Thursday, August 16, 2012

വാര്‍ത്തകള്‍ - പെന്‍ഷന്‍, വിളപ്പില്‍‌ശാല, സുധീരന്‍


പങ്കാളിത്ത പെന്‍ഷന്‍; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതോടെ ഇടതുപക്ഷ സംഘടനാ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 21ന് പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. പങ്കാളത്തിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനസംഘടന ചര്‍ച്ചകളില്‍ ആശങ്ക: വി എം സുധീരന്‍

കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ചകളില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ സംഘടന സംവിധാനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലെ പ്രബലരായ രണ്ട് ഗ്രൂപ്പിന്റെ വക്താക്കളാണ്. പുനസംഘടന സംബന്ധിച്ച് ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍ എത്രമാത്രം നീതിപൂര്‍വ്വമാകുമെന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പങ്കുവെക്കലിന് പോകാതെ കഴിവുള്ളവരെയാണ് ഭാരവാഹികളായി പരിഗണിക്കേണ്ടത്. ഓരോ ജില്ലയും ഗ്രൂപ്പ് തിരിച്ച് വീതം വെക്കുന്നത് ശരിയല്ല. പ്രസിഡന്റിന്റെ കാര്യക്ഷമതയാണ് പ്രധാനം. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പാനല്‍ തയ്യാറാക്കണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വരെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. സംഘടനാ തലത്തിലും കഴിഞ്ഞകാലങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍കാലത്തുണ്ടായ പാളിച്ചകള്‍ തിരുത്തിയാകണം പുനസംഘടനയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പുനസംഘടനയാണ് ഉണ്ടാവേണ്ടത്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരെ സംരക്ഷിക്കണം: സിപിഐ എം

ന്യൂഡല്‍ഹി: രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്ക് അവര്‍ താമസിക്കുന്നയിടങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് അവര്‍ പഠിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോരേണ്ട സ്ഥിതിയുണ്ട്. ഇത് ആശങ്കാജനകമാണ്. ഭീഷണിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് ഇവര്‍ക്ക് ഇങ്ങനെ പോരേണ്ടിവന്നത്. അതാതിടങ്ങളില്‍ അവര്‍ക്ക് സംരക്ഷണം നല്‍കണം. ഇതിന് സര്‍ക്കാരുകളും ഭരണ സംവിധാനവും ആവശ്യമായ നടപടി സ്വീകരിക്കണം. അടുത്തിടെ ബോഡോലാന്റ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത് പ്രാദേശിക കാരണങ്ങളാലാണ്. അതിന്റെ പേരില്‍ രാജ്യത്ത് മറ്റ് എവിടെയെങ്കിലും വികാരങ്ങള്‍ ഉണര്‍ത്താനുള്ള നീക്കങ്ങള്‍ കര്‍ശനമായി തടയണം ഭിന്നിപ്പുണ്ടാക്കാനുള്ള ഏത് നീക്കവും തടയാനും ഐക്യവും സമാധാനവും നിലനിര്‍ത്താനും എല്ലാവിഭാഗം ജനങ്ങളോടും പൊളിറ്റ്ബ്യൂറോ അഭ്യര്‍ത്ഥിച്ചു.

വിളപ്പില്‍ശാല സംഘര്‍ഷം; ഇന്റലിജന്‍സ് വീഴ്ചയെന്ന് ഹൈക്കോടതി

കൊച്ചി: വിളപ്പില്‍ശാലയില്‍ മാലിന്യസംസ്കരണ പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷം ഇന്റലിജന്‍സിന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലാന്റ് ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥിതി കോടതിയെ അറിയിക്കാന്‍ തീരുമാനിച്ച് അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ നിരോധനാജ്ഞ ലംഘിച്ചതായും പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

deshabhimani 

1 comment:

  1. വാര്‍ത്തകള്‍ - പെന്‍ഷന്‍, വിളപ്പില്‍‌ശാല, സുധീരന്‍

    ReplyDelete