Wednesday, August 22, 2012

സര്‍ക്കാരിന്റെ ലാഭക്കൊതിയില്‍ ഇവര്‍ക്ക് നഷ്ടമായത് അച്ഛനെ


"ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമില്ലെന്ന വാര്‍ത്ത അച്ഛനോട് പറഞ്ഞത് ഞാനാണ്. അതു കേട്ടതോടെ ഭയങ്കര വിഷമമായി. എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല". രാമനായ്ക്കിന്റെ വാക്കുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത ജാനു നായ്ക്കിന്റെ മകനാണ് രാമ നായ്ക്ക്. അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ രാമ നായ്ക്കിന്റെ ഒരോ വാക്കും പ്രതിക്കൂട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ.

ക്യാന്‍സര്‍ രോഗത്തിന്റെ കാഠിന്യത്തില്‍ രാത്രി അച്ഛന്‍ വേദനയില്‍ നിലവിളിക്കുമായിരുന്നു. സര്‍ക്കാരിന്റെ പ്രതിമാസ സഹായം ലഭിക്കുന്നത് ആശ്വാസമായിരുന്നു. അതില്ലാതായെന്നറിഞ്ഞപ്പോള്‍ വളരെ പ്രയാസമായി. രോഗബാധിതനാണെന്നറിഞ്ഞിട്ടും ഇടക്കിടെ പണിക്ക് പോകുമായിരുന്നു. കവുങ്ങിന് മരുന്നുതളിക്കലായിരുന്നു ജോലി. അവശത കൂടിയപ്പോള്‍ പണി നിര്‍ത്തി. മൂന്ന് കൊല്ലമായി പണിയൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. സംഭവദിവസം വീട്ടില്‍നിന്നിറങ്ങിയ അച്ഛനെ പിന്നെ കാണുന്നത് മരിച്ചതായാണ്- രാമ നായ്ക്ക് പറഞ്ഞു. ഇയാള്‍ക്കുപുറമെ ലളിത, വിമല, സുന്ദര, യശോദ എന്നീ മക്കളും ജാനു നായ്ക്കിനുണ്ട്.

ഇതുവരെ സഹായം ലഭിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക ചുരുക്കി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ദുരന്തം ആവര്‍ത്തിക്കുമെന്ന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ജാനു നായ്ക്കിന്റെ മൃതദേഹം കാണാനെത്തിയവര്‍ ഒന്നടങ്കം പറഞ്ഞു. തീര്‍ത്തും അശാസ്ത്രീയ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ അനുവദിച്ച എടിഎം കാര്‍ഡ് ഇവര്‍ക്ക് ഇരട്ടിദുരിതം സമ്മാനിക്കുകയാണ്. പരസഹായം പോലുമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇതെങ്ങനെ പ്രയോജനപ്പെടുമെന്ന് ഇവര്‍ ചോദിക്കുന്നു.

ദുരന്തബാധിതരെ മരണത്തിലേക്ക് തള്ളിവിടരുത്: കെ പി സതീഷ്ചന്ദ്രന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ മരണത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയുടെ ഫലമായാണ് ബെള്ളൂര്‍ പഞ്ചായത്തിലെ അറുപതുകാരനായ ജാനു നായ്ക്ക് ജീവനൊടുക്കിയത്. അവശരായ രോഗികളുടെ പട്ടികയിലുള്‍പ്പെടുത്തി 2,000 രൂപ പെന്‍ഷന്‍ വാങ്ങുന്ന ജാനു നായ്ക്കിനെ പോലുള്ളവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ലെന്ന് പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ദുരന്തബാധിതരുടെ ലിസ്റ്റില്‍നിന്ന് മഹാഭൂരിപക്ഷത്തെയും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണിത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തിയ രോഗികളെയാണ് ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഇത് പൂര്‍ണമായും തെറ്റാണെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. അനര്‍ഹരായ ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ അത് അവരെ ബോധ്യപ്പെടുത്തി ഒഴിവാക്കുന്നതിന് ആരും എതിരല്ല. എന്നാലിവിടെ ആളുകളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ്. 11 പഞ്ചായത്തിലുമായി പൂര്‍ണമായും കിടപ്പിലാണെന്ന് കണ്ടെത്തിയവര്‍ 541 പേരും കിടപ്പിലായതിന് സമാനമായ രണ്ടായിരത്തോളം ആളുകളുമാണുള്ളത്. അതാണ് വെട്ടിക്കുറച്ച് ഇപ്പോള്‍ 103 ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെല്ലാം രോഗം ഭേദമായവരാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓണത്തിനു മുമ്പ് ധനസഹായത്തിന്റെ ഒന്നാം ഗഡു നല്‍കി മഹാഭൂരിപക്ഷത്തിനും സഹായം നിഷേധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും ജാനു നായ്ക്കിന്റെ കുടുംബത്തിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഭീതിയൊഴിയാതെ ബെള്ളൂര്‍

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ കണ്ണീരൊഴിയാതെ ബെള്ളൂര്‍ ഗ്രാമം. വിഷമഴ നഞ്ഞ മണ്ണില്‍ വേദനയുടെ തീരാദുരിതം പേറി നിരവധിയാളുകളാണ് ഇവിടെ നരകതുല്യ ജീവിതം നയിക്കുന്നത്. ഇവരുടെയെല്ലാം പ്രതിഷേധത്തിന്റെ പ്രതീകമാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ജാനു നായ്ക്ക്. ഞെട്ടലോടെയാണ് ഗ്രാമം ജാനു നായ്ക്കിന്റെ ദുരന്തം ശ്രവിച്ചത്. നാല് ഭാഗങ്ങളും പ്ലാന്റേഷനാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ബെള്ളൂര്‍. എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട നെഞ്ചന്‍പറമ്പിന്റെ താഴ്വാരമാണിത്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഏറെയുള്ള പെര്‍ളയുടെയും സ്വര്‍ഗയുടെയും താഴ്വാരവുമാണ് ബെള്ളൂര്‍ പഞ്ചായത്തിന്റെ ഒരുഭാഗം. സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയില്‍ ആശ്രയമറ്റ നിരവധി കുടുംബങ്ങളെ ഇവിടെ കാണാം. മുന്നൂറിലേറെ രോഗബാധിതരുണ്ട്. ഇതിനകം 20 പേര്‍ മരിച്ചു. ഇതില്‍ ചികിത്സ കിട്ടാതെ മരിച്ച ഗോളിക്കട്ടയിലെ പിഞ്ചുകുഞ്ഞ് പ്രജിഷ ഇന്നും നാട്ടുകാരുടെ നൊമ്പരമാണ്. ഇതിനിടയിലാണ് ഒരാഘാതമായി ജാനു നായ്ക്കിന്റെ ആത്മഹത്യ. ഇത്തരം നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ മരണം ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

deshabhimani 220812

1 comment:

  1. "ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമില്ലെന്ന വാര്‍ത്ത അച്ഛനോട് പറഞ്ഞത് ഞാനാണ്. അതു കേട്ടതോടെ ഭയങ്കര വിഷമമായി. എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല". രാമനായ്ക്കിന്റെ വാക്കുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത ജാനു നായ്ക്കിന്റെ മകനാണ് രാമ നായ്ക്ക്. അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ രാമ നായ്ക്കിന്റെ ഒരോ വാക്കും പ്രതിക്കൂട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ.

    ReplyDelete