Thursday, August 23, 2012

ജനങ്ങളുടെ താക്കീത്


കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനയ നിലപാടുകള്‍ക്കെതിരായ ജനങ്ങളുടെ രോഷംനിറഞ്ഞ താക്കീതായി ബുധനാഴ്ചത്തെ പ്രക്ഷോഭമുന്നേറ്റം. ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിത്തന്നെ സിപിഐ എം നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്തവരുടെ ബാഹുല്യം കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിലേക്ക് അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പാകത്തിലുള്ളതായി. സിപിഐ എമ്മിന്റെ പ്രതീക്ഷയെ മറികടക്കുന്നവിധത്തില്‍ വളന്റിയര്‍മാര്‍ക്കൊപ്പം ജനങ്ങള്‍, തിളച്ചുമറിയുന്ന രോഷവുമായി അധികാരകേന്ദ്രങ്ങള്‍ വളയാന്‍ ഇരമ്പിക്കയറുകയായിരുന്നു. ജനങ്ങള്‍ നേരിടുന്ന അതിരൂക്ഷമായ പ്രശ്നങ്ങളൊന്നുപോലും കാണാതിരിക്കുകയും കപടവിഷയങ്ങള്‍കൊണ്ട് പുകമറസൃഷ്ടിച്ച് അതിനുപിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും അടിച്ചമര്‍ത്തലും നടത്തുകയുംചെയ്യുന്ന ഭരണവര്‍ഗത്തിന്റെ മനുഷ്യത്വമില്ലായ്മയ്ക്കും സ്വേച്ഛാധികാരപ്രയോഗത്തിനുമെതിരെ കേരളം സടകുടഞ്ഞുണരുന്നതാണ് ബുധനാഴ്ച കണ്ടത്.

എല്ലാ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതല്‍ വളന്റിയര്‍മാര്‍; അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്വയമേവ സമരസജ്ജരായി എത്തുന്ന വന്‍ ജനിര, ജനങ്ങളുടെ രോഷത്തിന്റെ ഈ ഭാഷ അധികാരികള്‍ മനസ്സിലാക്കുമോ എന്നതാണ് ഇനി കാണേണ്ടത്. മനസ്സിലാക്കുന്നില്ലെങ്കില്‍ എന്താണുണ്ടാവുക എന്നതിന്റെ സൂചന കൂടിത്തരുന്നുണ്ട് ഈ സമരമുന്നേറ്റം. അവജ്ഞയോടെ ഇന്ത്യന്‍ ഭരണാധികാരികളെ ലോകം നോക്കിക്കാണുന്ന ജീര്‍ണാവസ്ഥയിലേക്ക്, ഭരണത്തെ കൊടിയ അഴിമതികളിലൂടെ തുടരെ നയിക്കുകയാണ് സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തില്‍ ഡോ. മന്‍മോഹന്‍സിങ്. ഇന്ത്യയുടെ ചരിത്രത്തിലില്ലാത്തതും സാധാരണ പൗരജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും ആകാത്തതുമായ തലത്തിലേക്ക്- ലക്ഷക്കണക്കിനു കോടികളിലേക്ക്- അഴിമതിയെ ഇവര്‍ സ്ഥാപനവല്‍ക്കരിച്ച് ഉയര്‍ത്തിയെടുത്തിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ കുംഭകോണങ്ങളില്‍ നൂറുകണക്കിനും ആയിരക്കണക്കിനും കോടികളാണ് ഖജനാവില്‍നിന്ന് ചോര്‍ത്തപ്പെട്ടതെങ്കില്‍ 2ജി സ്പെക്ട്രം കുംഭകോണമായപ്പോള്‍ 1,76,000 കോടിയുടെ കൊള്ളയടിയായി. കല്‍ക്കരിപ്പാട കുംഭകോണത്തിലാകട്ടെ, അതിനെയും കടത്തിവെട്ടി 1,86,000 കോടിയായി. ജനങ്ങളുടെ സേവനത്തിനും നാടിന്റെ വികസനത്തിനും ചെലവാകേണ്ട തുക ഇങ്ങനെ ഖജനാവില്‍നിന്ന് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നു.

