Tuesday, August 7, 2012
ഗുരുദ്വാര കൂട്ടക്കൊല നടത്തിയത് വര്‍ണവെറിയന്‍ വെള്ളക്കാരന്‍
അമേരിക്കയില്‍ ഗുരുദ്വാരയില്‍ പ്രാര്‍ഥിക്കുകയായിരുന്ന സിഖുകാര്‍ക്കുനേരെ വെടിയുതിര്‍ത്ത് ആറുപേരെ കൊന്നത് തീവ്ര വംശീയവാദിയായ വെള്ളക്കാരനെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള ഇയാള്‍ മുന്‍ പട്ടാളക്കാരനാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊലയാളിയും മരിച്ചു. ഇയാളുടെ കൈയില്‍ 9/11 എന്ന് പച്ച കുത്തിയിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിസ്കണ്‍സിനിലെ ഓക് ക്രീക്കിലുള്ള ഗുരുദ്വാരയില്‍ ഞായറാഴ്ച പകല്‍ 11നാണ് (ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ) വെടിവയ്പുണ്ടായത്. മൂന്നാഴ്ചയ്ക്കിടയില്‍ അമേരിക്കയില്‍ ഒരു വെള്ളക്കാരന്‍ നടത്തിയ രണ്ടാമത്തെ കൂട്ടക്കൊലയാണിത്. കൊളറാഡോയിലെ ഒരു സിനിമാ തിയറ്ററില്‍ സിനിമ കാണുകയായിരുന്നവര്‍ക്കുനേരെ വെള്ളക്കാരനായ വിദ്യാര്‍ഥി വെടിയുതിര്‍ത്ത് 12 പേരെ കൊന്നതാണ് ആദ്യസംഭവം.
ഗുരുദ്വാരയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടത്തുനിന്ന് വെടിവയ്ക്കാന്‍ തുടങ്ങിയ അക്രമി ഒരാളെ കൊന്നശേഷം പ്രാര്‍ഥനാഹാളിനകത്ത് കയറി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സ്ത്രീകളെ അയാള്‍ ഒഴിവാക്കി. കൊല്ലപ്പെട്ടവരില്‍ കൂടുതലും തലപ്പാവ് ധരിച്ച പുരുഷന്മാരാണ്. കൊലയാളി ഉപയോഗിച്ച പിസ്റ്റള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിനുശേഷം സിഖ് മതക്കാര്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും താടിയും തലപ്പാവും കണ്ട് മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ ആക്രമിക്കപ്പെടുന്നതെന്നും സിഖുകാര്‍ പറഞ്ഞു. ഗുരുദ്വാരയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ക്യൂഡാഹിയില്‍ അക്രമിയുടെ താമസസ്ഥലത്തെ തെരുവ് എഫ്ബിഐ വേലികെട്ടിത്തിരിച്ചിട്ടുണ്ട്. വീട് പൊലീസ് പരിശോധിച്ചു. ഇത് ആഭ്യന്തര ഭീകരവാദത്തിന്റെ ഭാഗമായ അക്രമമാണോ എന്നതാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് എഫ്ബിഐ മില്‍വൗക്കീ സ്പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് തെരേസ കാള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഖേദം പ്രകടിപ്പിച്ചു. സുരക്ഷാസന്നാഹങ്ങളെക്കുറിച്ച് ഉന്നതോദ്യോസ്ഥരുമായി അവലോകനം നടത്തി.
deshabhimani 070812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment