Wednesday, August 22, 2012
പ്രധാനമന്ത്രിയുടെ രാജിതേടി പാര്‍ലമെന്റില്‍ പ്രതിഷേധം
കല്‍ക്കരിപ്പാടം അനുവദിച്ചതിലെയും വിമാനത്താവള നവീകരണത്തിലെയും ക്രമക്കേടുകള്‍ സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച പിരിഞ്ഞു.
2ജി സ്പെക്ട്രം അഴിമതിക്ക് ശേഷമുള്ള കടുത്ത പ്രതിസന്ധിയാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നേരിടുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ലേലംകൂടാതെ സ്വകാര്യമേഖലയ്ക്ക് നല്‍കിയതുവഴി കേന്ദ്രഖജനാവിന് 1.86 ലക്ഷം കോടി നഷ്ടം വരുത്തിയെന്നു വെളിപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പാര്‍ലമെന്റില്‍ വച്ചത്. റിലയന്‍സ് പവറിന് കൂടുതലായി മൂന്ന് കല്‍ക്കരിപ്പാടം നല്‍കുക വഴി അവര്‍ക്ക് 29033 കോടി രൂപയുടെ അനധികൃത ലാഭം നേടിക്കൊടുത്തുവെന്നും സിഎജി വ്യക്തമാക്കിയിരുന്നു. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന ആദ്യദിവസമായ ചൊവ്വാഴ്ച ലോക്സഭ സമ്മേളിച്ച ഉടന്‍ തന്നെ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലേക്ക് ഇറങ്ങി. ഇടതുപക്ഷവും എഐഎഡിഎംകെയും ബിജെഡിയും മറ്റും കല്‍ക്കരി അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ടു. ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നതിനെക്കുറിച്ച് സഭയുടെ ശ്രദ്ധക്ഷണിക്കാന്‍ ഡിഎംകെ ശ്രമിച്ചതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി. തുടര്‍ന്ന് സ്പീക്കര്‍ മീരാകുമാര്‍ ഉച്ചയ്ക്ക് 12 വരെ ലോക്സഭ നിര്‍ത്തിവച്ചു.
12ന് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. സഭാനേതാവ് കൂടിയായ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ തുടര്‍ന്നു. ഈ ഘട്ടത്തില്‍ സഭ ബുധനാഴ്ച ചേരാന്‍ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. രാജ്യസഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് നടുത്തളത്തിലേക്ക് നീങ്ങി. സമാജ്വാദി പാര്‍ടിയാകട്ടെ വിലക്കയറ്റം സ്വാഗതം ചെയ്തുകൊണ്ട് ഉരുക്കു മന്ത്രി ബേനിപ്രസാദ് വര്‍മ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ചെയര്‍മാന്‍ മുഹമ്മദ് ഹാമിദ് അന്‍സാരി സഭ 12 വരെ നിര്‍ത്തിവച്ചു. 12 ന് ചേര്‍ന്നയുടന്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി കോണ്‍ഗ്രസ് അംഗം പി ജെ കുര്യനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷപദവിയിലേക്ക് പി ജെ കുര്യന്‍ കയറിയിരുന്ന ഉടന്‍തന്നെ പ്രതിപക്ഷം സിഎജി വിഷയം ഉയര്‍ത്തി. തുടര്‍ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് ചേരാന്‍ പിരിഞ്ഞു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്റ്ിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
deshabhimani 220812
Labels:
അഴിമതി,
കല്‍ക്കരി ലേല ഇടപാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment