Saturday, August 11, 2012

കുത്തകകളില്‍ നിന്ന് സിപിഐ എം സംഭാവന വാങ്ങാറില്ല


കുത്തകകളില്‍ നിന്ന് സംഭാവന വാങ്ങാറില്ലെന്ന് സിപിഐ എം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സിപിഐ എം കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറുണ്ടെന്നും സംഭാവന തരുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കാറുമുണ്ടെന്നുമുള്ള നിലയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.

പാര്‍ട്ടി സ്വീകരിച്ച സംഭാവനകളെക്കുറിച്ചും പാര്‍ട്ടിയുടെ വരുമാനത്തെക്കുറിച്ചും എല്ലാ വര്‍ഷവും ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കാറുണ്ട്. 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങളടങ്ങുന്ന പട്ടികയും നല്‍കാറുണ്ട്. 2005 മുതല്‍ 2011ന് വരെ പാര്‍ട്ടി സ്വീകരിച്ച സംഭാവനകളുടെ കണക്ക് വിവരങ്ങളും സിപിഐ എം പുറത്തുവിട്ടിട്ടുണ്ട്. സിപിഐ എം മെമ്പര്‍മാര്‍ കേന്ദ്രകമ്മറ്റി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ലെവിയിനത്തില്‍ അടയ്ക്കേണ്ടതുണ്ട്. കൂടാതെ ഓരോ പാര്‍ട്ടി അംഗവും വര്‍ഷാവര്‍ഷം 2 രൂപ മെമ്പര്‍ഷിപ്പ് ഇനത്തിലും അടയ്ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ മൊത്തം വരുമാനത്തിന്റെ 39.97 ശതമാനം മെമ്പര്‍മാരുടെ ലെവിയില്‍നിന്നും 0.64 ശതമാനം മെമ്പര്‍ഷിപ്പില്‍ നിന്നുമാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും മുന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും കേന്ദ്രകമ്മറ്റിയ്ക്ക് 2011 ല്‍ മാത്രം ലഭിച്ച തുക 1,36,58,156 രൂപയാണ്. 7 വര്‍ഷത്തിനിടയ്ക്ക് പാര്‍ട്ടിയ്ക്ക് മൊത്തം സംഭാവനകളില്‍ നിന്നും മറ്റും ലഭിച്ച തുക 417,26,36,817 രൂപയുമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയ്ക്ക് വ്യക്തികളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും 20,000 രൂപയില്‍ കൂടുതല്‍ സംഭാവന ലഭിച്ച ആകെ തുക 3,35,96,941 രൂപയാണ്. കമ്പനികളില്‍ നിന്നും സൊസൈറ്റികളില്‍ നിന്നും ലഭിച്ച സംഭാവന 1,45,31,914 രൂപയാണ്. ഇത് ഈ കാലയളവിലെ മൊത്തം വരുമാനത്തിന്റെ 0.35% മാത്രമാണ്. ഇതിനെയാണ് ടൈംസ് ഓഫ് ഇന്ത്യ ഊതിപ്പെരുപ്പിച്ചത്.

സിപിഐ എം കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറില്ല. ആന്ധ്രപ്രദേശിലെ ചില കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് പോളിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എത്രചെറിയ കമ്പനിയില്‍ നിന്നായാലും സംഭാവന സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. 20,000ത്തിന് മുകളില്‍ സംഭാവന തരുന്നവരുടെ പൂര്‍ണ്ണ വിലാസം ആദായ നികുതി വകുപ്പിന് പാര്‍ട്ടി നല്‍കാറുമുണ്ട്.

താഴേക്കിടയിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ സംഭാവന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം. വില്ലേജ്, താലൂക്ക്, ജില്ല കമ്മറ്റികളുടെ കീഴില്‍ റസീതടിച്ച് കൃത്യമായ കണക്കുണ്ടാക്കിയാണ് സംഭാവന വാങ്ങാറുള്ളത്. ഇതില്‍ 20000 രൂപയില്‍ കുടുതല്‍ സംഭാവന നല്‍കുന്നവരുടെ പട്ടിക കേന്ദ്രക്കമ്മിറ്റിക്ക് അയക്കും. പാര്‍ട്ടിക്ക് 20000 രുപയില്‍ കുടുതല്‍ സംഭാവന നല്‍കുന്ന മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രക്കമ്മിറ്റി ഓഫീസിനു വേണ്ടി ഹരിസിങ്ങ് കാങ്ങ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

1 comment:

  1. കുത്തകകളില്‍ നിന്ന് സംഭാവന വാങ്ങാറില്ലെന്ന് സിപിഐ എം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സിപിഐ എം കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറുണ്ടെന്നും സംഭാവന തരുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കാറുമുണ്ടെന്നുമുള്ള നിലയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.

    ReplyDelete