Tuesday, August 7, 2012

നിയമഭേദഗതി മറയാക്കി കൃഷിഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കുന്നു


നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെത്തുടര്‍ന്ന് ജില്ലയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം ശക്തമാക്കി. 2005നു മുമ്പ് നെല്‍വയലും നീര്‍ത്തടവും നികത്തിയതിന് അംഗീകാരം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതു മുതലെടുത്താണ് അടുത്തകാലത്ത് നികത്തിയ ഭൂമിപോലും 2005 നു മുമ്പ് നികത്തിയതാണെന്ന് അനധികൃതമായി രേഖ ചമയ്ക്കാന്‍ മാഫിയ ശ്രമം ആരംഭിച്ചത്. ഇതിനായി കൃഷി ഓഫീസര്‍മാരെ സ്വാധീനിച്ച് 12 വര്‍ഷമായി തരിശുഭൂമിയാണെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നു. ഇതിനുശേഷം വില്ലേജ് ഓഫീസര്‍മാരെ സ്വാധീനിച്ചാണ് കൃഷിഭൂമി തരംമാറ്റാന്‍ ശ്രമം നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം രൂക്ഷമായ കരുമാലൂര്‍, ആലങ്ങാട്, ചേരാനല്ലൂര്‍ പഞ്ചായത്തുകളില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് ഇങ്ങനെ തരംമാറ്റല്‍ ഭീഷണി നേരിടുന്നത്. പുതിയ നെല്‍വയല്‍ ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം അട്ടിമറിക്കാനും ശ്രമമുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് മാഫിയ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത് തുടരുകയുമാണ്.

1000 ഏക്കറിലധികം കൃഷിയിടം ഉണ്ടായിരുന്നതില്‍ അഞ്ചുശതമാനം പ്രദേശത്തു മാത്രമാണ് ഇപ്പോള്‍ കൃഷിയുള്ളത്. കര്‍ഷകരുടെ കൈയില്‍നിന്ന് തുച്ഛമായ വിലയ്ക്കാണ് ഭൂമി വാങ്ങുന്നത്. കൃഷിഭൂമി ഉപയോഗയോഗ്യമല്ലെന്ന രേഖകള്‍ റവന്യു-വില്ലേജ് അധികാരികളുടെ സഹായത്തോടെ സംഘടിപ്പിച്ചാണ് നികത്തുന്നത്. ഇതിനായി ആദ്യം ഭൂമി തരിശ്ശിടും. പിന്നെ വാഴക്കൃഷി നടത്തും. ഇത് വിളവെടുത്തു കഴിഞ്ഞ് വെട്ടി പാടം മൂടും. ഇതിനു മേലെ മണ്ണടിച്ച് നികത്തിയെടുക്കും. വാതുറക്കാവ്, വെളിയത്തുനാട്, മാളികംപീടിക എന്നീ സ്ഥലങ്ങളില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് നികത്തുന്നത്. കരുമാല്ലൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കല്ലറയ്ക്കല്‍ പ്രദേശത്ത് നിലംനികത്തിയുള്ള നിര്‍മാണം അടുത്തിടെ കര്‍ഷകസംഘം ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ മുന്നൂറിലധികം പൈലുകള്‍ അടിച്ച് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാനാണ് പദ്ധതി. നിലംനികത്തുന്നതിന് ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പു കുറയ്ക്കാന്‍ സൗജന്യമായി റോഡ്, വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം, പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് മാഫിയ നല്‍കുന്നത്. നികത്തലിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

ഡാറ്റബാങ്കിലെ കൃത്രിമം തടയാന്‍ മുന്നോട്ടുവരണം

കൊച്ചി: നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള ഡാറ്റബാങ്കിലെ കൃത്രിമം തടയാന്‍ പരിസ്ഥിതി, സാമൂഹ്യസംഘടനകളും വ്യക്തികളും മുന്നോട്ടുവരണമെന്ന് കലക്ടര്‍ പി ഐ ഷേഖ് പരീത് പറഞ്ഞു.

ഡാറ്റബാങ്കിലെ തെറ്റു തിരുത്തുന്നതിനാണ് പുനഃപരിശോധന നടത്തുന്നത്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡെപ്യൂട്ടി കലക്ടര്‍ (ഭൂപരിഷ്കരണം), ആര്‍ഡിഒ എന്നിവരെ വിവരം അറിയിക്കണം. രേഖകളില്‍ നിലമായ പല സ്ഥലങ്ങളും പുരയിടമായി ഡാറ്റബാങ്കില്‍ ഇടംപിടിക്കുന്നതിനെക്കുറിച്ച് പരാതിയുണ്ട്. ഇവ വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കും. തരിശിട്ടിരിക്കുന്നതടക്കം എല്ലാത്തരം നെല്‍വയലുകളും അനുബന്ധമായുള്ള ചിറകള്‍, ചാലുകള്‍, കൈത്തോടുകള്‍ എന്നിവയും നെല്‍വയലിന്റെ നിര്‍വചനത്തില്‍ വരും. കായലുകള്‍, അഴിമുഖം, ചെളിപ്രദേശം, കടലോരക്കായലുകള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ചതുപ്പിലെ കാടുകള്‍, നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്തതും മണല്‍ഖനം, മണ്ണെടുപ്പ് എന്നിവ നടന്നിട്ടുള്ള പ്രദേശങ്ങളും ചാലുകീറി ചിറയുണ്ടാക്കി വൃക്ഷംനട്ട സ്ഥലങ്ങളും മറ്റ് വെള്ളക്കെട്ടുകളും തണ്ണീര്‍ത്തടങ്ങളാണ്. മത്സ്യക്കൃഷിക്കൊഴികെ മറ്റൊരു കൃഷിക്കും അനുയോജ്യമല്ലാത്ത നിലയില്‍ സ്ഥിതിചെയ്യുന്ന പ്രദേശം അടിസ്ഥാന നികുതി രജിസ്റ്ററില്‍ നിലമാണെങ്കില്‍പ്പോലും ഡാറ്റബാങ്കില്‍ തണ്ണീര്‍ത്തടമായി രേഖപ്പെടുത്തണം.

deshabhimani 070812

No comments:

Post a Comment