Sunday, August 19, 2012

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമമന്ത്രാലയത്തെ ധിക്കരിച്ച്


പ്രധാനമന്ത്രി അധ്യക്ഷനായ സമിതി കല്‍ക്കരി ഖന അഴിമതിക്ക് പച്ചക്കൊടി കാട്ടിയത് കേന്ദ്രനിയമ മന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്ന്. ലേലം വിളിച്ച് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കണമെന്ന് നിയമമന്ത്രാലയം രണ്ടു തവണ കല്‍ക്കരിമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ മാനദണ്ഡങ്ങളില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ചാണെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഞെട്ടിപ്പിക്കുന്ന അഴിമതിപരമ്പരയിലെ ഏറ്റവും വലിയ ഇടപാട് അരങ്ങേറിയത്. 2ജി സ്പെക്ട്രം അവിഹിതമായി അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപ യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരുന്നു. 2004 മുതല്‍ കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്തേ കൊടുക്കാന്‍ പാടുള്ളൂവെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത് എന്തുകൊണ്ട് കണക്കിലെടുത്തില്ല എന്ന പ്രധാന ചോദ്യമാണ് സിഎജി ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഒരു ഇടപാടില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടണം. അതനുസരിച്ച് നിയമോപദേശം നല്‍കുകയുംചെയ്തു. മത്സരാധിഷ്ഠിത ലേലത്തിലൂടെയല്ലാതെ, മാനദണ്ഡമില്ലാതെ ആര്‍ക്കെങ്കിലും കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്നും നിയമമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള നടപടികളില്‍ ചെറിയൊരു ഭേദഗതിവരുത്തി ലേലംചെയ്ത് കൊടുക്കാന്‍ കഴിയുമെന്നും നിയമമന്ത്രാലയം അറിയിച്ചു. ഭരണ നടപടികള്‍ പരിഷ്കരിച്ചോ നിയമനിര്‍മാണം മുഖേനയോ ലേലം ചെയ്യാനാകുമെന്നും ഇതില്‍ ഏത് വേണമെന്ന് കല്‍ക്കരി മന്ത്രാലയത്തിന് തീരുമാനിക്കാമെന്നും നിയമ മന്ത്രാലയം നിര്‍ദേശിച്ചു. ഇതനുസരിച്ച് 2006ല്‍ തന്നെ ലേലം നടത്താമായിരുന്നുവെന്ന് സിഎജി ചൂണ്ടിക്കാട്ടി.

2006 ആഗസ്തില്‍ നിയമസെക്രട്ടറി ഇക്കാര്യം വീണ്ടും കല്‍ക്കരിമന്ത്രാലയത്തിനെ ഓര്‍മിപ്പിച്ചു. ലേലംചെയ്യാതെ കൊടുത്താല്‍ സര്‍ക്കാരിനുണ്ടാകാന്‍ പോകുന്ന വന്‍ നഷ്ടത്തെക്കുറിച്ച് കല്‍ക്കരിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിരുന്നു. കല്‍ക്കരിമന്ത്രാലയത്തിലെ സെക്രട്ടറിതന്നെ 2004ല്‍ ഇതു സംബന്ധിച്ച് ഫയലില്‍ കുറിപ്പെഴുതി. സുതാര്യവും നീതിപൂര്‍വവുമായ പ്രക്രിയയിലൂടെയായിരിക്കണം കല്‍ക്കരിപ്പാടങ്ങള്‍ കൊടുക്കേണ്ടതെന്ന് അദ്ദേഹവും നിര്‍ദേശിച്ചിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സ്ക്രീനിങ് കമ്മിറ്റി സ്വകാര്യകമ്പനികള്‍ക്ക് മാനദണ്ഡങ്ങളില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്ന് സിഎജി കുറ്റപ്പെടുത്തുന്നു.

2012ല്‍ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇക്കാര്യത്തില്‍ എത്രത്തോളം വിജയം നേടിയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സിഎജി ശുപാര്‍ശചെയ്തു. ഖനം അനുവദിച്ച കല്‍ക്കരിപ്പാടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് നേരിട്ട് പരിശോധിക്കണം. ആസൂത്രണ കമീഷന്‍ നിര്‍ദേശിച്ചതനുസരിച്ചുള്ള ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ കല്‍ക്കരിമേഖലയില്‍ നേടുന്നുണ്ടോ എന്ന് കല്‍ക്കരിമന്ത്രാലയം പരിശോധിക്കണമെന്നും സിഎജി ശുപാര്‍ശചെയ്യുന്നു.
(വി ജയിന്‍)

deshabhimani

1 comment:

  1. പ്രധാനമന്ത്രി അധ്യക്ഷനായ സമിതി കല്‍ക്കരി ഖന അഴിമതിക്ക് പച്ചക്കൊടി കാട്ടിയത് കേന്ദ്രനിയമ മന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്ന്. ലേലം വിളിച്ച് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കണമെന്ന് നിയമമന്ത്രാലയം രണ്ടു തവണ കല്‍ക്കരിമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ മാനദണ്ഡങ്ങളില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ചാണെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

    ReplyDelete