Friday, August 10, 2012

വനം മാഫിയയ്ക്കായി സത്യവാങ്മൂല ഗൂഢാലോചന വെളിച്ചത്ത്


വനം വകുപ്പിലെ കേസുകള്‍ മാഫിയകള്‍ക്കുവേണ്ടി തോറ്റുകൊടുക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവന്ന ഗൂഢാലോചനകളുടെ കള്ളി വെളിച്ചത്തായി. എ ജിയുടെ ഓഫീസ് വനം വകുപ്പിന്റെ കേസുകളില്‍ വകുപ്പിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി കോടതികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേസുകള്‍ തോറ്റുകൊടുക്കുന്നുവെന്ന ആരോപണം വനം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ ഇന്നലെ നിയമവകുപ്പ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിലാണ് വനം വകുപ്പിന്റെ താല്‍പര്യങ്ങള്‍ തോട്ടം മുതലാളിമാര്‍ക്കുവേണ്ടി ബലികഴിക്കുന്ന സത്യവാങ്മൂലങ്ങളാണ് എ ജിയുടെ ഓഫീസ് മെനഞ്ഞെടുത്തതെന്ന് വ്യക്തമായത്.

വിവാദക്കൊടുങ്കാറ്റിളക്കിയ ചെറുനെല്ലി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതുസംബന്ധിച്ച കേസില്‍ എ ജിയുടെ ഓഫീസില്‍ തയാറാക്കിയ സത്യവാങ്മൂലങ്ങള്‍ എസ്റ്റേറ്റുടമയെ സഹായിക്കാനാണെന്ന സംശയം വനം വകുപ്പുതന്നെ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് നിയമവകുപ്പ് സെക്രട്ടറി ഇന്നലെ യോഗം വിളിച്ചുകൂട്ടിയത്. വനം വകുപ്പിന്റെ സംശയം സ്ഥിരീകരിക്കുന്നതായിരുന്നു സത്യവാങ്മൂലങ്ങളെല്ലാം.

തോട്ടം മാഫിയകള്‍ക്കു ജയിക്കാന്‍വേണ്ടി പടച്ചെടുത്ത ഈ സത്യവാങ്മൂലങ്ങളെ വനം വകുപ്പ്  സെക്രട്ടറി പി കെ മൊഹന്തി യോഗത്തില്‍ ശക്തിയായി എതിര്‍ത്തു. ഓഗസ്റ്റ് 21ന് മുമ്പ് സമര്‍പ്പിക്കേണ്ടവയായിരുന്നു!! സത്യവാങ്മൂലങ്ങളും സത്യവാങ്മൂലങ്ങള്‍ തയാറാക്കാന്‍ വനം വകുപ്പ് നല്‍കിയ വിവരങ്ങളൊന്നും ഉള്‍പ്പെടുത്താതെ തയാറാക്കിയ ഈ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വനം വകുപ്പ് സെക്രട്ടറി തറപ്പിച്ചുപറഞ്ഞതോടെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പ്രതിനിധികളും നിയമവകുപ്പും അയഞ്ഞു.

ചെറുനെല്ലി എസ്റ്റേറ്റിന്റെ കാര്യത്തില്‍ വനം വകുപ്പിന്റെ നിലപാടുകള്‍ക്കനുരോധമായ പുതിയ സത്യവാങ്മൂലങ്ങള്‍ തയാറാക്കാന്‍ ഇതോടെ ധാരണയായി. മേലില്‍ വനം സംബന്ധിച്ച കേസുകളില്‍ വനം വകുപ്പിന്റെ അഭിപ്രായം തേടിയശേഷം മാത്രമേ എ ജിയുടെ ഓഫീസ് സത്യവാങ്മൂലങ്ങള്‍ തയാറാക്കാവൂ എന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.

ചെറുനെല്ലി എസ്റ്റേറ്റ് സംബന്ധിച്ച സത്യവാങ്മൂലങ്ങള്‍ ഓഗസ്റ്റ് 21 ന് മുമ്പ് സമര്‍പ്പിക്കാനും തീരുമാനമായി. അഡ്വക്കേറ്റ് ജനറല്‍ തയാറാക്കിയ സത്യവാങ്മൂലങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കില്‍ വനം വകുപ്പ് കേസുകളില്‍ തോറ്റംബുകയും ഏറ്റെടുക്കാനിരുന്ന തോട്ടങ്ങള്‍ കയ്യേറ്റ മാഫിയയുടെ കൈവശമാവുകയും ചെയ്യുമായിരുന്നുവെന്നാണ് വനം വകുപ്പ് വൃത്തങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക. ആവശ്യമെങ്കില്‍ പ്രഗത്ഭരായ അഭിഭാഷകരെ പുറത്തുനിന്നു കൊണ്ടുവന്ന് കേസുകള്‍ വാദിക്കാനും തീരുമാനമായിട്ടുണ്ട്.

