Saturday, August 11, 2012

കോലീബി ആക്രമണങ്ങള്‍ തുടര്‍കഥ


ലീഗ്-എംഎസ്എഫ് അക്രമണം: നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബത്തേരി: ലീഗ്-എംഎസ്എഫ് അക്രമണത്തില്‍ ബത്തേരിയില്‍ നാല്എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ബത്തേരി സഹകരണ കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളായ എസ് എ സൂരജ് (20), എം എസ് സജിത്കുമാര്‍ (20), അഖിലേഷ് (21), വിനേഷ്(20) എന്നിവരെയാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജിന് മുന്നിലും പിന്നീട് താലുക്ക് ആശുപത്രിക്കുള്ളിലും വെച്ചാണ് മുപ്പതോളം പേരടങ്ങിയ സംഘം ഇവരെ ആക്രമിച്ചത്. കോളേജ് പരിസരത്ത് ഒട്ടിച്ച എസ്എഫ്ഐ പോസ്റ്ററിന് മുകളില്‍ എംഎസ്എഫുകാര്‍ പോസ്റ്റര്‍ ഒട്ടിച്ച് ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.

പുറത്തുനിന്നെത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകരും കോളേജിലെ ചില എംഎസ്എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് കോളേജിന് മുന്നില്‍ നിന്ന് സജിത്കുമാറിനെ കത്തി, കമ്പിവടി തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സജിത്ത്കുമാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ് കാറിലും ബൈക്കിലും എത്തിയ ലീഗുകാര്‍ ആശുപത്രിക്കുള്ളിലും പുറത്തുംവെച്ച് സൂരജിനെയും അഖിലേഷിനെയും വിനേഷിനെയും അക്രമിച്ചത്. തലക്കും മുഖത്തും കൈകാലുകള്‍ക്കുമാണ് നാല്പേര്‍ക്കും പരിക്ക്. വിനേഷ് എസ്എഫ്ഐ ഏരിയാ വൈസ് പ്രസിഡന്റും മറ്റുള്ളവര്‍ യൂണിറ്റ് ഭാരവാഹികളുമാണ്. സംഭവത്തില്‍ ബത്തേരിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. സിപിഐ എഎമ്മിന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തി.

കല്‍പ്പറ്റ ഗവ. കോളേജിലും എംഎസ്എഫ് അക്രമം

കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ. കോളേജിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എംഎസ്എഫ് അക്രമം. പരിക്കേറ്റ രണ്ടുപേരെ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംഎസ്എഫുകാര്‍ അക്രമം അഴിച്ചുവിടുകയാണ്. രണ്ട് ദിവസം മുമ്പ് എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ എംഎസ്എഫുകാര്‍ കത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചത്തെയും അക്രമം. വടികളുമായി ഏറെ നേരം കാമ്പസില്‍ അക്രമികള്‍ ഭീകാരന്തരീക്ഷം സൃഷ്ടിച്ചു.

ലീഗുകാര്‍ അക്രമം നിര്‍ത്തണം: സിപിഐ എം

ബത്തേരി: ലീഗ്-ഗുണ്ടകളുടെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഐ എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. അധികാരത്തിന്റെ ധിക്കാരത്തില്‍ ക്യാമ്പസുകളില്‍ ഉള്‍പ്പെടെ യൂത്ത്ലീഗുകാര്‍ കടന്നുകയറി പിഞ്ചു കുട്ടികളെ വധിക്കുന്നതിനുള്ള ശ്രമമാണ് ബത്തേരി കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്നത്. ഒരു കാരണവുമില്ലാതെ നടത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കും. കലാലയങ്ങളില്‍ പുത്തുനിന്നും ആളുകളെ ഇറക്കി കലാലയന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലീഗിന്റെ നേതൃത്വത്തിലും അറിവോടെയും നടക്കുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിക്കണമെന്ന് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.

ക്രിമിനലുകളെ നിലക്കുനിര്‍ത്തണം: എസ്എഫ്ഐ

കല്‍പ്പറ്റ: ജില്ലയില്‍ വ്യാപകമായ അക്രമം നടത്തുന്ന എംഎസ്എഫ് ക്രിമിനലുകളെ നിലക്ക്നിര്‍ത്താന്‍ പൊലീസ്തയ്യാറാകണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജില്ലയിലുടനീളം വ്യാപകമായ ആക്രമണങ്ങളാണ് എംഎസ്എഫ് അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഈ അഴിഞ്ഞാട്ടത്തെ ജില്ലയിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിയും. ബത്തേരി കോ ഓപ്പറേറ്റീവ് കോളേജില്‍ എംഎസ്എഫ് നടത്തിയ അക്രമണത്തില്‍ മാരകമായി പരിക്കേറ്റ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും കല്‍പ്പറ്റ ഗവ. കോളേജിലെ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരും ആശുപത്രികളില്‍ചികിത്സയിലാണ്. രണ്ട് സംഭവങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

