Tuesday, August 7, 2012

ടോള്‍കൊള്ള താക്കീതായി ജനപ്രതിനിധികളുടെ സത്യഗ്രഹം


അന്യായ ടോള്‍പിരിവിനെതിരെ സിപിഐ എം ജനപ്രതിനിധികള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നടത്തിയ സത്യഗ്രഹം സര്‍ക്കാരിനും ദേശീയപാത അധികൃതര്‍ക്കുമുള്ള താക്കീതായി. ടോള്‍നിരക്ക് കുറയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കിയില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പി കെ ബിജു എംപി, എംഎല്‍എമാരായ കെ രാധാകൃഷ്ണന്‍, ബാബു എം പാലിശേരി, ബി ഡി ദേവസി, കെ വി അബ്ദുള്‍ഖാദര്‍, സി രവീന്ദ്രനാഥ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, കോര്‍പറേഷന്‍-മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍, കെഎസ്കെടിയു, കര്‍ഷകസംഘം, എസ്എഫ്ഐ, പ്രവാസിസംഘം പ്രവര്‍ത്തകര്‍ അഭിവാദ്യ പ്രകടനം നടത്തി.

പണി പൂര്‍ത്തിയാകുംമുമ്പാണ് ഡിസംബര്‍ നാലുമുതല്‍ ഭീമമായ നിരക്കില്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. ആന്ധ്രയിലെ കോണ്‍ഗ്രസ് എംപിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യകമ്പനിക്കാണ് ഈ പകല്‍ക്കൊള്ളയ്ക്ക് അനുമതി നല്‍കിയതെന്നാണ് ആക്ഷേപം. സിപിഐ എം നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ചില ഇളവ് നല്‍കേണ്ടിവന്നു. എന്നാല്‍ ടോള്‍നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെ മുഖ്യമന്ത്രിയടക്കം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ല. മെയ് 18ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് നിരക്ക് കുറയ്ക്കാമെന്ന ഉറപ്പുണ്ടായത്. എംഎല്‍എമാരായ സി രവീന്ദ്രനാഥും ബി ഡി ദേവസിയും നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചപ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്നതിനാല്‍ ടോള്‍നിരക്ക് കുറയ്ക്കാനാവില്ലെന്നാണ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്. തുടര്‍ന്നാണ് സിപിഐ എം വീണ്ടും പ്രക്ഷോഭമാരംഭിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി ജി വാസുദേവന്‍നായര്‍, മഹിളാ അസോ. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖ്, കെഎസ്കെടിയു കൊടകര ഏരിയ സെക്രട്ടറി കെ ജെ ഡിക്സണ്‍, ഒല്ലൂര്‍ ഏരിയ പ്രസിഡന്റ് കെ എ സുരേഷ്, സിഐടിയു മണ്ണുത്തി ഏരിയ സെക്രട്ടറി ടി കെ തങ്കപ്പന്‍, ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ പി പോള്‍, കര്‍ഷകസംഘം കൊടകര ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ്, പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് എ സി ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഒല്ലൂര്‍ ഏരിയ സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ നിരക്ക് കുറച്ചില്ലെങ്കില്‍ ടോള്‍പിരിവ് അനുവദിക്കില്ല: എ സി മൊയ്തീന്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഒരു മാസത്തിനുള്ളില്‍ കുറച്ചില്ലെങ്കില്‍ ടോള്‍പിരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. സിപിഐ എം ജനപ്രതിനിധികള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടോള്‍ നിരക്ക് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിക്ക് ഒരു മാസത്തെ സമയം അനുവദിക്കുകയാണ്. ഇതിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വന്‍പ്രക്ഷോഭം നടത്തും. ജനങ്ങളെ അണിനിരത്തി ടോള്‍ പിരിക്കുന്നത് തടയും. ടോള്‍നിരക്ക് 30 ശതമാനം കുറയ്ക്കാമെന്ന വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചില്ല. കോണ്‍ഗ്രസ് എംപിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ടോള്‍കമ്പനിയുടെ കൊള്ളക്ക് മുഖ്യമന്ത്രിയും കൂട്ടരും കൂട്ടുനില്‍ക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ ജനവഞ്ചനക്കെതിരെ തുടര്‍ച്ചയായി പ്രക്ഷോഭമുയരാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണുത്തി അങ്കമാലി ദേശീയപാതയുടെ നിര്‍മാണത്തിന്റെ പേരു പറഞ്ഞ് ഇടപ്പിള്ളിവരെയാണ് ടോള്‍ പിരിക്കുന്നത്. ഭൂമി ലഭ്യമായ സ്ഥലത്ത് സര്‍വീസ് റോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. റോഡ് നിര്‍മിച്ച സ്വകാര്യകമ്പനി ചെലവായ പണം എത്രയെന്ന് വെളിപ്പെടുത്താനും തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍നയങ്ങളുടെ ഭാഗമായാണ് ബിഒടി വ്യവസ്ഥ കൊണ്ടുവന്നത്. എല്ലാമേഖലയും തുറന്നുകൊടുക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് ബിഒടി വ്യവസ്ഥക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ടോള്‍നിരക്ക് അന്യായമാണെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കമ്പനിക്ക് നല്‍കാനുള്ള പണം ബജറ്റ് വിഹിതമായി ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജനദ്രോഹനയങ്ങള്‍ നടപ്പാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പൊതുവിതരണസമ്പ്രദായം പൊതുമേഖലാസ്ഥാപനങ്ങളും പൊതുനിരത്തുകളെല്ലാം ഇല്ലാതാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭം ഉയരണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ടി നേതാക്കളും ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പി കെ ബിജു എംപി പറഞ്ഞു. നിലവില്‍ അന്യായ നിരക്കാണ് ഈടാക്കുന്നത്. നിര്‍മാണത്തിന് വന്ന ചെലവ് പരിശോധിച്ച് ടോള്‍ നിരക്ക് ഏര്‍പ്പെടുത്തണം. നിലവിലുള്ള വ്യവസ്ഥ പ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു

ടോള്‍ കൊള്ള: കൂട്ടിന് പിഡബ്ല്യുഡിയും

താറുമാറായി കിടക്കുന്ന സര്‍വീസ് റോഡ്. വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ സ്ഥാപിച്ച ക്രോസ്ബാര്‍. പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍കൊള്ളയെ സഹായിക്കാന്‍ പലവിദ്യകളുമായി പൊതുമരാമത്ത് വകുപ്പും. പാലിയേക്കര ടോള്‍പ്ലാസക്ക് സമീപമുള്ള സര്‍വീസ്റോഡാണ് തകര്‍ന്നുകിടക്കുന്നത്. എന്നിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത്വകുപ്പ് തയ്യാറല്ല. ഇതുമൂലം വാഹനങ്ങള്‍ ടോള്‍ കൊടുത്തു കടന്നുപോകേണ്ട ഗതികേടിലാണ്. നേരത്തെ ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ സ്ഥാപിച്ചിരുന്നു. സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ ഇതു തകര്‍ത്തു. ഇതോടെയാണ് റോഡില്‍ ക്രോസ്ബാര്‍ വച്ചത്. ഇതിലൂടെ ചെറുകിട വാഹനങ്ങള്‍ക്ക് ഞെരുങ്ങിവേണം കടന്നുപോകാന്‍.

deshabhimani 070812

No comments:

Post a Comment