നിയമം, വനം, സെക്രട്ടറിമാരെക്കൂടാതെ ഇരു വകുപ്പുകളിലേയും ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ പ്ലീഡര്‍മാരും പങ്കെടുത്തിരുന്നു.

സര്‍ക്കാര്‍ ഭൂമിയും അന്യന്റെ ഭൂമിയും കയ്യേറുന്ന നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം

കോഴിക്കോട്: സര്‍ക്കാര്‍ ഭൂമിയും അന്യന്റെ ഭൂമിയും കയ്യേറി വീടുകള്‍കെട്ടിയവരുടെ നടപടിയും യു ഡി എഫ് സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കുന്നു. ഇങ്ങനെ അനധികൃതമായി നിര്‍മിച്ച വീടുകള്‍ക്ക് താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണവകുപ്പ് പുറത്തിറക്കി. സ ഉ (എംഎസ്) നം.211/2012/ തസ്വഭവ എന്ന ഉത്തരവ് കഴിഞ്ഞ നാലാം തീയതിയാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ വീടുകളിലേക്ക് വൈദ്യുതി, കുടിവെള്ളം കണക്ഷനുകള്‍ നല്‍കാനും ഇവിടെ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഈ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ നാലിന് വകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിന്റെ പിന്‍തുടര്‍ച്ചയായാണ് കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്കും ഇപ്പോള്‍ അംഗീകാരം നല്‍കുന്നത്.

 ജൂണ്‍ നാലിലെ ഉത്തരവനുസരിച്ച് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച 100 ച.മീ. വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ഈ ഉത്തരവ് വാസഗൃഹങ്ങള്‍ക്ക് മാത്രം ബാധകമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഏത് അനധികൃത കെട്ടിടത്തേയും വാസഗൃഹമാക്കിക്കാണിച്ച് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇതിലൂടെ കഴിയും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയുടെ മറവിലാണ് ഇത്തരമൊരു ഉത്തരവ് യു ഡി എഫ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചിരുന്നുവെന്നും അക്കാരണത്താലാണ് നിയമത്തില്‍ ഇളവ് നല്‍കുന്നതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. 100 ച. മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍ക്ക് മാത്രം കേരള പഞ്ചായത്ത് രാജ് നിയമം 235(എഎ), 235(ഡബ്ല്യു), കേരള മുനിസിപ്പാലിറ്റി ആക്ട് 242, 406 എന്നീ വകുപ്പുകളില്‍ അനുശാസിച്ചിട്ടുള്ള നടപടികള്‍ക്ക് വിധേയമായി താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഈ ഉത്തരവാണ് കയ്യേറ്റക്കാര്‍ക്കുകൂടി സര്‍ക്കാര്‍ ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തുണ്ടായ വ്യാപകമായ പുറംപോക്ക് കയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. നഗരഹൃദയങ്ങളില്‍പോലും ഇത്തരം കയ്യേറ്റങ്ങളുണ്ട്.
സര്‍ക്കാര്‍ ഭൂമി കയ്യേറി കടകളും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിച്ചവരുമുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഏറെ ഒഴിപ്പിച്ചെടുത്തിരുന്നു. അന്ന് അങ്ങനെ കടമുറി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവരില്‍ ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു.

നിയമവകുപ്പിനെ കൂട്ടുപിടിച്ച് നെല്ലിയാമ്പതിയിലെ തോട്ടം ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ ശ്രമം

നെല്ലിയാമ്പതി: നിയമവകുപ്പിനെ കൂട്ടുപിടിച്ച് നെല്ലിയാമ്പതിയിലെ തോട്ടം ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് നെല്ലിയാമ്പതി സന്ദര്‍ശിച്ച സി പി ഐ നേതൃസംഘം വ്യക്തമാക്കി. നഗ്നമായ നിയമലംഘനത്തിലൂടെ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റ് ലോബിക്ക് വനഭൂമി തിരിച്ചു നല്‍കാനുളള ശ്രമമാണ് യു ഡി എഫ് സംഘം നടത്തുന്നത്. ഇതിനായി നിയമവകുപ്പിനെ ദൂരുപയോഗപ്പെടുത്താനുളള ഗൂഢവും സംഘടിതവുമായ ശ്രമം നടന്നു വരികയാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് നെല്ലിയാമ്പതിയില്‍ എത്തിയതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്യന്‍ മൊകേരി പറഞ്ഞു.