എംഎല്‍എ ഇടപെട്ടു: നവാഗതരെ വരവേല്‍ക്കാന്‍ എസ്എഫ്ഐക്ക് വിലക്ക്

കാസര്‍കോട്: ഗവ. കോളേജില്‍ നവാഗതര്‍ക്കായുള്ള സ്വീകരണ പരിപാടി നടത്താന്‍ എസ്എഫ്ഐക്ക് വിലക്ക്. എംഎസ്എഫ്, എബിവിപി സംഘടനകളും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ചേര്‍ന്നാണ് വെല്‍ക്കം പാര്‍ട്ടി പൊളിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പരിപാടി നടത്താനാണ് എസ്എഫ്ഐ യൂണിറ്റ് തീരുമാനിച്ചിരുന്നത്. ഇതിനായി പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ സമ്മതം നല്‍കിയിരുന്നു. പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് എംഎസ്എഫുകാരുടെ ആവശ്യപ്രകാരം സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് കോളേജിലെത്തുകയും പ്രിന്‍സിപ്പലിനെ കണ്ട് പാര്‍ടി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. എംഎല്‍എയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതിനുസരിച്ച് യൂണിറ്റ് ഭാരവാഹികള്‍ പരിപാടി നടത്തി.

ഇതിനിടയില്‍ എബിവിപിക്കാര്‍ പരിപാടി അലങ്കോലപ്പെടുത്തി വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശി. കോളേജുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന എംഎസ്എഫ് സംഘത്തിനെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ പിന്തിരിയണമെന്നും എസ്എഫ്ഐ കാസര്‍കോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

സിപിഐ എം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ആക്രമിച്ചു

കാസര്‍കോട്: സിപിഐ എം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ആക്രമിച്ചു. കാവുഗോളി ബ്രാഞ്ചംഗങ്ങളായ ജീവന്‍ (36), ഗണേശ (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി കാവുഗോളിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും അഞ്ചംഗ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാഗിംഗ്: നടപടിയെടുക്കണം എസ്എഫ്ഐ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഇഗ്നോ കമ്യൂണിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത് മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒന്നാംവര്‍ഷ അസോഷ്യേറ്റ് ഡിഗ്രി പ്രോഗ്രാം വിദ്യാര്‍ഥിനിയെയാണ് ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം കടുത്ത റാഗിങ്ങിന് വിധേയമാക്കിയത്. മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ അവിടെയെത്തിയും ഭീഷണിപ്പെടുത്തിയിരുന്നു.

കെഎസ്യു അക്രമം; വിദ്യാര്‍ഥിനിക്ക് പരിക്ക്

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. മൂന്നാം സെമസ്റ്റര്‍ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ സിന്ദിയക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപകനെ കൈയേറ്റം ചെയ്ത കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കെഎസ്യു നേതാവുമായ വിപിനെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വ്യാഴാഴ്ച രാവിലെ വിപിനിന്റെ നേതൃത്വത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ കോളേജിനുനേരെയും വിദ്യാര്‍ഥിനികള്‍ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിലാണ് സിന്ദിയക്ക് പരിക്കേറ്റത്. ഗുരുവായൂരപ്പന്‍കോളേജില്‍ കെഎസ്യു നടത്തുന്ന ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിക്കു നേരെയും കോളേജിനു നേരെയും കെഎസ്യു നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ വെള്ളിയാഴ്ച ക്യാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും.

എടക്കരയിലെ അക്രമം: പ്രതികളെ പിടികൂടണം: ഡിവൈഎഫ്ഐ

മലപ്പുറം: എടക്കരയില്‍ കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘം ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച് വാഹനങ്ങള്‍ കത്തിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഡിവൈഎഫ്ഐ എടക്കര പഞ്ചായത്ത് കമ്മറ്റിയംഗവും എസ്എഫ്ഐ എടക്കര ഏരിയാ കമ്മറ്റിയംഗവുമായ എന്‍ ടി റിന്‍ഷാദിന്റെ ബൈക്ക് ക്വട്ടേഷന്‍ സംഘം കത്തിച്ചത്. ഇതേ സംഘം ബുധനാഴ്ച പുലര്‍ച്ചെ ഡിവൈഎഫ്ഐ ചുങ്കത്തറ പഞ്ചായത്ത് കമ്മറ്റിയംഗവും, എസ്എഫ്ഐ എടക്കര ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സി അര്‍ഷാദിന്റെ കാറും കത്തിച്ചു. യുഡിഎഫ് ഭരണത്തിന്റെ തണലില്‍ ക്രിമനല്‍ ക്വട്ടേഷന്‍ സംഘം വിലസുകയാണ്. വീട്ടുകാര്‍ ഉറങ്ങി ക്കിടക്കുന്ന സമയം നോക്കിയാണ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘമെത്തി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയുടെ സംരക്ഷകരായി രൂപപ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് പ്രദേശത്ത് ഭീതിപരത്തി വാഹനങ്ങള്‍ കത്തിക്കുന്നത്. പൊലീസ് അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവണം. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന്റെ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ പ്രസിഡന്റ് പി കെ അബ്ദുള്ള നവാസ് അധ്യക്ഷനായി. സെക്രട്ടറി ടി സത്യന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ഖലിമുദ്ദീന്‍, വി ജ്യോതിഷ്, എം വി വിജേഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani news

1 comment:

  1. കോലീബി ആക്രമണങ്ങള്‍ തുടര്‍കഥ

    ReplyDelete