Saturday, August 18, 2012

പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു


സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും സിപിഐ നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, പള്ളിപ്രം ബാലന്‍, സി പി മുരളി, താവം ബാലകൃഷ്ണന്‍, സി പി സന്തോഷ്കുമാര്‍, എ പ്രദീപന്‍ എന്നിവരാണ് വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ ജയിലില്‍ എത്തിയത്. ഈ സമയം പി ജയരാജന്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്ക് പോയിരുന്നു. ജയരാജന്‍ തിരിച്ചെത്തി സംസാരിച്ചശേഷമാണ് നേതാക്കള്‍ മടങ്ങിയത്. കഴിഞ്ഞദിവസം എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി പി സന്തോഷ്കുമാറും ജയിലിലെത്തിയിരുന്നു.

സിപിഐ എം നേതാക്കളെ സന്ദര്‍ശിക്കേണ്ടെന്ന് തീരുമാനമില്ല: സിപിഐ

കണ്ണൂര്‍: സിപിഐ എം നേതാക്കളെ ജയിലില്‍ സന്ദര്‍ശിക്കേണ്ടെന്ന് സിപിഐ തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാപരമായ തിരക്കുകള്‍ക്കിടയില്‍ സന്ദര്‍ശനം അല്‍പം വൈകിയതിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുകയാണ്. നേരത്തെ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ച ദിവസമാണ് പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സിപിഐ ജില്ലാസെക്രട്ടറി സി രവീന്ദ്രനും സംസ്ഥാന കൗണ്‍സില്‍ അഗം സി പി മുരളിയും ജയില്‍സന്ദര്‍ശനത്തിനുശേഷം പറഞ്ഞു. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ പേരിലാണ് ചില തര്‍ക്കങ്ങള്‍ ഉണ്ടായത്. സിപിഐ എം ഹര്‍ത്താല്‍ നടത്തുമെന്ന് ചാനലുകള്‍ വാര്‍ത്ത കാണിച്ചുതുടങ്ങിയപ്പോഴാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ സംബന്ധിച്ച ആലോചനക്കായി കണ്‍വീനര്‍ കെ പി സഹദേവന്‍ ബന്ധപ്പെട്ടത്. സിപിഐ എം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സ്ഥിതിയില്‍ ഇനി എല്‍ഡിഎഫ് ഹര്‍ത്താല്‍ വേണോ എന്നായിരുന്നു അപ്പോള്‍ സ്വീകരിച്ച നിലപാട്. ജയരാജന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫാണ് ഹര്‍ത്താല്‍ നടത്തിയത്. മുന്നണിയെ ബാധിക്കുംവിധമുള്ള ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. മറ്റ് കാര്യങ്ങള്‍ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഇരുവരും പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി പി സന്തോഷ്കുമാര്‍, എ പ്രദീപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഒരേതരത്തിലുള്ള കേസുകളില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: പന്ന്യന്‍

ചേര്‍ത്തല: ഒരേ സ്വഭാവമുള്ള കേസുകളില്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ഭീകര തകര്‍ച്ചയിലേക്ക് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് കൂടുതല്‍ ഐക്യത്തോടെ അതിശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ അനങ്ങുന്നില്ല. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ കേസില്‍കുടുക്കുന്നു. കേസില്‍ ഉള്‍പെട്ടവര്‍ കുറ്റവാളികളാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. മനുഷ്യരെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നതിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുക്കണം. പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിസംഗത പ്രതിഷേധാര്‍ഹമാണ്.


deshabhimani 180812

1 comment:

  1. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും സിപിഐ നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, പള്ളിപ്രം ബാലന്‍, സി പി മുരളി, താവം ബാലകൃഷ്ണന്‍, സി പി സന്തോഷ്കുമാര്‍, എ പ്രദീപന്‍ എന്നിവരാണ് വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ ജയിലില്‍ എത്തിയത്. ഈ സമയം പി ജയരാജന്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്ക് പോയിരുന്നു. ജയരാജന്‍ തിരിച്ചെത്തി സംസാരിച്ചശേഷമാണ് നേതാക്കള്‍ മടങ്ങിയത്. കഴിഞ്ഞദിവസം എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി പി സന്തോഷ്കുമാറും ജയിലിലെത്തിയിരുന്നു.

    ReplyDelete