Thursday, August 2, 2012
ഉടയാന്‍ പോകുന്നത് ഉമ്മന്‍ചാണ്ടിയുടെ ഉന്മാദം
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ എല്ലാവിധ ഹിംസാത്മക പ്രവൃത്തികള്‍ ചെയ്തിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിയുന്നത്. അതുകൊണ്ടാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ തുറുങ്കിലടച്ചശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കേരള നിയമസഭയുടെ ആദ്യമന്ദിരത്തിലെ ഹാളിലെത്തി ആദ്യമുഖ്യമന്ത്രിയായ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ഛായാചിത്രം അനാഛാദനംചെയ്തത്. എത്രയോ പ്രഗത്ഭന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും അണിനിരന്ന് നാടിന്റെ ഭാഗധേയ നിര്‍ണയത്തിനുവേണ്ടി സൗഹാര്‍ദപൂര്‍വമായ ചര്‍ച്ചകള്‍മാത്രമല്ല സംഹാരാത്മകമായ സംഘട്ടനങ്ങള്‍വരെ നടത്തിയതിന് സാക്ഷിയായ മന്ദിരമാണിത്. ഇവിടെ സ്ഥാപിക്കാന്‍ മുന്‍മുഖ്യമന്ത്രിമാരായിരുന്ന പട്ടം താണുപിള്ള ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ടായിരുന്നു.
കേരളപ്പിറവിക്കു തൊട്ടുമുമ്പ് തിരു-കൊച്ചി മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണം നടത്തിയ പ്രഗത്ഭനായ പനമ്പിള്ളി ഗോവിന്ദമേനോന്‍ കമ്യൂണിസ്റ്റ് പ്രതിപക്ഷത്തുനോക്കി പരിഹാസത്തോടെ പറഞ്ഞു: ""ഈ കസേരയില്‍ ഇരിക്കണമെങ്കില്‍ ഇനി നിങ്ങള്‍ മൂട്ടയായി ജനിക്കണം."" പക്ഷേ, തൊട്ടുപിന്നാലെ ഇ എം എസിന്റെ നേതൃത്വതില്‍ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആദ്യമായി അധികാരത്തില്‍ എത്തിയതിന് സാക്ഷിയായ മന്ദിരത്തിലാണ് ഉമ്മന്‍ചാണ്ടി ആദ്യമുഖ്യമന്ത്രിയുടെ ഛായാചിത്രം അനാഛാദനംചെയ്തത്. കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ബ്രിട്ടീഷ് ഭരണത്തില്‍ ഉപയോഗിച്ച കരിനിയമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ സിപിഐ എമ്മിന്റെ അമരക്കാരനെതിരെ നിയമവിരുദ്ധമായി പ്രയോഗിച്ച ഉമ്മന്‍ചാണ്ടി കോഴിപ്പുറത്ത് മാധവമേനോന്റെ ചിത്രം അനാഛാദനം ചെയ്യുന്നതായിരുന്നു ഉത്തമം. 1948കാലത്ത് മര്‍ദകവീരനായ ഭരണാധികാരിയായിരുന്നു കോണ്‍ഗ്രസ് നേതാവായ കോഴിപ്പുറത്ത് മാധവമേനോന്‍. പക്ഷേ, 1950കളുടെ ആദ്യം പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വയനാട്ടില്‍ ചെന്നുനിന്നിട്ടും പ്രബുദ്ധജനത മാധവമേനോനെ താഴെയിട്ട ചരിത്രം കമ്യൂണിസ്റ്റ് പാര്‍ടിയെ വേട്ടയാടാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ഉമ്മന്‍ചാണ്ടി മറക്കേണ്ട.
