Friday, August 24, 2012

അസം കലാപകാരിയെന്ന് ആക്ഷേപിച്ച് ബിഹാര്‍ തൊഴിലാളിക്ക് പൊലീസ് മര്‍ദനം


അസം കലാപകാരിയെന്ന് ആക്ഷേപിച്ച് അന്യസംസ്ഥാന തൊഴിലാളിയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശിയയായ സുലഭ് തൊഴിലാളി രാംസുധന്‍ ഝായെ ആണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ സജികുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. പൊലീസ് ജീപ്പിലും സ്റ്റേഷനിലും മര്‍ദ്ദനത്തിനിരയായ തൊഴിലാളിയ്ക്ക് ആറ് മണിക്കൂറോളംതുള്ളി വെള്ളംപോലും നല്‍കിയില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പൊലീസിന്റെ വക ഓണത്തല്ല്.

വര്‍ഷങ്ങളായി തലസ്ഥാനത്ത് ജോലി ചെയ്യുന്ന സുലഭ് തൊഴിലാളിയായ സുധന്‍ സിഐടിയു അംഗമാണ്. ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൊഴിലാളികള്‍ നടത്തുന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുധന്‍. കൊടിയും ബാനറുമായി മറ്റുതൊഴിലാളികളോടൊപ്പം വിജെടി ഹാളിന് സമീപത്ത് നിന്നപ്പോഴാണ് പൊലീസ് എത്തിയത്. ഉത്തരേന്ത്യക്കാര്‍ ഇവിടെ പ്രകടനം നടത്തേണ്ടെന്നും അസം കലാപവുമായി ബന്ധപ്പെട്ട് "ഇവന്റെയാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്നും" പറഞ്ഞാണ് എസ്ഐ സജികുമാര്‍ രാംസുധന്‍ ഝായെ പിടിച്ചുകൊണ്ടുപോയത്. താന്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്നയാളാണെന്നും സുലഭ് ഇന്റര്‍നാഷണല്‍ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) പ്രവര്‍ത്തകനാണെന്നും പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയതാണെന്നും രാംസുധന്‍ വ്യക്തമാക്കിയിട്ടും എസ്ഐ ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണിത് ചെയ്യുന്നതെന്ന് എസ്ഐ പൊലീസുകാരെ അറിയിച്ചു.

സിഐടിയു തൊഴിലാളികള്‍ സ്റ്റേഷനിലെത്തിയപ്പോഴും "വരത്തന്‍മാര്‍" ഇവിടെ സമരം ചെയ്യേണ്ടണ്ടെന്ന് എസ്ഐ ആവര്‍ത്തിച്ചു. അവരെ സമരത്തില്‍ പങ്കെടുപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണി മുഴക്കി. കസ്റ്റഡിയിലെടുത്ത വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ തൊഴിലാളിയെ വിട്ടയച്ച് എസ്ഐ തടിയൂരി.

വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് എന്‍ഡിഎഫ് തീവ്രവാദികളുടെ നേതൃത്വത്തില്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചതിന്റെ ചൂടാറും മുമ്പാണ് പൊലീസ് പീഡനം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴും എസ്ഐ ധിക്കാരം തുടര്‍ന്നു. "ഞാന്‍ വരത്തനല്ലെന്നും കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രായമുണ്ടെന്നു"മായിരുന്നു എസ്ഐ പ്രതികരിച്ചത്.

deshabhimani 240812

1 comment:

  1. സിഐടിയു തൊഴിലാളികള്‍ സ്റ്റേഷനിലെത്തിയപ്പോഴും "വരത്തന്‍മാര്‍" ഇവിടെ സമരം ചെയ്യേണ്ടണ്ടെന്ന് എസ്ഐ ആവര്‍ത്തിച്ചു. അവരെ സമരത്തില്‍ പങ്കെടുപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണി മുഴക്കി. കസ്റ്റഡിയിലെടുത്ത വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ തൊഴിലാളിയെ വിട്ടയച്ച് എസ്ഐ തടിയൂരി.

    വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് എന്‍ഡിഎഫ് തീവ്രവാദികളുടെ നേതൃത്വത്തില്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചതിന്റെ ചൂടാറും മുമ്പാണ് പൊലീസ് പീഡനം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴും എസ്ഐ ധിക്കാരം തുടര്‍ന്നു. "ഞാന്‍ വരത്തനല്ലെന്നും കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രായമുണ്ടെന്നു"മായിരുന്നു എസ്ഐ പ്രതികരിച്ചത്.

    ReplyDelete