Wednesday, August 22, 2012

ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്റര്‍


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് മതിലില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പുനസംഘടന അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതായും ജനകീയ മുഖ്യമന്ത്രി ചമയാനും ശ്രമിക്കുന്നതായും പോസ്റ്ററിലുണ്ട്.ഇന്ദിരാഭവന്റെ മതിലിലാണ് മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോതമംഗലം നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ നിലപാട് എടുത്തുവെന്ന് പോസ്റ്ററിലുണ്ട്. ഉമ്മന്‍ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണ്. തനിക്കു ശേഷം പ്രളയം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് പുനഃസംഘടന അട്ടിമറിച്ച് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു.

പരസ്യപ്രസ്താവനയ്ക്ക് കര്‍ശന വിലക്കെന്ന് ചെന്നിത്തല

നെല്ലിയാമ്പതി വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ കര്‍ശനമായി വിലക്കിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എഐസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നെല്ലിയാമ്പതിയില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരടക്കമുള്ള സംഘം സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപസമിതി കണ്‍വീനര്‍ സ്ഥാനം എം എം ഹസന്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് എം എം ഹസന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനുമെതിരെ രംഗത്തെത്തിയിരുന്നു. എംഎല്‍എമാര്‍ ഹസനെതിരെയും രംഗത്തെത്തിയതോടെയാണ് പരസ്യപ്രസ്താവനകള്‍ വിലക്കിക്കൊണ്ടുള്ള ചെന്നിത്തലയുടെ പ്രഖ്യാപനം വന്നത്.

വി ഡി സതീശനെയും ടി എന്‍ പ്രതാപനെയും പോലെ തരംതാഴാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ബുധനാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു. താന്‍ ദേശാടനം നടത്തുന്നത് പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നും ഹസന്‍ പറഞ്ഞു. കാക്കയ്ക്കും കുയിലിനും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാര്‍ നിലനിര്‍ത്തുന്ന മണ്ഡലങ്ങളില്‍ ദേശാടനപ്പക്ഷിയെപ്പോലെ പറന്നിറങ്ങി മത്സരിക്കുകയും പിന്നീട് കോണ്‍ഗ്രസിന് ജയിക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ഡലത്തെ മാറ്റിയെടുക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഹസനെന്ന് എംഎല്‍എമാരായ സതീശനും പ്രതാപനും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹസന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നെല്ലിയാമ്പതി ഉപസമിതിയെ ധിക്കരിച്ച് എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത് ദൗര്‍ഭാഗ്യകരമാണ്. ഗ്രീഡി പൊളിറ്റിക്സ് എന്ന തന്റെ പ്രയോഗം ആരെയും ഉദ്ദേശിച്ചല്ലയെന്നും അത് ആര്‍ക്കാണോ ചേരുന്നത് അവര്‍ അത് അണിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചലമായ നേതൃത്വം ഉടന്‍ മാറണം: എ സി ജോസ്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിശ്ചലമാണെന്നും നേതൃമാറ്റം ഉടന്‍ വേണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മരവിച്ചിരിക്കുകയാണ്. 30 വര്‍ഷത്തോളമായി കെപിസിസി ഭാരവാഹി, എംപി, എംഎല്‍എ എന്നീ നിലകളില്‍ ഒരേസമയം തുടരുന്ന നിരവധി നേതാക്കളുണ്ട്. ഇതിനു മാറ്റമുണ്ടാകണം.

കോണ്‍ഗ്രസിലെ പുന:സംഘടന ഗ്രൂപ്പുകള്‍ തമ്മിലുള്ള വീതം വയ്പ്പായി മാറിയിരിക്കുകയാണ്. പുന:സംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരിടത്തുമെത്താതെ നീണ്ടുപോവുകയാണ്. പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

നെല്ലിയാമ്പതിയിലെ വനഭൂമി കൈയ്യേറ്റം ഉടനെയൊന്നും പരിഹരിക്കാന്‍ കഴിയില്ല. നിയമക്കുരുക്കും അതിന്റെ ഉള്ളില്‍ കുരുക്കുമാണ്. കൈയ്യേറ്റക്കാരില്‍ കര്‍ഷകരും അല്ലാത്തവരുമുണ്ട്. അതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. നെല്ലിയാമ്പതി അടക്കമുള്ള വിഷയങ്ങളില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ ഇടപെടല്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

deshabhimani

2 comments:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് മതിലില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പുനസംഘടന അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതായും ജനകീയ മുഖ്യമന്ത്രി ചമയാനും ശ്രമിക്കുന്നതായും പോസ്റ്ററിലുണ്ട്.ഇന്ദിരാഭവന്റെ മതിലിലാണ് മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

    ReplyDelete
  2. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കെപിസിസി ആസ്ഥാനത്തിന്റെ മതിലില്‍ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ഓഫീസ് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

    ReplyDelete