Sunday, August 12, 2012
എന്‍ഡോസള്‍ഫാന്‍ ധനസഹായം കിടപ്പിലായവര്‍ക്കും വൈകല്യമുള്ളവര്‍ക്കും മാത്രം
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പട്ടികയിലുള്‍പ്പെട്ട മഹാഭൂരിപക്ഷവും ധനസഹായ പദ്ധതിയില്‍നിന്ന് പുറത്താകും. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കുന്നതിന് തയ്യാറാക്കുന്ന പട്ടികയില്‍നിന്നാണ് നിലവിലുള്ള ലിസ്റ്റിലെ മഹാഭൂരിപക്ഷവും പുറത്താകുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ചവരും കിടപ്പിലല്ലാത്ത ക്യാന്‍സര്‍ രോഗികളും പട്ടികയില്‍നിന്ന് ഒഴിവാകും.
ലിസ്റ്റ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ പത്തംഗസംഘം നടത്തിയ ആദ്യഘട്ട പരിശോധനയില്‍ സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുള്ള ആയിരത്തോളം ആളുകളെ മാത്രമേ കണ്ടെത്തിയുള്ളൂ. ഡിഎംഒ ഓഫീസില്‍ സൂക്ഷിച്ച രോഗികളുടെ മെഡിക്കല്‍ റെക്കോഡ് പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തുന്നത്. സഹായത്തിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ പൂര്‍ണമായി കിടപ്പിലായവരെയും ശാരീരികവൈകല്യമുള്ളവരെയും ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുപ്രകാരം കിടപ്പിലല്ലാത്തവര്‍ക്കൊന്നും സഹായത്തിന് അര്‍ഹതയുണ്ടാവില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരില്‍ അധികവും ബുദ്ധിമാന്ദ്യം വന്നവരും മാനസിക വൈകല്യമുള്ളവരുമാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇവര്‍ക്കാര്‍ക്കും സഹായം ലഭിക്കില്ല. എഴുന്നേറ്റ് നടക്കാനാവുന്ന മറ്റു രോഗികള്‍ക്കും സഹായം കിട്ടില്ല. കിടപ്പിലായവര്‍ക്ക് അഞ്ചുലക്ഷം വീതവും അംഗവൈകല്യമുള്ളവര്‍ക്ക് മൂന്നുലക്ഷം വീതവും നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ആദ്യഘട്ട പരിശോധനയില്‍ 170 പേരെയാണ് കിടപ്പിലാണെന്ന് കണ്ടെത്തിയത്. അംഗവൈകല്യമുള്ളവര്‍ എണ്ണൂറോളം വരും. നിലവിലെ ലിസ്റ്റില്‍ എഴുന്നൂറോളം പേര്‍ കിടപ്പിലായവരാണ്. എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ രോഗികളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 4182 പേരാണ് ഈ പട്ടികയിലുള്ളത്. എന്‍ഡോസള്‍ഫാന്‍മൂലം ഉണ്ടാകാവുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 11 പഞ്ചായത്തിലായി ഇരുപത്തിയഞ്ചോളം ക്യാമ്പുകള്‍ നടത്തിയാണ് ഇരകളെ കണ്ടെത്തിയത്. ഓരോ പഞ്ചായത്തിലും ആയിരക്കണക്കിനാളുകള്‍ ക്യാമ്പിലെത്തിയിരുന്നു. ഇവരില്‍നിന്നാണ് 4182 പേരുടെ പട്ടിക ഉണ്ടാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷവും ഈ പഞ്ചായത്തുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇതില്‍ അഞ്ഞൂറോളം ആളുകളെ കണ്ടെത്തിയിട്ടുണ്ട്. ദുരന്തബാധിത പഞ്ചായത്തുകള്‍ക്ക് വെളിയില്‍ താമസിക്കുന്ന എണ്ണൂറോളം ആളുകളെയും കണ്ടെത്തി. ഇവരെ ആരെയും ലിസ്റ്റില്‍പ്പെടുത്തിയിട്ടില്ല. പഴയ ലിസ്റ്റ്പ്രകാരമുള്ള പരിശോധനയേ ഇപ്പോഴുള്ളൂ.
വിദഗ്ധസംഘത്തിന്റെ ലിസ്റ്റില്‍പെട്ടവരെ അര്‍ഹരാണെന്ന് വീടുകളിലെത്തി പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. ഈ പഞ്ചായത്തുകളില്‍ നിയോഗിച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരും ആരോഗ്യവകുപ്പ് ജീവനക്കാരുമാണ് വീടുകളിലെത്തി പരിശോധിക്കുന്നത്. പൂര്‍ണമായി കിടപ്പിലായവരെയേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ എന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)
deshabhimani 120812
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പട്ടികയിലുള്‍പ്പെട്ട മഹാഭൂരിപക്ഷവും ധനസഹായ പദ്ധതിയില്‍നിന്ന് പുറത്താകും. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കുന്നതിന് തയ്യാറാക്കുന്ന പട്ടികയില്‍നിന്നാണ് നിലവിലുള്ള ലിസ്റ്റിലെ മഹാഭൂരിപക്ഷവും പുറത്താകുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ചവരും കിടപ്പിലല്ലാത്ത ക്യാന്‍സര്‍ രോഗികളും പട്ടികയില്‍നിന്ന് ഒഴിവാകും.
ReplyDelete