"ജയരാജന്‍ ജയിലില്‍"- മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ ഈ തലക്കെട്ട് കണ്ടാല്‍ തോന്നുക പി ജയരാജന്‍ സ്വമേധയാ ജയിലില്‍ചെന്നു എന്നാണ്. സുഖവാസത്തിന് രാഹുല്‍ഗാന്ധി സിംലയില്‍ പോകുമ്പോള്‍ "രാഹുല്‍ സിംലയില്‍" എന്ന് തലക്കെട്ടിടുന്നപോലെ. പി ജയരാജനെ കള്ളക്കേസില്‍ ജയിലിലടച്ചു എന്ന യാഥാര്‍ഥ്യത്തെ മറച്ചുവയ്ക്കുന്നതിന് തലക്കെട്ടില്‍പ്പോലും കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമക്കൂട്ടം മായംചേര്‍ത്തു. ഈ മാധ്യമസിംഹങ്ങളുടെ സ്തുതിയിലും പിന്തുണയിലും മതിമറന്നാണ് ഉമ്മന്‍ചാണ്ടി ഭരിക്കുന്നത്. ജയരാജന്റെ അറസ്റ്റ് നിയമവിധേയമാണെന്നും പൊലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം കേട്ടാല്‍ ആരും പറഞ്ഞുപോകും എത്ര പഞ്ചപാവം! എത്ര സത്യസന്ധന്‍! പക്ഷേ, സിപിഐ എമ്മിനെ ഒളിഞ്ഞും തെളിഞ്ഞും പ്രതിക്കൂട്ടിലാക്കാന്‍ ഏതു ഹീനമാര്‍ഗവും അവലംബിക്കുകയും അതിനുവേണ്ടി ഭരണസംവിധാനത്തെയും പൊലീസിനെയും ദുരുപയോഗപ്പെടുത്തന്‍ ഏതറ്റംവരെയും പോകുന്ന ഉമ്മന്‍ചാണ്ടിയെപ്പോലെ മറ്റൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടില്ല.
ടി പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍വധം, എം എം മണി പ്രസംഗം തുടങ്ങിയ സംഭവങ്ങളിലെല്ലാം ഇത് വ്യക്തമാണ്. നിയമവിരുദ്ധ മര്‍ദനമുറകള്‍ക്കും പൗരാവകാശലംഘനത്തിനും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മനോരമ, മാതൃഭൂമി, മാധ്യമം, ദീപികയാദി അച്ചടിമാധ്യമങ്ങളും ഏഷ്യാനെറ്റ്, ഇന്ത്യാവിഷനാദി ദൃശ്യമാധ്യമങ്ങളും ആലവട്ടവും വെഞ്ചാമരവും വീശിക്കൊടുക്കുകയാണ്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കാന്‍ മനോരമയുടെ നേതൃത്വത്തില്‍ ഒരു ഉമ്മന്‍ചാണ്ടി എംബെഡഡ് ജേര്‍ണലിസം അരങ്ങേറിയിരുന്നു. ഷുക്കൂര്‍വധം പാര്‍ടികോടതി വിധിയെന്ന വ്യാജനിര്‍മിതി മനോരമ നടത്തി. അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. അത് മനോരമയും മറ്റും പ്രചരിപ്പിച്ചു. അങ്ങനെ നാലുമാസംമുമ്പേ ഉമ്മന്‍ചാണ്ടി നയിക്കുന്ന രാഷ്ട്രീയചേരിയും പിന്തിരിപ്പന്‍ മാധ്യമങ്ങളും ചേര്‍ന്ന കൂട്ടുകെട്ട് തുടങ്ങിയ വേട്ടയാടലിന്റെ സാഫല്യമായിരുന്നു ജയരാജന്റെ അറസ്റ്റ്. ഷുക്കൂര്‍ വധക്കേസിന്റെ മറവില്‍ വര്‍ഗീയവികാരം ഇളക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള വിദ്യയും ഉമ്മന്‍ചാണ്ടിയും ലീഗ് തീവ്രവാദികളും നടത്തി. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകക്കേസില്‍ ഗൂഢാലോചനകേന്ദ്രം ലക്ഷ്യമിട്ട് പൊലീസ് ആദ്യമായി സ്വീകരിക്കുന്ന ശക്തമായ നടപടിയാണ് ജയരാജന്റെ അറസ്റ്റെന്നുപറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മര്‍ദകവാഴ്ചയ്ക്ക് ഒത്താശയേകാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ തയ്യാറായിരിക്കുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി നിരീക്ഷണങ്ങള്‍, ചരിത്രത്തെ വികലമാക്കുന്ന മുഖപ്രസംഗം തുടങ്ങിയവയിലൂടെ ഉമ്മന്‍ചാണ്ടിസേവ മാധ്യമങ്ങള്‍ നടത്തിയതിന്റെ ചിത്രം അച്ചടി-ദൃശ്യമാധ്യമങ്ങള്‍ നല്‍കുകയാണ്. ഇക്കൂട്ടരുടെ നിരീക്ഷണപ്രകാരം ഷുക്കൂര്‍വധത്തില്‍ ജയരാജനെ ജയിലിലടച്ചതിലൂടെ സിപിഐ എമ്മിന്റെ മുഖം നഷ്ടമായി എന്നും പാര്‍ടി വലിയ പ്രതിസന്ധിയിലായി എന്നുമാണ്. ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും അസമത്വത്തിനുമെതിരായ ത്യാഗോജ്വല പോരാട്ടങ്ങളുടെ ദീര്‍ഘകഥകള്‍ പഴങ്കഥയായെന്നും ജയരാജന്റെ അറസ്റ്റിനെതിരെ സിപിഐ എം ഉയര്‍ത്തുന്ന പ്രതിഷേധം ജനങ്ങളില്‍ മടുപ്പുണ്ടാക്കുമെന്നാണ് പിന്തിരിപ്പന്‍ മാധ്യമ അച്ചുതണ്ടിന്റെ നിഗമനം. കൊലക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിയാക്കിയാല്‍ ജനങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഒറ്റപ്പെടുമെങ്കില്‍ പനമ്പിള്ളി സ്വപ്നംകണ്ടപോലെ ഇ എം എസും നായനാരും വി എസ് അച്യുതാനന്ദനുമെല്ലാം നിയമസഭാകസേരകളിലെ മൂട്ടകളായി മാറണമായിരുന്നു. പൊലീസുകാരനായ സുബ്ബരായന്‍ മരണപ്പെട്ടതാണ് കയ്യൂര്‍ കേസ്. യുദ്ധവിരുദ്ധ പ്രകടനം നടത്തിയതിന് കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രണ്ട് നേതാക്കളെ രാത്രിയില്‍ വീടുകയറി പൊലീസ് അറസ്റ്റുചെയ്തു. അതില്‍ പ്രതിഷേധിക്കാന്‍ അടുത്തനാളില്‍ തേജസ്വിനി പുഴയുടെ തീരത്ത് കയ്യൂരില്‍ ഗ്രാമവാസികള്‍ പ്രകടനം നടത്തിയപ്പോള്‍ മുന്നില്‍വന്ന് ധിക്കാരിയായ ഒരു പൊലീസുകാരന്‍ വെല്ലുവിളിയുയര്‍ത്തി. സംഘട്ടനം നടന്നു. അയാള്‍ പുഴയില്‍ ചാടി. മദ്യപിച്ചിരുന്ന അയാള്‍ പുഴയില്‍ മുങ്ങിമരിച്ചു. പ്രക്ഷോഭകാരികള്‍ മര്‍ദിച്ചും കല്ലെറിഞ്ഞും പൊലീസുകാരനെ കൊന്നു എന്നപേരില്‍ 61 പേര്‍ക്കെതിരെ കേസെടുത്തു. ഇ കെ നായനാരും കേസില്‍ പ്രതിയായി.
ഇത് ബ്രിട്ടീഷ് ഭരണകാലത്തെ സംഭവമല്ലേ എന്നാവും മാധ്യമ സിന്‍ഡിക്കറ്റിന്റെ ചോദ്യം. പക്ഷേ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലും കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ഈവിധത്തിലെ ഭരണകൂട ഭീകരതയും മര്‍ദനവുമാണ് തുടരുന്നത്. അതുകൊണ്ടാണ് സിപിഐ എമ്മിന്റെ കേരളത്തിലെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍, വി എസ് അച്യുതാനന്ദന്‍ പാര്‍ടിയുടെ ജില്ലാസെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസ് ഭരണം വി എസിനെ കൊലക്കേസിലെ പ്രതിയാക്കിയത്. കുട്ടനാട്ടെ ജന്മിമാരുടെ ഗുണ്ട ഈശോ ആലപ്പുഴ ജില്ലാകോടതി പാലത്തിനടുത്ത് കര്‍ഷകത്തൊഴിലാളികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനാണ് സംഭവസ്ഥലത്തില്ലാതിരുന്ന വി എസിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തത്. അന്ന് വി എസ് അടക്കമുള്ളവര്‍ക്കുവേണ്ടി പ്രഗത്ഭ അഭിഭാഷകരായ പി വി അയ്യപ്പന്‍, ജി ജനാര്‍ദനക്കുറുപ്പ് എന്നിവര്‍ കേസ് വാദിക്കാന്‍ കോടതിയിലെത്തി. നായനാര്‍ക്കും വി എസിനുമെതിരായ കേസുകള്‍ തള്ളപ്പെട്ടു. രണ്ടുപേരും പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിമാരായി. കമ്യൂണിസ്റ്റ് നേതാക്കളെ കൊലക്കേസില്‍ പ്രതികളാക്കി പാര്‍ടിക്കെതിരെ അപകീര്‍ത്തി പരത്തുക, നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത് പാര്‍ടിപ്രവര്‍ത്തനം തടസ്സപ്പെടുത്തുക- ഈ ഉദ്ദേശ്യത്തോടെ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത് ആ വര്‍ഗത്തിന്റെ സ്വഭാവമാണ്. ഒരിക്കല്‍ നായനാര്‍ക്കും