Saturday, August 18, 2012

ഹൈക്കോടതിവിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: പിണറായി


രണ്ടാം മാറാട് കലാപത്തിനു പിന്നിലെ വിദേശബന്ധവും തീവ്രവാദബന്ധവും ധനസ്രോതസ്സും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 24 പ്രതികള്‍ക്കുകൂടി ജീവപര്യന്തം ശിക്ഷനല്‍കികൊണ്ടുള്ള ഹൈക്കോടതിവിധിയും പരാമര്‍ശങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്- സിപിഐ എം കാട്ടാക്കട ഏരിയാകമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാറാട് കൂട്ടക്കുരുതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലിംലീഗ് സിബിഐ അന്വേഷണം ഇഷ്ടപ്പെട്ടില്ല. ലീഗ് സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് സിബിഐ അന്വേഷണം വേണ്ടെന്നു വയ്പിക്കുകയായിരുന്നു. മാറാട് കലാപത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് മാറാട്ടുമാത്രം ഒതുങ്ങുന്നതല്ല. വിദേശത്തടക്കം ഗൂഢാലോചനയ്ക്ക് വേരുണ്ടോയെന്ന് അന്വേഷിക്കണം. ഇത്തരത്തിലുള്ള അന്വേഷണത്തിന് സംസ്ഥാന പൊലീസ് പോരെന്ന് കണ്ടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ വച്ച് അന്വേഷിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ അന്വേഷണ സംവിധാനത്തെ ഇല്ലാതാക്കി. കേസ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. യുഡിഎഫില്‍ രാജ്യതാല്‍പ്പര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതേക്കുറിച്ച് ആലോചിക്കണം. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്നും പിണറായി പറഞ്ഞു.

 ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ ഇല്ലാതാക്കുന്ന പങ്കാളിത്തപെന്‍ഷന്‍ പദ്ധതിവഴി അവകാശങ്ങളും ആനുകൂല്യങ്ങളും കവരാന്‍ ഉമ്മന്‍ചാണ്ടി തുടക്കമിട്ടിരിക്കുകയാണ്. പെന്‍ഷന്‍ഫണ്ട് ഓഹരിക്കമ്പോളത്തിലെത്തിക്കാനുള്ള ആഗോള മൂലധനശക്തികളുടെ നീക്കമാണ് ഇതിനു പിന്നില്‍. അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിപ്പറിക്കാനുള്ള ശ്രമം വിജയിച്ചാല്‍ ഭാവിയില്‍ വന്‍ ദുരന്തമാകും സമൂഹത്തിനുണ്ടാവുക. ജീവനക്കാരുടെ ചെറുത്തുനില്‍പ്പിനും പ്രക്ഷോഭത്തിനും മുഴുവന്‍ ജനവിഭാഗങ്ങളും പിന്തുണനല്‍കണം-പിണറായി അഭ്യര്‍ഥിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani 180812

1 comment:

  1. രണ്ടാം മാറാട് കലാപത്തിനു പിന്നിലെ വിദേശബന്ധവും തീവ്രവാദബന്ധവും ധനസ്രോതസ്സും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 24 പ്രതികള്‍ക്കുകൂടി ജീവപര്യന്തം ശിക്ഷനല്‍കികൊണ്ടുള്ള ഹൈക്കോടതിവിധിയും പരാമര്‍ശങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്- സിപിഐ എം കാട്ടാക്കട ഏരിയാകമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete