Wednesday, August 22, 2012

ബംഗാളില്‍ കാര്‍ഷികമേഖല വന്‍ തകര്‍ച്ചയില്‍


പശ്ചിമബംഗാളില്‍ ഭക്ഷ്യോല്‍പ്പാദനത്തെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുംവിധം കാര്‍ഷികമേഖല വന്‍തകര്‍ച്ചയിലേക്ക്. സാധാരണ കൂടുതല്‍ വിളവെടുപ്പ് നടക്കുന്ന ജൂണ്‍, ആഗസ്ത് മാസങ്ങളിലെ അമന്‍ സീസണുമുമ്പത്തെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എട്ടു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ കൃഷിയിറക്കാന്‍ കഴിഞ്ഞിട്ടില്ല. അമന്‍, ബോറോ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ പ്രധാനമായും കൃഷി നടത്തുന്നത്. അമന്‍ സീസണില്‍ ആഗസ്ത് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എട്ടുലക്ഷം ഹെക്ടറില്‍ കൃഷി മുടങ്ങിയത് നെല്ലുല്‍പ്പാദനത്തില്‍ കുറഞ്ഞത് 20 ലക്ഷം ടണ്ണിന്റെ കുറവുണ്ടാക്കും. 42,19,000 ഹെക്ടര്‍ സ്ഥലത്ത് അമന്‍ കൃഷി ഇറക്കുമെന്നായിരുന്നു കൃഷിമന്ത്രി രബീന്ദ്രനാഥ് ഭട്ടാചര്യ പ്രഖ്യാപിച്ചത്. ആഗസ്ത് 20ന് നല്‍കിയ കണക്കനുസരിച്ച് 34 ലക്ഷം ഹെക്ടറില്‍ താഴെ മാത്രമേ കൃഷി നടന്നുള്ളൂ. വര്‍ഷങ്ങളായി ഭക്ഷ്യധാന്യം അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ബംഗാളിന് ഇറക്കുമതിയെ ആശ്രയിക്കേണ്ട സ്ഥിതി ഉറപ്പായിരിക്കുന്നു. കഴിഞ്ഞ ബോറോ സീസണില്‍ 20 ശതമാനത്തോളം ഉല്‍പ്പാദനം കുറഞ്ഞിരുന്നു.

സഹകരണ ബാങ്കുകള്‍, ഭൂപണയ ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ വഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് മമത സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിത്ത്, വളം, ഡീസല്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. വായ്പയ്ക്ക് സ്വകാര്യ പണമിടപാടുകാരെയാണ് കര്‍ഷകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. അവസരം മുതലെടുത്ത് അവര്‍ കൃഷിക്കാരില്‍നിന്നും കൊള്ള പലിശ ഈടാക്കുകയും ചെയ്യുന്നു. കൃഷിക്കാരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് ന്യായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത് മുടങ്ങിയതോടെ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നം ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടിവരുന്നത് ദുരിതം ഇരട്ടിയാക്കി. സ്വകാര്യപണമിടപാടുകാരില്‍നിന്ന് വാങ്ങിയ കടം തിരിച്ചുനല്‍കാനുള്ള വകപോലും വിളവ് മതിയാകില്ലയെന്നതിനാല്‍ നല്ലൊരു ഭാഗം കൃഷിക്കാര്‍ കാര്‍ഷികരംഗത്തുനിന്ന് അകന്നുനില്‍ക്കുന്നു. ഇതോടെ കര്‍ഷകത്തൊഴിലാളികള്‍ക്കും തൊഴിലില്ലാതെയായി. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാല് ഇടതുകര്‍ഷക സംഘടനാ പ്രതിനിധികള്‍ സംസ്ഥാന കൃഷിമന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭാ സംസ്ഥാന സെക്രട്ടറി നൃപന്‍ ചൗധരി അറിയിച്ചു.
(ഗോപി)

deshabhimani 220812

No comments:

Post a Comment