Wednesday, August 22, 2012

ചൂഷണത്തിന്റെ പുതിയ ഇരകള്‍


കോതമംഗലത്തെ നേഴ്സുമാരുടെ സമരമായിരുന്നു പോയ വാരത്തിലെ പ്രധാനവാര്‍ത്തകളില്‍ ഒന്ന്. നൂറുദിവസത്തിലധികമായി തുടരുന്ന സമരം ഒത്തുതീരാത്ത സാഹചര്യത്തിലാണ് മൂന്നുപേര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് കയറിയത്. ഇതോടെ സമരത്തിന്റെ സ്വഭാവം മാറി. വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ന്യൂസ് ചാനലുകളുടെ ക്യാമറകള്‍ അങ്ങോട്ടേക്ക് പാഞ്ഞു. തത്സമയ സംപ്രേഷണങ്ങള്‍ ആളുകളെ സമരകേന്ദ്രത്തിലേക്ക് എത്തിച്ചു. കേരളത്തില്‍ അടുത്തകാലത്തൊന്നും തൊഴിലാളി സമരങ്ങളില്‍ പ്രയോഗിക്കാത്ത രീതിയാണ് ആത്മഹത്യസ്ക്വാഡുകള്‍. എന്നാല്‍, ഇങ്ങനെയൊരു രൂപം സ്വീകരിക്കാന്‍ സമരക്കാര്‍ നിര്‍ബന്ധിതമായതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അങ്ങേയറ്റത്തെ നിസ്സംഗതയാണ് പ്രകടിപ്പിച്ചത്. പ്രതിപക്ഷനേതാവും മറ്റു ജനപ്രതിനിധികളും ഇടപെട്ടിട്ടും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ സമരസ്ഥലത്ത് എത്തിയില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
 
നാട്ടിലെ ജനങ്ങളാകെ സമരസജ്ജരായി രംഗത്തിറങ്ങിയതോടെ സമരം ഒത്തുതീര്‍ക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായി. കേരളത്തിലും ഡല്‍ഹിയിലുമായി നടന്ന നിരവധി സമരങ്ങളില്‍ ഇടപെടുന്നതിനും ഒത്തുതീര്‍പ്പുകളിലേക്ക് എത്തിക്കുന്നതിനും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ശക്തമായ നേഴ്സിങ് സമരം നടന്ന അമൃതയില്‍ തുടര്‍ച്ചയായി നിരവധി ദിവസങ്ങള്‍ ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചാണ് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നത്. കോതമംഗലത്തും കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അവിടെനിന്നും പോയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ട് രണ്ടാം ദിവസം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചകളിലെല്ലാം തെളിഞ്ഞു കാണുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന അരാജകപ്രവണതകളാണ്. രണ്ടായിരവും മൂവായിരവും രൂപ മാത്രം ശമ്പളം കിട്ടുന്നവരാണ് മഹാഭൂരിപക്ഷം നേഴ്സുമാരും. നിരോധിക്കപ്പെട്ടെങ്കിലും ബോണ്ട് സമ്പ്രദായം പലയിടങ്ങളിലും തുടരുന്നു. ബോണ്ടിന്റെ കാലാവധി കഴിഞ്ഞാലും സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ പിന്നെയും നിരവധി കടമ്പകളുണ്ട്. ജോലി സമയത്തിന് ഒരു വ്യവസ്ഥയുമില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ് മിക്കവാറും ആശുപത്രികളിലെ നേഴ്സുമാര്‍. ഇവരുടെ സേവനത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുമില്ല. വിജയിച്ച ഓപ്പറേഷനുകളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ അതില്‍ വിശ്രമരഹിതമായി ഇടപെടുന്ന നേഴ്സുമാരുടെ പേരുകള്‍ ആരും കാണാറില്ല. ചില സമരങ്ങള്‍ ശക്തമായി നടന്നുവെങ്കിലും മിക്കവാറും അസംഘടിതരാണ് ഈ സമൂഹം.

നല്ലൊരു വിഭാഗവും നാട്ടിലെ ആശുപത്രികളിലെ ജോലിയെ കണ്ടിരുന്നത് വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള പരിശീലനത്തിനുള്ള ഇടമായിട്ടാണ്. എന്നാല്‍, ഇന്ന് വിദേശ അവസരങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. നല്ലൊരു വിഭാഗവും നാട്ടില്‍ തന്നെ ജോലി ചെയ്യുന്നതിന് നിര്‍ബന്ധിതരാകുന്നു. നേരത്തെ പലതും സഹിച്ച് നിന്നിരുന്നത് സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രമാണ്. എന്നാല്‍, ഇന്ന് ഈ തൊഴില്‍ അവരുടെ ജീവിതമാര്‍ഗമായി തന്നെ മാറി. വിദ്യാഭ്യാസസമ്പ്രദായത്തിലെ മാറ്റം ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. പുതിയ തലമുറ നേഴ്സുമാരില്‍ മഹാഭൂരിപക്ഷവും സ്വാശ്രയ സംവിധാനത്തിന്റെ സന്തതികളാണ്. പ്രവേശനം കിട്ടുന്നതിനായി ലക്ഷങ്ങളാണ് മുടക്കേണ്ടിവന്നിട്ടുള്ളത്. ഇതു കൂടാതെ ഉയര്‍ന്ന ഫീസും. ഇതിനായി ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവരുന്നു. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്നവര്‍ക്ക് തിരിച്ചടവുകള്‍ അസാധ്യമാകുന്നു. ഇതു വല്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ആശുപത്രിയുടെ മുകളില്‍ ആത്മഹത്യചെയ്യാന്‍ തയ്യാറായവര്‍ ഈ സാഹചര്യത്തെ കൂടി നേരിടുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിരവധി ആളുകള്‍ അവരുടെ പ്രശ്നങ്ങളുമായി സമീപിക്കുന്നുണ്ട്. എന്നാല്‍, എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളില്ല. പലരും പതുക്കെ പതുക്കെ കടക്കെണിയിലേക്ക് നീങ്ങുകയാണ്.

