Saturday, August 25, 2012

കള്ളക്കഥ പ്രചരിപ്പിച്ചതില്‍ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍


ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണത്തില്‍ നേരിട്ടിടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും ജനങ്ങളുടെ മുന്നില്‍ കുറ്റവാളികളാകുന്നു. ഷുക്കൂറിനെ "പാര്‍ടികോടതി" വിധിപ്രകാരമാണ് വധിച്ചതെന്ന വാര്‍ത്ത തയ്യാറാക്കി മനോരമയ്ക്കും മാതൃഭൂമിക്കും നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന വിവരം പുറത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി നിഷേധിച്ചില്ല. വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പൊലീസിന് ലഭിച്ച വിവരങ്ങളാണിവയെന്ന് മുഖ്യമന്ത്രി വ്യാഖ്യാനിച്ചു. മണിക്കൂറുകളോളം തടഞ്ഞുവച്ച് മൊബൈലില്‍ ഫോട്ടോയെടുത്ത് എംഎംഎസ് അയച്ച് ഉറപ്പുവരുത്തിയാണ് ഷുക്കൂറിനെ വധിച്ചതെന്ന് പിറവം തെരഞ്ഞെടുപ്പ് വേളയില്‍ പലതവണ ആവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. "വാര്‍ത്തയുടെ പേരില്‍ എന്റെ ഓഫീസിനെ എന്തിന് കുറ്റം പറയുന്നു. ഞാന്‍ ഇവിടെയുണ്ടല്ലോ" എന്നു ചോദിച്ച മുഖ്യമന്ത്രിയെ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ മറന്നുകാണില്ല.("പാര്‍ടി കോടതി" വാര്‍ത്തയുടെ ഉത്തരവാദിത്തം തനിക്കെന്ന് മുഖ്യമന്ത്രി) ഇരുനൂറോളം പേര്‍ വളഞ്ഞിട്ട് യുവാവിനെ കുത്തിക്കൊന്നിട്ട് സാക്ഷി പറയാന്‍ ഒരാളും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈയിടെയാണ്. പി ജയരാജനെ അറസ്റ്റുചെയ്തശേഷമായിരുന്നു പരാമര്‍ശം. ഇതൊന്നുമില്ലാത്ത കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചപ്പോള്‍ ലജ്ജയില്ലാതെ അധികാരത്തില്‍ തുടരുകയാണ് ഉമ്മന്‍ചാണ്ടി.

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി പ്രധാന പ്രതിപക്ഷ പാര്‍ടിയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും തെളിവില്ലാതെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുഖ്യമന്ത്രി പ്രബുദ്ധകേരളത്തിന് കളങ്കമാണ്. കേസിലെ തെളിവെന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചുപറഞ്ഞതൊന്നും കുറ്റപത്രത്തിലില്ല. ഷുക്കൂര്‍ വധിക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് നിഷ്പക്ഷമായി അന്വേഷിച്ച് കണ്ടെത്തി കേസെടുക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിയും ഓഫീസും പൊലീസിന് നല്‍കിയില്ല. അന്വേഷണവും കുറ്റാരോപണവും എങ്ങനെ വേണമെന്ന തിരക്കഥയാണ് മാതൃഭൂമിക്കും മനോരമയ്ക്കും നല്‍കിയത്. ഇതിന് ബലമേകുന്ന തെളിവൊന്നും ചമയ്ക്കാന്‍ പൊലീസിനായില്ല. പാര്‍ടികോടതിയുണ്ടായിരുന്നെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇപ്പോഴവരുടെ ശ്രമം.

ഷുക്കൂര്‍ കൊല്ലപ്പെട്ട് ഒരുമാസത്തിനു ശേഷം "പാര്‍ടികോടതി" വാര്‍ത്തയിലൂടെയാണ് ഗൂഢാലോചനക്കേസ് രൂപപ്പെടുത്താന്‍ സര്‍ക്കാരും യുഡിഎഫ് മാധ്യമങ്ങളും ശ്രമിച്ചത്. മൊബൈല്‍ ഫോട്ടോയും എംഎംഎസുമായിരുന്നു ആദ്യം സിപിഐ എമ്മിനെതിരെ ആയുധമാക്കിയത്. ഷുക്കൂറിനൊപ്പം പരിക്കേറ്റ സഖറിയയുടെ മൊഴിയില്‍ ഇത്തരം പരാമര്‍ശമുണ്ടായില്ല. തെളിവു ലഭിക്കാത്തതിനാല്‍ കേസ് തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചായി. അരിയിലെ അപ്രതീക്ഷിത അക്രമത്തില്‍ പരിക്കേറ്റ ജയരാജന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധനയും പൊലീസിന്റെ മൊഴിയെടുക്കലും ദൃശ്യമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കലുമൊക്കെയായി മുഴുവന്‍ സമയവും തിരക്കിലായിരുന്നു. ഈ ബഹളത്തിനിടെ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയെന്ന നുണയെ അവലംബമാക്കിയാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്.

