Sunday, August 12, 2012

ചട്ടം ലംഘിച്ച് വിദേശപണം കൈപ്പറ്റല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ എറണാകുളത്ത്


ചട്ടം ലംഘിച്ച് വിദേശപണം കൈപ്പറ്റിയതിന് അംഗീകാരം നഷ്ടമായ സംഘടനകളില്‍ ഏറെയും അഗതികളെ രക്ഷിക്കാനും ആദിവാസിക്ഷേമത്തിനും എന്നപേരില്‍ സ്ഥാപിച്ചവ. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും മത്സ്യത്തൊഴിലാളികളുടെയും പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെയും വികസനത്തിനും കാന്‍സര്‍ പോലെ മാരകരോഗം ബാധിച്ചവരുടെ ചികിത്സയ്ക്കുമൊക്കെ എന്നപേരില്‍ സ്ഥാപിച്ച സന്നദ്ധസംഘടനകളും ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ അംഗീകാരം നഷ്ടപ്പെട്ട 450 സന്നദ്ധസംഘടനകളില്‍ 93 ഉം എറണാകുളം ജില്ലയിലാണ്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലെയും സംഘടനകള്‍ക്ക്അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ 63 വീതം സന്നദ്ധ സംഘടനകള്‍ക്കാണ് അംഗീകാരം പോയത്.

വിദേശ സാമ്പത്തിക സംഭാവനച്ചട്ടം ലംഘിച്ച് കോടികളുടെ വിദേശപണം കൈപ്പറ്റിയതിന് കേരളത്തിലെ 450 ഉള്‍പ്പെടെ രാജ്യത്തെ 4139 സന്നദ്ധസംഘടനകളുടെ അംഗീകാരം വിദേശ സാമ്പത്തികസഹായ (റെഗുലേഷന്‍) നിയമ (എഫ്സിആര്‍എ) പ്രകാരം ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു. ഒരുകോടിക്കുമുകളില്‍ സംഭാവന കൈപ്പറ്റിയവരുടെയും കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാതിരുന്ന സംഘടനകളുടെയും പട്ടിക ഇതോടൊപ്പം എഫ്സിആര്‍എ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍, മണിക്കൂറുകള്‍ക്കകം അംഗീകാരം പോയ സംഘടനകളുടെ പേരും വിലാസവും ഉള്‍പ്പെട്ട പട്ടിക വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി. പ്രമുഖ മതസ്ഥാപനങ്ങള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് അംഗീകാരം പോയതില്‍ ഏറെയും.

എറണാകളം ജില്ലയില്‍ അംഗീകാരം റദ്ദായ സംഘടനകളുടെ പട്ടികയില്‍ ക്യാന്‍സര്‍ റിലീഫ് സെന്റര്‍, ഗാന്ധിയന്‍ സര്‍വീസ് സെന്റര്‍, കൊച്ചിന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍, കമ്യൂണിറ്റി റിസര്‍ച്ച് ട്രെയ്നിങ്ങ് ആന്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് തുടങ്ങിയ കടലാസ് സംഘടനകള്‍ ഏറെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്മെന്റ്, കേരള ട്രൈബല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍, ഡെവലപ്മെന്റ് പ്രോഗ്രാം ഫോര്‍ ഇന്‍ലന്‍ഡ് ഫിഷര്‍മെന്‍ കമ്യൂണിറ്റി (തിരുവനന്തപുരം), കോഴിക്കോട് എഡ്യുക്കേഷന്‍ സൊസൈറ്റി (കോഴിക്കോട്), ഹോം ഓഫ് പീസ് ഫോര്‍ ട്രൈബ്സ് (വയനാട്), ദി ട്രൈബല്‍ റീ കണ്‍സ്ട്രക്ഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഇടുക്കി), റീജണല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റി (തൃശൂര്‍) എന്നിവയെല്ലാം ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ച കൂട്ടത്തിലുണ്ട്. അംഗീകാരം നഷ്ടമായതില്‍ അറുപതോളം സന്നദ്ധപ്രവര്‍ത്തനരംഗത്തുള്ള മതസംഘടനകളാണ്. മഠങ്ങളും അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഇതില്‍പ്പെടും. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഗോത്രവിഭാഗങ്ങളുടെ പേരില്‍ വിദേശ പണം കൈപ്പറ്റിയിരുന്ന സ്ഥാപനങ്ങളാണ് അധികവും. ആലപ്പുഴ-30, വയനാട്-36, പത്തനംതിട്ട-25, കോട്ടയം-31, കണ്ണൂര്‍-32, മലപ്പുറം-12, പാലക്കാട്-14, കോഴിക്കോട്-11, ഇടുക്കി-7, കൊല്ലം-7 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ അംഗീകാരം പോയ സംഘടനകളുടെ എണ്ണം. വ്യക്തമായ മേല്‍വിലാസമില്ലാത്ത ഇരുപതോളം സ്ഥാപനങ്ങളും പട്ടികയിലുണ്ട്.

deshabhimani 120812

1 comment:

  1. ചട്ടം ലംഘിച്ച് വിദേശപണം കൈപ്പറ്റിയതിന് അംഗീകാരം നഷ്ടമായ സംഘടനകളില്‍ ഏറെയും അഗതികളെ രക്ഷിക്കാനും ആദിവാസിക്ഷേമത്തിനും എന്നപേരില്‍ സ്ഥാപിച്ചവ. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും മത്സ്യത്തൊഴിലാളികളുടെയും പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെയും വികസനത്തിനും കാന്‍സര്‍ പോലെ മാരകരോഗം ബാധിച്ചവരുടെ ചികിത്സയ്ക്കുമൊക്കെ എന്നപേരില്‍ സ്ഥാപിച്ച സന്നദ്ധസംഘടനകളും ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ അംഗീകാരം നഷ്ടപ്പെട്ട 450 സന്നദ്ധസംഘടനകളില്‍ 93 ഉം എറണാകുളം ജില്ലയിലാണ്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലെയും സംഘടനകള്‍ക്ക്അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ 63 വീതം സന്നദ്ധ സംഘടനകള്‍ക്കാണ് അംഗീകാരം പോയത്.

    ReplyDelete