Saturday, August 25, 2012

കാസര്‍കോട് കലക്ടറെ മാറ്റിയത് ലീഗിന്റെ സമ്മര്‍ദത്തില്‍


കാസര്‍കോട് കലക്ടര്‍ വി എന്‍ ജിതേന്ദ്രന്റെ സ്ഥലംമാറ്റം അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍. ജില്ലയിലെ മണല്‍ മാഫിയകളെ സഹായിക്കുന്നതിന് മുസ്ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ സി ടി അഹമ്മദലി ചെയര്‍മാനായ സിഡ്കോ നല്‍കിയ അപേക്ഷ നിരസിക്കുമെന്ന് മനസിലാക്കിയാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകത്തില്‍നിന്ന് മണല്‍ കടത്തി ജില്ലയില്‍ സംഭരിക്കാനും സംസ്ഥാന വ്യാപകമായി വില്‍ക്കാനുമുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് സിഡ്കോ മാനേജിങ് ഡയറക്ടര്‍ അപേക്ഷ നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇക്കാര്യം അനുവദിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതാണ്, നിയമിച്ച് ഒരുവര്‍ഷം തികയുംമുമ്പ് കലക്ടറെ മാറ്റാന്‍ കാരണം. മുസ്ലിംലീഗ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കലക്ടറെ പെട്ടെന്ന് സ്ഥലം മാറ്റിയത്.

ആഗസ്ത് 13നാണ് സിഡ്കോ, കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. മണല്‍ ക്ഷാമംമൂലം നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മറ്റു സംസ്ഥാനങ്ങളിലെ പുഴമണല്‍ കൊണ്ടുവന്ന് സംഭരിക്കാനുള്ള യാഡ് നിര്‍മിക്കാനും സംഭരിക്കുന്ന മണല്‍ സംസ്ഥാനത്ത് വില്‍ക്കാനും സിഡ്കോയുടെ ബിസിനസ് പങ്കാളികള്‍ക്ക് സൗകര്യം ചെയ്യണമെന്നായിരുന്നു അപേക്ഷ. പുറമെനിന്ന് മണല്‍ കൊണ്ടുവരുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയ കാര്യവും ചൂണ്ടിക്കാട്ടി. എന്നാല്‍ സിഡ്കോയുടെ ബിസിനസ് പങ്കാളികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കാവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ പൊലീസ്, റവന്യു, ജിയോളജി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.

ജില്ലയില്‍ മുസ്ലിംലീഗ് സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മണല്‍വാരല്‍ സംഘങ്ങളെ ബിസിനസ് പങ്കാളികളാക്കി കേരളത്തിന്റെ പുഴകളില്‍നിന്നും കടലോരത്തുനിന്നും വാരുന്ന മണല്‍ അന്യസംസ്ഥാന മണല്‍ എന്ന പേരില്‍ സംസ്ഥാനത്താകെ വില്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. കലക്ടറുടെ അനുമതികിട്ടിയാല്‍ സിഡ്കോയുടെ യാഡില്‍നിന്ന് കൊണ്ടുപോകുന്ന മണല്‍ പൊലീസിന് പിടിക്കാന്‍ കഴിയില്ല. ഇങ്ങനെ സിഡ്കോയുടെ മറവില്‍ വന്‍തോതിലുള്ള മണല്‍കൊള്ളക്കാണ് യുഡിഎഫ് നേതാക്കള്‍ കളമൊരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവന്ന് സംഭരിക്കാന്‍ കാസര്‍കോട് യാഡ് അനുവദിക്കണമെന്ന് സിഡ്കോ ആവശ്യപ്പെടുമ്പോള്‍ കര്‍ണാടകത്തില്‍നിന്ന് മണല്‍ കൊണ്ടുവരുമെന്നാണ് പറയുന്നത്. തമിഴ്നാടിന്റെയോ ആന്ധ്രപ്രദേശിന്റെയോ മണല്‍ കൊണ്ടുവന്ന് കാസര്‍കോട് സംഭരിക്കാനാവില്ല. കര്‍ണാടകത്തില്‍നിന്ന് പുഴമണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് 2009ല്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി, കലക്ടറേറ്റിലെ ബന്ധപ്പെട്ട വകുപ്പ് സിഡ്കോയുടെ അപേക്ഷ അനുവദിക്കാന്‍ പറ്റില്ലെന്ന കുറിപ്പോടെ ഫയല്‍ കലക്ടര്‍ക്ക് നല്‍കി.

ഇതിനിടെ സിഡ്കോയുടെ കത്തില്‍ അനുകൂല തീരുമാനം ഉണ്ടാകണമെന്ന് ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും കലക്ടര്‍ വഴങ്ങിയില്ല. ഇതു മനസിലാക്കിയാണ് ഫയലില്‍ തീര്‍പ്പാക്കുന്നിനുമുമ്പ് കലക്ടറെ സ്ഥലം മാറ്റിയത്. ലീഗ് നേതാക്കളുടെ താല്‍പര്യപ്രകാരം ചുമതലയേല്‍ക്കുന്ന പുതിയ കലക്ടറെ ഉപയോഗിച്ച് മണല്‍ യാഡിനുള്ള അനുമതി വാങ്ങിയെടുക്കുകയാണ് ലക്ഷ്യം.
(എം ഒ വര്‍ഗീസ്)

deshabhimani 250812

No comments:

Post a Comment