Wednesday, August 22, 2012

രാജ്യത്ത് മരുന്നുപരീക്ഷണം നടക്കുന്നുവെന്ന് കേന്ദ്രം


ബഹുരാഷ്ട്രകമ്പനികളും ഇന്ത്യന്‍ കമ്പനികളും രാജ്യത്ത് മരുന്നുപരീക്ഷണം തുടരുന്നതായി മന്ത്രി ഗുലാം നബി ആസാദ് അറിയിച്ചു. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്നതില്‍നിന്ന് മരുന്നുകമ്പനികളെ വിലക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. കെ എന്‍ ബാലഗോപാലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 131.14 പൊലീസുകാരാണ് നിലവിലുള്ളതെന്ന് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഒരു ലക്ഷത്തിന് 140.93 പൊലീസുകാര്‍ വേണമെന്നിരിക്കെയാണിത്. പി കരുണാകരന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കബോട്ടാഷ് നിയമവുമായി ബന്ധപ്പെട്ട് അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ജി കെ വാസന്‍ അറിയിച്ചു. നിയമം മാറ്റരുതെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരകപ്പല്‍ കമ്പനികളുടെ അപേക്ഷ ലഭിച്ചിട്ടുള്ളതായും പി രാജീവിന്റെ ചോദ്യത്തിനു മന്ത്രി മറുപടി നല്‍കി. വിദേശകപ്പലുകള്‍ ആഭ്യന്തര തുറമുഖത്ത് അടുപ്പിക്കുന്നത് വിലക്കുന്നതാണ് കബോട്ടാഷ് നിയമം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കബോട്ടാഷ് നിയമത്തിന് ഇളവ് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഉടന്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടിരുന്നു.

വെളിച്ചെണ്ണയ്ക്ക് സബ്സിഡി അനുവദിക്കുകയോ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണംചെയ്യുകയോ ചെയ്യില്ലെന്ന് മന്ത്രി കെ വി തോമസ് അറിയിച്ചു. വിവിധ തസ്തികകളിലായി ആകാശവാണിയില്‍ 8469ഉം ദൂരദര്‍ശനില്‍ 5753ഉം ഒഴിവുണ്ടെന്ന് മന്ത്രി സി എം ജത്വ പി കെ ബിജുവിനെ അറിയിച്ചു. നേരിട്ടു നിയമനം നടത്തുന്ന ഗ്രൂപ്പ് എ തസ്തികയിലും മറ്റും 1997 മുതല്‍ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിപരിഹാരത്തിന് എല്ലാ ജില്ലകളിലും ഓംബുഡ്സ്മാനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പ്രദീപ് ജയിന്‍ ആദിത്യ അറിയിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള മോണിറ്ററിങ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയതായും എം പി അച്യുതനെ മന്ത്രി അറിയിച്ചു.

deshabhimani 220812

No comments:

Post a Comment