Thursday, August 16, 2012

കോതമംഗലം നഴ് സുമാരുടെ സമരം ഒത്തുതീര്‍പ്പായി


കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തി വന്ന സമരം വിജയകരമായി ഒത്തു തീര്‍ന്നു. വ്യവസ്ഥകള്‍ അനുസരിച്ച് സമരം ചെയ്യുന്ന 120 നേഴ്സുമാരെയും ജോലിക്കെടുക്കും. മിനിമം വേതനം നല്‍കും. സമരം ചെയ്ത ദിവസത്തെ ശമ്പളം നല്‍കും. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് 19 ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും. വ്യാഴാഴ്ച ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളം നീണ്ട ഒത്തു തീര്‍പ്പു ചര്‍ച്ച യെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. രാത്രി എട്ടോടെ കോതമംഗലത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒമ്പതരയോടെയാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.

മാനേജ്മെന്റിന്റെ പിടിവാശി മൂലം സമരം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചരത്തില്‍ ബുധനാഴ്ച രാവിലെ ഏഴോടെ മൂന്നു നേഴ്സുമാര്‍ ആത്മഹത്യാ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ കയറിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ജനങ്ങള്‍ എത്തിയതോടെ കോതമംഗലവും പരിസരപ്രദേശവും ജനസമുദ്രമായി. ജനങ്ങള്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പൊലീസ് നിരവധി തവണ ലാത്തി വീശി. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും നേഴ്സുമാര്‍ നടത്തിയ സമരം വളരെ നേരത്തെ ഒത്തുതീര്‍ന്നെങ്കിലും മാനേജ്മെന്റിന്റെ ദുര്‍വാശിമൂലം ഇവിടെ സമരം നീളുകയായിരുന്നു.

വ്യാഴാഴ്ച പകല്‍ മൂന്നോടെയാണ് ഒത്തു തീര്‍പ്പു ചര്‍ച്ച ആരംഭിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,  സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്, ഇ എസ് ബിജിമോള്‍ എംഎല്‍എ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അയിരൂര്‍പാടം സ്വദേശിനി വിദ്യ, കുറുപ്പംപടി സ്വദേശിനി അനു, കവളങ്ങാട് സ്വദേശിനി പ്രിയ എന്നിവരാണ് സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യ ഭീഷണിയുമായി ആശുപത്രിയുടെ അഞ്ചാംനിലയിലെ ടെറസില്‍ കയറിയത്. വെള്ളമോ ഭക്ഷണമോ കഴിക്കാതെ കനത്ത മഴയും വെയിലും കൊണ്ട ഇവര്‍ അവശനിലയിലായിരുന്നു. ഇടയ്ക്ക് ഡിഎംഒയുടെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ ശ്രമം നടന്നെങ്കിലും അവര്‍ സമ്മതിച്ചില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തൊഴില്‍വകുപ്പ് അധികൃതരുടെയും മൂവാറ്റുപുഴ ആര്‍ഡിഒയുടെയും നേതൃത്വത്തില്‍ നിരവധി തവണ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ പിടിവാശിമൂലം പരാജയപ്പെടുകയായിരുന്നു. ഇതോടെ വേറെ വഴികളില്ലാതെയാണ് നേഴ്സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറ്റു നേഴ്സുമാര്‍ നിരാഹാരമനുഷ്ഠിച്ചുകൊണ്ട് കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

ബുധനാഴ്ച വൈകിട്ട് ഏഴോടെ മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പായതായി പ്രഖ്യാപനം വന്നു. സമരംചെയ്യുന്ന മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ നേഴ്സുമാരും റോഡ് ഉപരോധിച്ചവരും ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാന്‍ നോക്കിയപ്പോള്‍ പിആര്‍ഒ പുസ്തകവുമായി പോയി എന്നായിരുന്നു മാനേജ്മെന്റ് പറഞ്ഞത്. തുടര്‍ന്ന് നേഴ്സുമാര്‍ വീണ്ടും കെട്ടിടത്തിനു മുകളില്‍ കയറി. മറ്റുള്ളവര്‍ റോഡ് ഉപരോധവും പുനരാരംഭിച്ചു. രാത്രി പി രാജീവ് എംപിയും ജില്ലാ കലക്ടര്‍ പി ഐ ഷേക്പരീതും സ്ഥലത്ത് എത്തി. പിന്നീട് പി രാജീവ് എംപി ഇടപെട്ടതിനെത്തുടര്‍ന്ന് ഇവരുടെ സമരം ആശുപത്രി വരാന്തയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെമുതല്‍ വീണ്ടും റോഡ് ഉപരോധിച്ചുതുടങ്ങി. സമരം ചെയ്യുന്ന നേഴ്സുമാരെ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി എം ഇസ്മയിലും സന്ദര്‍ശിച്ചു. ബുധനാഴ്ച ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോതമംഗലം താലൂക്കില്‍ സമരസഹായസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

deshabhimani news

3 comments:

  1. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തി വന്ന സമരം വിജയകരമായി ഒത്തു തീര്‍ന്നു. വ്യവസ്ഥകള്‍ അനുസരിച്ച് സമരം ചെയ്യുന്ന 120 നേഴ്സുമാരെയും ജോലിക്കെടുക്കും. മിനിമം വേതനം നല്‍കും. സമരം ചെയ്ത ദിവസത്തെ ശമ്പളം നല്‍കും. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് 19 ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും. വ്യാഴാഴ്ച ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളം നീണ്ട ഒത്തു തീര്‍പ്പു ചര്‍ച്ച യെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. രാത്രി എട്ടോടെ കോതമംഗലത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒമ്പതരയോടെയാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.

    ReplyDelete
  2. മുതലാളിത്ത ശക്തികളില്‍ ഏറ്റവും കരുത്തേറിയതാണ് മതം !
    അതിന് ഇന്ന് ഇന്ത്യയിലുള്ള ഏത് സമ്പന്നനേക്കാള്‍ ശക്തിയുണ്ട്. പോരാട്ടത്തിന് കരുത്തും പിന്തുണയും നല്‍കിയ കോതംമംഗലം പ്രദേശത്തെ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ !

    ReplyDelete
  3. മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. ആലുവ പാലസില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നേഴ്സുമാരുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് തീരുമാനമായത്. സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗി-നേഴ്സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

    ReplyDelete