കരാര്‍ലംഘനം നടത്തിയതും കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ തിരിച്ചു പിടിക്കുക എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ഇതിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ തൂത്തംപാറ എസ്റ്റേറ്റ് വനംവകുപ്പ് തിരിച്ചു പിടിച്ചു. മീര ഫ്‌ളോര്‍സ്, ചെറുനെല്ലി എസ്റ്റേറ്റുകള്‍ തിരിച്ചെടുക്കാനുളള എല്ലാ നടപടിശ്രമങ്ങളും ഇടതു സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഏറ്റെടുക്കല്‍ നടക്കാതെ പോയത്.

ഇടതു സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 'മീര ഫ്‌ളോര്‍സ്' എസ്റ്റേറ്റ് യു ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധിയുടെ മറവില്‍ ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് നീട്ടിക്കൊണ്ടുപോയ യു ഡി എഫ് സര്‍ക്കാര്‍ ഈ ഭൂമി ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കാനുളള നീക്കമാണ് നടത്തുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ചീഫ് വിപ്പ് പി സി ജോര്‍ജാണെന്ന് അദ്ദേഹത്തിന്റെ പരസ്യപ്രസ്താവനകള്‍ തെളിയിക്കുന്നു.

 'കോടതിയില്‍ പോയാല്‍ സര്‍ക്കാരിനു വിജയമുണ്ടാകില്ല' എന്ന് നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവ് കൂടിയായ ജോര്‍ജിന്റെ പ്രസ്താവന കാര്യങ്ങള്‍ മൂന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നത് എന്നതിന്റെ തെളിവാണ്. ഔദ്യോഗിക പദവിയിലിരുന്ന് തോട്ടം ഉടമകളുടെ നാവായി മാറുകയാണ് ജോര്‍ജ്. വിവാദങ്ങളുണ്ടാക്കി ഏറ്റെടുക്കല്‍ നടപടി അട്ടിമറിക്കാനാണ് ശ്രമം. ചെറുകിട കര്‍ഷകരുടെ പേരില്‍ കയ്യേറ്റഭൂമിക്ക് വക്കാലത്ത് പറയുകയും ഏറ്റെടുക്കല്‍ മരവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് യു ഡി എഫ് ഉപസമിതിയുണ്ടാക്കിയത്. എല്ലാ നിയമവും അനുകൂലമായിരിക്കുകയും നടപടികളെല്ലാം പൂര്‍ണമാവുകയും ചെയ്ത കാര്യത്തില്‍ ഉപസമിതിയുടെ ആവശ്യമില്ല. യു ഡി എഫിന്റെ ഈ കള്ളക്കളി പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. ഇവിടുത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന്‍ കുനിശ്ശേരി, ജോസ്‌ബേബി, എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, കിസാന്‍സഭ ജില്ലാ സെക്രട്ടറി എ എസ് ശിവദാസ്, സി പി ഐ നെന്മാറ മണ്ഡലം സെക്രട്ടറി വി കൃഷ്ണന്‍കുട്ടി, ജില്ലാ കൗണ്‍സില്‍ അംഗം കെ എന്‍ മോഹനന്‍, പി രാമദാസ്, എം ആര്‍ സുകുമാരന്‍, ബിജു വി ജോസഫ്, എം ആര്‍ നാരായണന്‍, പി മോഹനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

janayugom news

1 comment:

  1. വനം വകുപ്പിലെ കേസുകള്‍ മാഫിയകള്‍ക്കുവേണ്ടി തോറ്റുകൊടുക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവന്ന ഗൂഢാലോചനകളുടെ കള്ളി വെളിച്ചത്തായി. എ ജിയുടെ ഓഫീസ് വനം വകുപ്പിന്റെ കേസുകളില്‍ വകുപ്പിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി കോടതികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേസുകള്‍ തോറ്റുകൊടുക്കുന്നുവെന്ന ആരോപണം വനം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ ഇന്നലെ നിയമവകുപ്പ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിലാണ് വനം വകുപ്പിന്റെ താല്‍പര്യങ്ങള്‍ തോട്ടം മുതലാളിമാര്‍ക്കുവേണ്ടി ബലികഴിക്കുന്ന സത്യവാങ്മൂലങ്ങളാണ് എ ജിയുടെ ഓഫീസ് മെനഞ്ഞെടുത്തതെന്ന് വ്യക്തമായത്.

    ReplyDelete