Saturday, August 11, 2012

കള്ളപ്പണം: കേന്ദ്രം വസ്തുതാപത്രം പുറത്തിറക്കി


കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വസ്തുതാപത്രം പുറത്തിറക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഏജന്‍സികളുടെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണെന്ന് ധനമന്ത്രാലയം പറഞ്ഞു. കള്ളപ്പണവിഷയത്തില്‍ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ധവളപത്രം പുറത്തിറക്കിയിരുന്നു. അവിഹിത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 43,265 രേഖ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവ പരിശോധിച്ചു വരികയാണ്. വ്യത്യസ്ത രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ സ്വന്തമാക്കിയിട്ടുള്ള സ്വത്തുവകകളെ സംബന്ധിച്ച പന്ത്രണ്ടായിരത്തിലേറെ രേഖകള്‍ പരിശോധിക്കുകയാണ്. സംശയകരമായ ഇടപാടുകളെ സംബന്ധിച്ച് ധനകാര്യ ഇന്റലിജന്‍സ് 30,765 രേഖ പിടിച്ചെടുത്തിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്വത്തിനത്തില്‍ ഇതിനകം 49,325 കോടി രൂപയുടെ സ്വത്ത് തിട്ടപ്പെടുത്തി. വിദേശ ഇടപാടിന്റെ ഭാഗമായി 600 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്നും വസ്തുതാപത്രത്തില്‍ പറയുന്നു.

വെളിപ്പെടുത്താത്ത 32,000 കോടി രൂപ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തിട്ടപ്പെടുത്തി. 2,600 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ പിടിച്ചെടുത്തു. ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ അനുസരിച്ച് ജര്‍മനിയില്‍നിന്നും ഫ്രാന്‍സില്‍നിന്നും ലഭിച്ച വിവരങ്ങള്‍പ്രകാരമാണ് 200 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് ഡല്‍ഹിയില്‍ വ്യാഴാഴ്ച വീണ്ടും സമരമാരംഭിച്ച രാംദേവ് ആവശ്യപ്പെട്ടു. ലോക്പാല്‍, തെരഞ്ഞെടുപ്പ് കമീഷണറുടെ തെരഞ്ഞെടുപ്പിനു സ്വതന്ത്ര സംവിധാനം തുടങ്ങിയ ആവശ്യങ്ങളും രാംദേവ് ഉന്നയിക്കുന്നു.

deshabhimani 110812

No comments:

Post a Comment