കര്‍ഷക ആത്മഹത്യകളാണ് കടക്കെണിയുടെ ഭാഗമായി ഇപ്പോള്‍ കാണുന്നതെങ്കില്‍ വിദ്യാഭ്യാസവായ്പയെടുത്ത് കെണിയിലായവരുടെ കൂട്ട ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു. സര്‍ക്കാരിന്റെ വിദ്യാഭ്യാസമേഖലയില്‍നിന്നുള്ള പിന്‍വാങ്ങലാണ് ഈ സാഹചര്യത്തിന്റെ പ്രധാന സൃഷ്ടി. അത് തിരുത്തുന്നതിന് പകരം കൂടുതല്‍ കൂടുതല്‍ വാണിജ്യവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേഴ്സുമാരുടെ മിനിമം കൂലിയെന്നത് കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഇപ്പോഴും ഇത് നടപ്പിലാക്കാത്തവയാണ് നല്ലൊരു പങ്കു മാനേജ്മെന്റുകളും. ജോലി സുരക്ഷിതത്വം പലയിടങ്ങളിലും മരീചികയാണ്. തീര്‍ന്ന സമരങ്ങളിലെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് വീണ്ടും വീണ്ടും സമരം ചെയ്യേണ്ട സാഹചര്യമാണ് മിക്കവാറും സ്ഥലങ്ങളിലുള്ളതെന്നും കാണണം. സര്‍ക്കാര്‍ കര്‍ശനമായി ഇടപെടാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിയില്ല. സംഘടിത ട്രേഡ് യൂണിയനുകളും ഗൗരവത്തോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവരും. ഇതുപോലെതന്നെ കടുത്ത ചൂഷണം അനുഭവിക്കുന്നവരാണ് അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും മറ്റും. രണ്ടായിരവും മൂവായിരവും മറ്റുമാണ് സ്കൂള്‍ അധ്യാപകരുടെ ശമ്പളം. പലരും ഉയര്‍ന്ന ശമ്പളത്തിന്റെ വൗച്ചറില്‍ എഴുതി ഒപ്പിട്ട് കൊടുക്കണം. കൈയില്‍ കിട്ടുന്നത് നിസാര ശമ്പളം.

ചെറുകാടിന്റെ മുത്തശ്ശിയിലെ പല കാര്യങ്ങളുടേയും തനിയാവര്‍ത്തനം ഈ സ്കൂളുകളുടെ നേര്‍ചിത്രമാണ്. സ്വാശ്രയ കോളേജുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുജിസി നിരക്ക് വാങ്ങുന്ന അധ്യാപകര്‍ ചെയ്യുന്ന ജോലി തന്നെയാണ് ഇവിടെയുള്ള അധ്യാപകരും ചെയ്യുന്നത്. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നതിന്റെ പത്തുശതമാനം പോലും കിട്ടാതെയാണ് നല്ലൊരു വിഭാഗവും ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. കടുത്ത ചുഷണത്തിന്റെ മറ്റൊരു ഇടമാണിത്. ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഒരു പൊട്ടിത്തെറി ഇവിടെനിന്നും പ്രതീക്ഷിക്കാം. പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങളുമായി ചേര്‍ത്തുവച്ചായിരിക്കണം ഇത്തരം പ്രശ്നങ്ങളെ വായിച്ചെടുക്കേണ്ടത്. ഇപ്പോഴും അസംഘടിതമാണ് ഈ മേഖലകള്‍ എന്ന തിരിച്ചറിവും അതിന് അനുസൃതമായ പ്രവര്‍ത്തനരീതികളും ഈ കാലം ആവശ്യപ്പെടുന്നുണ്ട്.

(പി രാജീവ്  ദേശാഭിമാനി‌)

1 comment:

  1. കോതമംഗലത്തെ നേഴ്സുമാരുടെ സമരമായിരുന്നു പോയ വാരത്തിലെ പ്രധാനവാര്‍ത്തകളില്‍ ഒന്ന്. നൂറുദിവസത്തിലധികമായി തുടരുന്ന സമരം ഒത്തുതീരാത്ത സാഹചര്യത്തിലാണ് മൂന്നുപേര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് കയറിയത്. ഇതോടെ സമരത്തിന്റെ സ്വഭാവം മാറി. വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ന്യൂസ് ചാനലുകളുടെ ക്യാമറകള്‍ അങ്ങോട്ടേക്ക് പാഞ്ഞു. തത്സമയ സംപ്രേഷണങ്ങള്‍ ആളുകളെ സമരകേന്ദ്രത്തിലേക്ക് എത്തിച്ചു. കേരളത്തില്‍ അടുത്തകാലത്തൊന്നും തൊഴിലാളി സമരങ്ങളില്‍ പ്രയോഗിക്കാത്ത രീതിയാണ് ആത്മഹത്യസ്ക്വാഡുകള്‍. എന്നാല്‍, ഇങ്ങനെയൊരു രൂപം സ്വീകരിക്കാന്‍ സമരക്കാര്‍ നിര്‍ബന്ധിതമായതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അങ്ങേയറ്റത്തെ നിസ്സംഗതയാണ് പ്രകടിപ്പിച്ചത്. പ്രതിപക്ഷനേതാവും മറ്റു ജനപ്രതിനിധികളും ഇടപെട്ടിട്ടും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ സമരസ്ഥലത്ത് എത്തിയില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

    ReplyDelete