Wednesday, August 22, 2012

ഹസ്സന്‍ ദേശാടന പക്ഷിയെപ്പോലെ: എംഎല്‍എമാര്‍


കോണ്‍ഗ്രസുകാര്‍ നിലനിര്‍ത്തിയിരുന്ന നിയോജകമണ്ഡലങ്ങളിലേക്ക് ദേശാടനപക്ഷിയെപോലെ ആര്‍ത്തിപൂണ്ട് പറന്നിറങ്ങി പിന്നീടത് ഒരിക്കലും യുഡിഎഫ് ജയിക്കാത്ത മണ്ഡലമാക്കി മാറ്റിയത് ഹസ്സനാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും പത്രക്കുറിപ്പില്‍ പറഞ്ഞു.

ആര്‍ത്തി രാഷ്ട്രീയക്കാര്‍ എന്ന് എം എം ഹസ്സന്‍ ഞങ്ങളെ പരിഹസിക്കുമ്പോള്‍ അദ്ദേഹം ഇക്കാര്യം വിസ്മരിച്ചു. ഹസ്സനെ ഞങ്ങള്‍ക്കുവേണ്ടായെന്ന് എല്ലാ മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പറഞ്ഞത് എന്തുകൊണ്ടാണ്. ഞങ്ങള്‍ കഠിനാധ്വാനംചെയ്ത് ജയിക്കുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം കൂട്ടുകയുംചെയ്തു. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയും. തമിഴ്നാടിനുവേണ്ടി നെല്ലിയാമ്പതിയെ വനഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന പി സി ജോര്‍ജിന്റെ ആരോപണം അബദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്.

പറമ്പിക്കുളം കടുവാ സങ്കേതം കേരളത്തിന്റേതാണ്. 2009ലാണ് ഇത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനായി നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിക്കുവേണ്ടി 274 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പറമ്പിക്കുളത്ത് 37 കടുവകളുണ്ടെന്നും ഓരോ കടുവയ്ക്കും 10 ചതുരശ്ര കിലോമീറ്ററെങ്കിലും ആവാസസ്ഥലം വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇതനുസരിച്ച് വാഴച്ചാല്‍, ചാലക്കുടി, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകളില്‍നിന്ന് 145.96 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കൂട്ടിച്ചേര്‍ത്ത് മൊത്തം 390.89 ചതുരശ്ര കിലോമീറ്ററായി വിസ്തൃതി വര്‍ധിപ്പിച്ചു. കടുവാ സങ്കേതത്തിനു ബഫര്‍സോണ്‍ വേണമെന്ന് അതോറിറ്റി വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് ചെറുനെല്ലി ഉള്‍പ്പെടെയുള്ള 252.77 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍സോണാക്കി മാറ്റുകയായിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ രാഷ്ട്രീയക്കാരും സിനിമാക്കാരും തമിഴ്നാടിനുവേണ്ടി വനമുണ്ടാക്കുന്നു എന്ന ആരോപണം ആര്‍ക്കെതിരെ എന്തും പറയാമെന്ന ധിക്കാരമാണെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ആര്‍ത്തി രാഷ്ട്രീയം: ഹസ്സന്റെ അഭിപ്രായം ചെന്നിത്തല തള്ളി

ന്യൂഡല്‍ഹി: ഹരിതരാഷ്ട്രീയക്കാരുടേത് ആര്‍ത്തിരാഷ്ട്രീയമാണെന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ അഭിപ്രായത്തെ കെപിസിസി പ്രസിഡന്റ് തള്ളി. ഹസ്സന്റെ അഭിപ്രായം കെപിസിസിയുടേതല്ലെന്ന് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹസ്സന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദേശം എല്ലാവര്‍ക്കും ബാധകമാണ്. നെല്ലിയാമ്പതി പ്രശ്നം സംബന്ധിച്ച് ഇന്നുള്ള തര്‍ക്കം എല്ലാവരുമായി സംസാരിച്ച് പരിഹരിക്കും. മുഖ്യമന്ത്രി പി സി ജോര്‍ജുമായും യുഡിഎഫുമായും സംസാരിക്കും. കെപിസിസി പുനഃസംഘടന വൈകാതെ നടക്കുമെന്ന് ചെന്നിത്തല ചോദ്യത്തിന് മറുപടി നല്‍കി. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കും. വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ലെന്നും എല്ലാ വിഭാഗക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കെപിസിസിയിലെയും ഡിസിസിയിലെയും എല്ലാ ഭാരവാഹികളെയും മാറ്റുന്നത് തുഗ്ലക് പരിഷ്കാരമാകും. മുമ്പ് എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റിയിട്ടുണ്ട്. വളരെ വൈകാതെ തന്നെ അവരില്‍ പകുതി പേരെയും വീണ്ടും ഭാരവാഹികളാക്കി. പുനഃസംഘടന സംബന്ധിച്ച് ഓരോരുത്തരും അവരവരുടെ ആഗ്രഹപ്രകടനങ്ങള്‍ നടത്തുകയാണ്. അതെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നുവെന്ന് രവി പറഞ്ഞു.

പണം കൈപ്പറ്റിയവരുടെ പേര് വെളിപ്പെടുത്തണം: പ്രേമചന്ദ്രന്‍

പത്തനംതിട്ട: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ പണം കൈപ്പറ്റിയവരുടെ പേരുകള്‍ പി സി ജോര്‍ജ് വെളിപ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ഭരണകര്‍ത്താക്കളും സിനിമാക്കാരും വരെ പണം കൈപ്പറ്റുന്നെന്നാണ് ജോര്‍ജിന്റെ ആരോപണം. മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരിക്കൊണ്ട സമയത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തമിഴ്നാടിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തില്‍ റവന്യു വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും എജിയുടെ വാദങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവനകളും ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവമര്‍ഹിക്കുന്നു- പ്രേമചന്ദ്രന്‍ പറഞ്ഞു.

പൊലീസ് അന്വേഷണം അപര്യാപ്തം: മന്ത്രി

നെല്ലിയാമ്പതിമേഖലയില്‍ പാട്ടത്തിനെടുത്ത വനഭൂമിയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍കേസുകളില്‍ സംസ്ഥാന പൊലീസിന്റെ ഏതെങ്കിലും ഏജന്‍സിയുടെ അന്വേഷണം അപര്യാപ്തമാകുമെന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മന്ത്രി ഗണേശ്കുമാര്‍ ആവര്‍ത്തിച്ചു. വ്യാജരേഖകള്‍ ചമച്ച് ദേശസാല്‍ക്കൃത ബാങ്കുകളിലും കേന്ദ്ര ധനകാര്യസ്ഥാപനങ്ങളിലും ഉള്‍പ്പെടെ പണയപ്പെടുത്തിയത് സംബന്ധിച്ച് വനംവകുപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ക്രിമിനല്‍കേസ് എടുത്തത്. വനഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടതും കോടതി നടപടികളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 220812

No comments:

Post a Comment