday, August 24, 2012

സമരത്തിനുശേഷം നേഴ്സുമാരുടെ അവധിയും ആനുകൂല്യവും തടയുന്നു


സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് പീഡനം ഏറുന്നു. നേഴ്സുമാര്‍ നടത്തിയ സമരത്തിനുശേഷമാണ് സ്ഥിതി കൂടുതല്‍ രൂക്ഷമായത്. നിയമപ്രകാര അവധിപോലും അനുവദിക്കാതിരിക്കുക, താമസത്തിന് പണം ഈടാക്കുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, പുതുതായി ജോലിക്കു കയറുന്നവരില്‍നിന്ന് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങുക തുടങ്ങിയവയാണ് മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നത്. അടിയന്തരാവശ്യം ഉണ്ടായാല്‍പോലും അവധി അനുവദിക്കില്ല. ഒരുദിവസം അവധിയെടുത്താല്‍ രണ്ടുദിവസത്തെ ശമ്പളം പിടിയ്ക്കും. നേഴ്സിങ് കൗണ്‍സില്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതത്തിന്റെ ഇരട്ടിയോളം രോഗികളെ നോക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. സമരത്തെത്തുടര്‍ന്ന് മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയെങ്കിലൂം വീണ്ടും രണ്ടു ഷിഫ്റ്റ് സമ്പ്രദായത്തിലേക്കു മാറാന്‍ സമ്മര്‍ദമുണ്ട്. മാനേജ്മെന്റ് ആവശ്യപ്പെടുന്ന ഏതുതരത്തിലും ജോലിചെയ്യാമെന്ന് പുതിയ ജോലിക്കാരില്‍നിന്ന് എഴുതിവാങ്ങുന്നുണ്ട്. മിനിമം വേതനം നടപ്പാക്കിയ ആശുപത്രികളില്‍ ഇപ്പോള്‍ നേഴ്സുമാരില്‍നിന്ന് ഹോസ്റ്റല്‍ ഫീസ് ഈടാക്കുന്നുണ്ട്. ഒരു മുറിയില്‍ പലപ്പോഴും അഞ്ചുപേര്‍വരെ ഞെരുങ്ങിയാണ് കഴിയുന്നത്. ഇതിന് 2000 രൂപവരെയാണ് ഫീസ് വാങ്ങുന്നത്. ക്യാന്റീനില്‍ ഭക്ഷണത്തിന് നല്‍കിയിരുന്ന കിഴിവും നിര്‍ത്തി.

ഓപ്പറേഷന്‍ തിയറ്ററുകള്‍, ഐസിയു തുടങ്ങിയ വിഭാഗങ്ങളില്‍ നേഴ്സുമാര്‍ക്ക് നല്‍കിയിരുന്ന റിസ്ക് അലവന്‍സ്, ആംബുലന്‍സില്‍ രോഗിക്കൊപ്പം പോകുന്നതിന് നല്‍കിയിരുന്ന കെയര്‍ അലവന്‍സ് എന്നിവയും നിര്‍ത്തി. ബോണ്ട് സമ്പ്രദായം മറ്റു പല പേരിലും നിലനില്‍ക്കുന്നു. പല ആശുപത്രികളും നേഴ്സുമാരില്‍നിന്ന് ചെക്ക് ഒപ്പിട്ടു വാങ്ങാന്‍ തുടങ്ങി. മാനേജ്മെന്റ് നിശ്ചയിക്കുന്ന കാലയളവിനു മുമ്പേ ജോലി അവസാനിപ്പിക്കണമെങ്കില്‍ പറയുന്ന തുക നല്‍കണം. ഇതിനുള്ള ഉറപ്പെന്ന നിലയിലാണ് ചെക്ക് വാങ്ങുന്നത്. കരാര്‍നിയമനവും വര്‍ധിച്ചു. സംഘടനാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കുമെന്നതിനാല്‍ പുരുഷ നേഴ്സുമാരെ ഇപ്പോള്‍ ജോലിക്ക് എടുക്കുന്നില്ല. ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 18 പുരുഷ നേഴ്സുമാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഇപ്പോള്‍ നേഴ്സുമാരെ പ്രതികാര മനോഭാവത്തോടെയാണ് കാണുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇത് നേഴ്സിങ്മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
(അഞ്ജുനാഥ്)

deshabhimani 240812

1 comment:

  1. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് പീഡനം ഏറുന്നു. നേഴ്സുമാര്‍ നടത്തിയ സമരത്തിനുശേഷമാണ് സ്ഥിതി കൂടുതല്‍ രൂക്ഷമായത്. നിയമപ്രകാര അവധിപോലും അനുവദിക്കാതിരിക്കുക, താമസത്തിന് പണം ഈടാക്കുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, പുതുതായി ജോലിക്കു കയറുന്നവരില്‍നിന്ന് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങുക തുടങ്ങിയവയാണ് മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നത്.

    ReplyDelete