Wednesday, August 1, 2012
അരിയില്‍ പുഴു, ഭക്ഷണത്തില്‍ പഴുതാര
കാന്റീന്‍ ഭക്ഷണത്തില്‍ പഴുതാര
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജാശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ പ്രഭാത ഭക്ഷണത്തില്‍ പഴുതാരയെ കണ്ടെത്തി. സംഭവത്തില്‍ ഗുഢാലോചനയെന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ട് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 7.30 ഓടെ വാങ്ങിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഛര്‍ദിലും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പുളിങ്കുന്ന് കണ്ണാടി വെളുത്തേടത്ത് അഞ്ജനയെ (19) ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ പെണ്‍കുട്ടിക്കായി സഹോദരന്‍ അജേഷ് കാന്റീനില്‍ നിന്ന് ഇടിയപ്പവും കിഴങ്ങുകറിയും പാഴ്സല്‍ വാങ്ങി. വാര്‍ഡില്‍വച്ച് അഞ്ജന കഴിച്ചതിനുശേഷം അമ്മ സിന്ധു നോക്കിയപ്പോഴാണ് ചത്ത പഴുതാര കണ്ടത്. ഉടന്‍ വാര്‍ഡിലെ മറ്റുള്ളവരും ഇവരും ചേര്‍ന്ന് വിവരം സൂപ്രണ്ടിനെ അറിയിച്ചു. കാന്റീന്‍ അടച്ചുപൂട്ടാന്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കി.
പിന്നീട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി എം തയ്യിബ്, മുഹമ്മദ് അഷറഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത്, എം സ്വാഹനീഷന്‍ എന്നിവര്‍ ചേര്‍ന്ന് കാന്റീനില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ഇവര്‍ സൂപ്രണ്ടിന് കൈമാറി. ആശുപത്രി വികസനസമിതിയുടെ നിയന്ത്രണത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്റീന് ലൈസന്‍സില്ലെന്ന് ഇവര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ രണ്ടുപ്രാവശ്യം ഇവിടെ പരിശോധന നടന്നിരുന്നുവെന്നും സംഘം പറഞ്ഞു. ഭക്ഷണത്തിന്റെ സാമ്പിള്‍ ഫുഡ് ഇന്‍സ്പെക്ടര്‍ പി വി ബാബുരാജ് പരിശോധനക്കായി കണ്ടെടുത്തു. പരിശോധനാഫലം ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറും. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാന്റീന്‍ നടത്തിപ്പുകാരനായ പൊന്നാട് സ്വദേശി പറയുന്നു.
അങ്കണവാടിയില്‍ കഞ്ഞിവയ്ക്കാന്‍ പുഴു നുരയ്ക്കുന്ന അരി
കുണ്ടറ: അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് കഞ്ഞിവയ്ക്കാന്‍ എത്തിച്ചത് ചീഞ്ഞ് പുഴു നുരയ്ക്കുന്ന അരി. പെരിനാട് പുന്നപ്പുറം അംബേദ്കര്‍ കോളനിയിലെ 17-ാം നമ്പര്‍ അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്കാണ് പുഴുവും വണ്ടുകളും നുരയ്ക്കുന്ന കട്ടപിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന അരി നല്‍കിയത്. അങ്കണവാടി ജീവനക്കാരായ ജസീന്തയും ലീലാമണിയും ചാക്ക് പൊട്ടിച്ചപ്പോഴാണ് ഉപയോഗശൂന്യമായ ധാന്യമാണ് ചാക്കിനുള്ളിലെന്ന് മനസ്സിലായത്. ഭക്ഷണം പാകംചെയ്യാന്‍ കഴിയാതെ വിഷമിച്ച ജീവനക്കാര്‍ക്ക് കുഞ്ഞുങ്ങളില്‍ ഒരാളുടെ അച്ഛന്‍ പുറത്തുനിന്ന് അരി വാങ്ങിനല്‍കുകയായിരുന്നു. ഉപയോഗശൂന്യമായ ധാന്യമാണെന്ന പൂര്‍ണബോധ്യത്തോടെയാണ് പുഴു നുരയ്ക്കുന്ന ധാന്യം നിറച്ചതെന്നത് വ്യക്തമാണ്. വിവരമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള ഐസിഡിഎസ് പ്രോജക്ട് ഓഫീസറെ വിവരം ധരിപ്പിച്ചു.
റേഷന്‍ ഗോതമ്പില്‍ ചത്ത എലിയുടെ അവശിഷ്ടം
കൊല്ലം: റേഷന്‍കടയില്‍നിന്ന് വാങ്ങിയ ഗോതമ്പില്‍ ചത്ത എലിയുടെ അവശിഷ്ടം. ഉളിയക്കോവില്‍ വൈദ്യശാല പുത്തന്‍ചന്തയ്ക്കു സമീപത്തുള്ള റേഷന്‍കടയില്‍നിന്ന് വാങ്ങിയ ഗോതമ്പിലാണ് എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉളിയക്കോവില്‍ ശങ്കരപ്പിള്ള ജങ്ഷന്‍ സ്വദേശിയായ രവീന്ദ്രന്‍പിള്ള വാങ്ങിയ ഗോതമ്പിലാണ് ഇത് കണ്ടെത്തിയത്. ശനിയാഴ്ചയാണ് കിലോയ്ക്ക് രണ്ടു രൂപ നിരക്കിലുള്ള 10 കിലോ ഗോതമ്പ് വാങ്ങിയത്. കൊല്ലം എഫ്സിഐ മെയിന്‍ ഗോഡൗണില്‍നിന്ന് റേഷന്‍ വിതരണത്തിനായി സിവില്‍സപ്ലൈസ് ഗോഡൗണില്‍ എത്തിച്ച് വിതരണംചെയ്ത ഗോതമ്പ് ചാക്കിലാണ് എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അടുത്തിടെ റേഷനരിയിലെ ചാക്കില്‍ ചത്ത എലികളെ കണ്ടത് വിവാദമായിരുന്നു.
deshabhimani 010812
Subscribe to:
Post Comments (Atom)
അരിയില്‍ പുഴു, ഭക്ഷണത്തില്‍ പഴുതാര
ReplyDelete