സിപിഐ എമ്മിനെ കുടുക്കാന്‍ പൊലീസ് ആശ്രയിച്ചത് കള്ളസാക്ഷികളെ

ഷൂക്കുര്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കുന്നതിന് പ്രത്യേക അന്വേഷണസംഘം ആശ്രയിച്ചത് മുസ്ലിംലീഗിന്റെ കള്ളസാക്ഷികളെ. കഴിഞ്ഞദിവസം കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സിഐ യു പ്രേമന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന അബുവും സാബിറുമാണ് പൊലീസിന്റെയും ലീഗിന്റെയും കള്ളസാക്ഷികള്‍. ലീഗ് നടത്തുന്ന സ്ഥാപനത്തിലെ പ്യൂണാണ് അബു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിക്ക് സമീപത്ത് ഗൂഢാലോചന നടന്നുവെന്ന് ഇവര്‍ മൊഴിനല്‍കിയെന്നാണ് കുറ്റപത്രത്തില്‍. അരിയില്‍ ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റാണ് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ സമയത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇവരെ കാണാനെത്തിയെന്ന് പറയുന്നത് തന്നെ സ്വാഭാവിക യുക്തിയല്ല. നാനൂറോളം പേജ് വരുന്ന കുറ്റപത്രത്തിലുടനീളം പരസ്പര വിരുദ്ധമായ മൊഴികളും സംഭവങ്ങളുമാണുള്ളത്. "പാര്‍ടി കോടതി വിധി"യെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൊലീസിന്റെ കുറ്റപത്രത്തിലൊരിടത്തും ഈ പ്രയോഗമില്ല. വള്ളുവന്‍ കടവിനടുത്ത വയലില്‍ രണ്ടുമണിക്കൂര്‍ വിചാരണയ്ക്കു ശേഷമാണ് കൊല നടത്തിയതെന്ന പ്രചാരണവും കുറ്റപത്രം സമര്‍പ്പിച്ചതോടെ പൊളിഞ്ഞു.
(പി സുരേശന്‍)

deshabhimani 250812

1 comment:

  1. ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണത്തില്‍ നേരിട്ടിടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും ജനങ്ങളുടെ മുന്നില്‍ കുറ്റവാളികളാകുന്നു. ഷുക്കൂറിനെ "പാര്‍ടികോടതി" വിധിപ്രകാരമാണ് വധിച്ചതെന്ന വാര്‍ത്ത തയ്യാറാക്കി മനോരമയ്ക്കും മാതൃഭൂമിക്കും നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന വിവരം പുറത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി നിഷേധിച്ചില്ല. വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പൊലീസിന് ലഭിച്ച വിവരങ്ങളാണിവയെന്ന് മുഖ്യമന്ത്രി വ്യാഖ്യാനിച്ചു. മണിക്കൂറുകളോളം തടഞ്ഞുവച്ച് മൊബൈലില്‍ ഫോട്ടോയെടുത്ത് എംഎംഎസ് അയച്ച് ഉറപ്പുവരുത്തിയാണ് ഷുക്കൂറിനെ വധിച്ചതെന്ന് പിറവം തെരഞ്ഞെടുപ്പ് വേളയില്‍ പലതവണ ആവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. "വാര്‍ത്തയുടെ പേരില്‍ എന്റെ ഓഫീസിനെ എന്തിന് കുറ്റം പറയുന്നു. ഞാന്‍ ഇവിടെയുണ്ടല്ലോ" എന്നു ചോദിച്ച മുഖ്യമന്ത്രിയെ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ മറന്നുകാണില്ല.

    ReplyDelete