വി എസിനുമെതിരെ ഉപയോഗിച്ച മര്‍ദനായുധങ്ങള്‍ നെഞ്ചുറപ്പുള്ള കമ്യൂണിസ്റ്റ് നേതാവായ പി ജയരാജനെതിരെ ഉമ്മന്‍ചാണ്ടിഭരണം ഉപയോഗിച്ചിരിക്കയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം കേരളജനതയ്ക്കുണ്ട്. കൊലപാതകത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുന്നതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ്. ഇത് ശത്രുക്കള്‍ക്കെതിരെ ബ്രിട്ടീഷ്ഭരണം ഉപയോഗിച്ചതാണ്. ഈ വകുപ്പുമാത്രമായി ചുമത്തി ഒരാളെ തുറുങ്കിലടയ്ക്കുന്നത് കേരളത്തില്‍ അത്യപൂര്‍വമാണ്. രാഷ്ട്രീയ പ്രതിയോഗിയെ എങ്ങനെയും വേട്ടയാടുക എന്ന യുഡിഎഫ് ഭരണനയത്തിന്റെ ഇരയായി ജയരാജന്‍ മാറി. ഇതില്‍ പ്രതിഷേധിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല, ജനാധിപത്യവിശ്വാസികളുടെയാകെ കടമയാണ്.
പൊലീസ് നടപടിക്കെതിരെ എന്തിന് ജനകീയപ്രക്ഷോഭം എന്ന് ചോദിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും അവരുടെ അനുകൂലികളായ മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ് കൊലമരച്ചുവട്ടില്‍നിന്ന് ഇറങ്ങിവന്ന കെ പി ആറിന്റെ അനുഭവം. മൊറാഴയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിനെടുത്ത കേസിലാണ് കെ പി ആര്‍ ഗോപാലനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കെ പി ആറിനെ രക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ ബഹുജനപ്രക്ഷോഭം ഇന്ത്യയിലാകെയും ബ്രിട്ടണില്‍തന്നെയും അലകളുയര്‍ത്തി. ലണ്ടന്‍ തെരുവില്‍പോലും പ്രകടനം നടന്നു. കെ പി ആറിനെ രക്ഷപ്പെടുത്താനും കഴിഞ്ഞു. നിയമത്തിന്റെ വഴിതേടുകമാത്രമല്ല, പ്രക്ഷോഭത്തിന്റെ പാതയും സ്വീകരിച്ചു. അങ്ങനെയാണ് കൊലമരത്തില്‍നിന്നുള്ള തിരിച്ചുവരവുണ്ടായത്. പി ജയരാജന്റെ അന്യായത്തടങ്കലിനെതിരായ പ്രതിഷേധവും ആ കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് കേരളം പ്രകടിപ്പിക്കുന്നത്. ഈ പ്രതിഷേധജ്വാലയില്‍, സിപിഐ എമ്മിനെ വകവരുത്താമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉന്മാദം ഉടഞ്ഞുപോകും.
ആര്‍ എസ് ബാബു deshabhimani 030812
Subscribe to:
Post Comments (Atom)
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ എല്ലാവിധ ഹിംസാത്മക പ്രവൃത്തികള്‍ ചെയ്തിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിയുന്നത്. അതുകൊണ്ടാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ തുറുങ്കിലടച്ചശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കേരള നിയമസഭയുടെ ആദ്യമന്ദിരത്തിലെ ഹാളിലെത്തി ആദ്യമുഖ്യമന്ത്രിയായ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ഛായാചിത്രം അനാഛാദനംചെയ്തത്. എത്രയോ പ്രഗത്ഭന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും അണിനിരന്ന് നാടിന്റെ ഭാഗധേയ നിര്‍ണയത്തിനുവേണ്ടി സൗഹാര്‍ദപൂര്‍വമായ ചര്‍ച്ചകള്‍മാത്രമല്ല സംഹാരാത്മകമായ സംഘട്ടനങ്ങള്‍വരെ നടത്തിയതിന് സാക്ഷിയായ മന്ദിരമാണിത്. ഇവിടെ സ്ഥാപിക്കാന്‍ മുന്‍മുഖ്യമന്ത്രിമാരായിരുന്ന പട്ടം താണുപിള്ള ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ടായിരുന്നു.
ReplyDelete