Friday, August 10, 2012

സ്ഥാനക്കയറ്റത്തിന് സംവരണം: ഭരണഘടന ഭേദഗതിചെയ്യും


പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്ന ഭരണഘടനാഭേദഗതി ബില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമ്മതിച്ചു. പ്രതിപക്ഷ പാര്‍ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചത്.

വ്യാഴാഴ്ച പാര്‍ലമെന്റ് ചേര്‍ന്നയുടനാണ് പ്രതിപക്ഷ പാര്‍ടികള്‍ വിഷയം ഉന്നയിച്ചത്. രാജ്യസഭയില്‍ ബിഎസ്പി അധ്യക്ഷ മായാവതിയാണ് വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഉറപ്പുപറഞ്ഞിരുന്നു. എന്നാല്‍, യോഗം വിളിച്ചിട്ടില്ല. സംവരണം ഉറപ്പാക്കിയുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകണം- മായാവതി ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ ആദ്യം ഒരു മണിക്കൂര്‍ നേരത്തേക്കും പിന്നീട് 15 മിനിറ്റ് നേരത്തേക്കും സഭ നിര്‍ത്തി.

രാജ്യസഭയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി പിന്നീട് വിവിധ പാര്‍ടികളുടെ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു. ഭരണഘടനാഭേദഗതി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് നേതാക്കളെ പ്രധാനമന്ത്രി അറിയിച്ചു. ആഗസ്ത് 21ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും അടുത്ത ദിവസം ഇതുസംബന്ധിച്ച ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി സഭയെ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.

പ്രതിപക്ഷ പാര്‍ടികള്‍ക്കുപുറമെ കോണ്‍ഗ്രസിലെ ചില അംഗങ്ങളും സംവരണവിഷയം ഉന്നയിച്ചിരുന്നു. സംവരണവിഷയത്തില്‍ ലോക്സഭയിലും ബഹളമുണ്ടായി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ വിഷയം ഉന്നയിച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് വിഷയം ഹ്രസ്വമായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ അനുമതി നല്‍കി. സംവരണവിഷയത്തില്‍ ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടു. മറുപടി പറഞ്ഞ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇക്കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് അറിയിച്ചു.

deshabhimani 100812

No comments:

Post a Comment