Friday, August 10, 2012
യുവതികളുടെ മരണങ്ങളില്‍ കുരുങ്ങി ഹരിയാനയിലെ കോണ്‍ഗ്രസ്
ഉന്നതരുമായുള്ള ബന്ധത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച രണ്ട് സ്ത്രീകളുടെ ദുരൂഹമായ ആത്മഹത്യകള്‍ ഹരിയാനരാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നു. ഗീതിക ശര്‍മ, ഫിസ മുഹമ്മദ് എന്നിവരുടെ ആത്മഹത്യകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റില്‍ ഉലയുകയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്ത് വേരുറച്ച അനധികൃത സാമ്പത്തിക ഇടപാടുകളിലേക്കും രാഷ്ട്രീയ ജീര്‍ണതയിലേക്കും വെളിച്ചംവീശുന്ന ഈ സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഹരിയാനയുടെ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ആഭ്യന്തരസഹമന്ത്രിയും. ഗീതിക ശര്‍മ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുടെ അനുചരനായ ഗോപാല്‍ ഗോയല്‍ കന്ദയ്ക്ക് ആഭ്യന്തര സഹമന്ത്രിപദം ഒഴിയേണ്ടിവന്നു. അന്വേഷണം സുഗമമാക്കാനാണ് താന്‍ രാജിവച്ചതെന്ന് വിശദീകരിച്ച മന്ത്രി ഒളിവിലാണ്. മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ ഭാര്യയായിരുന്ന അനുരാധ ബാലിയെന്ന ഫിസ മുഹമ്മദിന്റെ മരണം ഉയര്‍ത്തിവിട്ട അലയൊലികള്‍ അടങ്ങുംമുമ്പാണ് പുതിയ വിവാദം.
ഹരിയാന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ഭജന്‍ലാലിന്റെ മകനാണ് ചന്ദര്‍മോഹന്‍. കന്ദയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സ് വിമാനക്കമ്പനിയില്‍ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ. കമ്പനി പൂട്ടിയതോടെ ഗീതിക എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ചേരാന്‍ തീരുമാനിച്ചു. ഈ കൂടുമാറ്റം ഗോയല്‍ കന്ദയെ പ്രകോപിപ്പിച്ചു. തുടര്‍ന്നുണ്ടായ ഭീഷണികളാണ് ഗീതികയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി നേതാവുമായ ഓംപ്രകാശ് ചൗതാലയുടെ കുടുംബത്തിന്റെ വിശ്വസ്തനായാണ് കന്ദ "പൊതുപ്രവര്‍ത്തനം" തുടങ്ങിയത്. പിന്നീട് ചൗതാല കുടുംബവുമായി അകന്ന്് ഗുഡ്ഗാവിലേക്ക് മാറി. ഹരിയാന നഗരവികസനവകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധംസ്ഥാപിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ കന്ദയ്ക്ക് നേതാക്കളും ബോളിവുഡ് താരങ്ങളും ആത്മീയവ്യവസായികളും സുഹൃത്തുക്കളായി. 2007ല്‍ എംഡിഎല്‍ആര്‍ എന്ന വിമാനക്കമ്പനി തുടങ്ങി. ഹരിയാന ടുഡേ എന്ന ചാനലും ഹിമാചല്‍പ്രദേശില്‍ ഒരു സര്‍വകലാശാലയും കന്ദയ്ക്ക് സ്വന്തം. സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ കന്ദ അനായാസം മന്ത്രിയുമായി. രാഷ്ട്രീയവും അവിഹിത ഇടപാടുകളും ഇഴചേര്‍ന്ന പൊതുജീവിതത്തിനുശേഷം കന്ദ ഇപ്പോള്‍ ഒളിവിലാണ്.
മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ മുന്‍ ഭാര്യ ഫിസയുടെ മൃതദേഹം തിങ്കളാഴ്ചയാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. വീടിന്റെ ഗേറ്റ് ഉള്ളില്‍നിന്ന് അടച്ചിരുന്നില്ല. ഫിസയുടേത് ആത്മഹത്യതന്നെയാണോ എന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ല. 2009ലാണ് ചന്ദര്‍മോഹന്‍ അനുരാധ ബാലി എന്ന ഫിസയെ വിവാഹം കഴിച്ചത്. അസി. അഡ്വക്കറ്റ് ജനറലായിരുന്ന അനുരാധയെ വിവാഹം കഴിക്കാന്‍ ചന്ദര്‍മോഹന്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. 40 ദിവസത്തിനുശേഷം അച്ഛന്‍ ഭജന്‍ലാലിന്റെ ഉപദേശമനുസരിച്ച് ചന്ദര്‍മോഹന്‍, ഫിസയെ ഉപേക്ഷിച്ചു. കോണ്‍ഗ്രസ് വിട്ട് ഭജന്‍ലാല്‍ രൂപീകരിച്ച ഹരിയാന ജനഹിത് കോണ്‍ഗ്രസ് പാര്‍ടിയുടെ നേതാവാണ് ചന്ദര്‍മോഹനിപ്പോള്‍. വിവാഹമോചനത്തിനുശേഷം ഫിസയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ചന്ദര്‍ പറയുന്നു. രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഫിസ വെളിപ്പെടുത്തിയിരുന്നു. ചന്ദറിനെതിരെ മത്സരിക്കുകയായിരുന്നു ലക്ഷ്യമെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ഫിസയുടെ മരണം വരുംനാളുകളില്‍ സംസ്ഥാനത്ത് അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ്.
(പി വി അഭിജിത്)
deshabhimani 100812
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
ഉന്നതരുമായുള്ള ബന്ധത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച രണ്ട് സ്ത്രീകളുടെ ദുരൂഹമായ ആത്മഹത്യകള്‍ ഹരിയാനരാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നു.
ReplyDelete