ജനങ്ങളാകട്ടെ, അതിരൂക്ഷമായ വിലക്കയറ്റത്തിലും പട്ടിണിയിലും പോഷകാഹാരരാഹിത്യത്തിലുംപെട്ട് ഉഴലുന്നു. അതേസമയംതന്നെ ലക്ഷക്കണക്കിനു കോടികള്‍ ബജറ്റുകളിലൂടെയും അല്ലാതെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് ഇളവുചെയ്തുകൊടുക്കുന്നു. കര്‍ഷക ആത്മഹത്യകളും ചെറുകിട വ്യാപാരികളുടെ ആത്മഹത്യയും ഒക്കെ നിത്യസംഭവങ്ങളായി മാറുന്നു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തിലെവിടെയും പാവപ്പെട്ടവനില്ല എന്നും അമേരിക്കയുടെയും കോര്‍പറേറ്റ് വമ്പന്മാരുടെയും പ്രീതിക്കായുള്ള നടപടികളുടെമാത്രം നിര്‍വഹണ ഏജന്‍സിയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും തെളിയുന്നു. 2ജി സ്പെക്ട്രം ഇടപാടുകാര്യത്തില്‍ അഴിമതി നടന്നത് തന്റെ വകുപ്പിലല്ലെന്നുപറഞ്ഞൊഴിഞ്ഞ പ്രധാനമന്ത്രി കല്‍ക്കരി കുംഭകോണകാര്യത്തില്‍ പറയാന്‍ അത്തരമൊരു മറുപടിപോലുമില്ലാതെ നിസ്സഹായനായി നില്‍ക്കുന്നു. രാജയ്ക്ക് ഒരു നീതി; തനിക്ക് മറ്റൊന്നും എന്ന ഈ ഇരട്ടത്താപ്പ് ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ത്തന്നെ പ്രധാനമന്ത്രിയെ അപഹാസ്യനാക്കുന്നു. ഈ പ്രധാനമന്ത്രിയും ഭരണസംവിധാനവും ഇന്ത്യയുടെ വലിയ ബാധ്യതയായിരിക്കുന്നു. ഈ ഒരു തിരിച്ചറിവ് ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിലാകെ പ്രതിഫലിച്ചിട്ടുണ്ട്. അതിന്റെ പ്രതിധ്വനികള്‍ കേരളത്തില്‍ നടന്ന പ്രക്ഷോഭത്തിലും ഉയര്‍ന്നുവെന്ന് വ്യക്തം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാകട്ടെ, നേര്‍ത്ത ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രതിപക്ഷത്തെ ചുട്ടെരിക്കാമെന്ന ചിന്തയോടെയുള്ള സംഹാരയത്നത്തിലാണ്. അതിന്റെ ആദ്യപടിയാണ് തീര്‍പ്പാക്കാത്ത ഒരു വധക്കേസിന്റെ മറവില്‍ നടത്തുന്ന സിപിഐ എം വേട്ടയും നരമേധവും. കേരളത്തില്‍ പൊതുവിലും വടക്കന്‍ മലബാറില്‍ പ്രത്യേകിച്ചും ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുന്ന വിധത്തില്‍ പൊലീസ് സേനയെ ഉപയോഗിച്ച് കിരാതവാഴ്ച നടത്തുകയാണ്; അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെന്നോണം. ഒരുവശത്ത് ഇത്തരമൊരു ഭീകരാന്തരീക്ഷമുണ്ടാക്കി എതിര്‍പ്പിന്റെ ചെറുചലനങ്ങളെപ്പോലും ഞെരിച്ചമര്‍ത്താന്‍ ശ്രമിക്കുകയും മറുവശത്ത് ഇതിന്റെ മറവില്‍ ഭൂമാഫിയാ പ്രീണനം, അഴിമതി, മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരായ അഴിമതിക്കേസുകള്‍ ഇല്ലാതാക്കല്‍, ജുഡീഷ്യല്‍ സമിതികള്‍ പിരിച്ചുവിടല്‍, ജീവനക്കാര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍, ദുര്‍ബലവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കല്‍, പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ധ്വംസിക്കല്‍ തുടങ്ങിയവ തകൃതിയായി നടത്തുകയുമാണ്. കര്‍ഷക ആത്മഹത്യ, ലോക്കപ്പ് കൊലപാതകം, വര്‍ഗീയ സംഘര്‍ഷം തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്നു. സര്‍ക്കാര്‍ സഹായം അര്‍ഹതയുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികവരെ വെട്ടിച്ചുരുക്കുന്നതില്‍നിന്നും ബീഫാം ഫീസ് ഇരട്ടിയിലേറെ കൂട്ടുന്നതില്‍നിന്നും നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ തീര്‍ന്നവര്‍ക്കും കരാര്‍ ലംഘിച്ചവര്‍ക്കും വേണ്ടി വാദിക്കുന്നതില്‍നിന്നുമെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്നത് ആവര്‍ത്തിച്ചുവെളിപ്പെടുകയാണ്.

കനത്ത നികുതിഭാരംകൊണ്ടും രൂക്ഷമായ വിലക്കയറ്റംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിക്കഴിയുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിലുള്ളവര്‍ കോഴയടക്കമുള്ള ആരോപണങ്ങളുമായി ചേരിപ്പോര് തീവ്രമാക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ വിളംബരംകൂടിയായി സിപിഐ എം ഉപരോധത്തിന്റെ പ്രതീക്ഷയെ കടന്നുനില്‍ക്കുന്ന വിജയം. ജനാധിപത്യപരമായ സമരങ്ങളെ തകര്‍ക്കാന്‍ നിയമവ്യവസ്ഥകള്‍പോലും കര്‍ക്കശമാക്കിയിട്ടും അടിച്ചമര്‍ത്താന്‍ വന്‍ പൊലീസ് വ്യൂഹത്തെ നിരത്തിയിട്ടും കള്ളക്കേസുകളുടെ ഭീഷണിയുയര്‍ത്തിയിട്ടും വന്‍തോതില്‍ വളന്റിയര്‍മാരും ജനങ്ങളും അധികാരകേന്ദ്രങ്ങളിലേക്ക് രോഷത്തോടെ കുതിച്ചെത്തി എന്നത് നാട് എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്.

നാടിന്റെ ഹൃദയമിടിപ്പാണതിലുള്ളത്. കള്ളപ്രചാരണങ്ങളും കള്ളക്കേസുകളുംകൊണ്ട് തകര്‍ക്കാവുന്ന പ്രസ്ഥാനമല്ല സിപിഐ എം എന്ന് അധികാരികള്‍ തിരിച്ചറിയണം. ജനാധിപത്യത്തെയും സിപിഐ എമ്മിനെയും തകര്‍ത്ത് കേരളത്തിന്റെ ഭരണം എന്നേക്കുമായി കാല്‍ക്കീഴിലാക്കാമെന്ന നിലയ്ക്കുള്ള അമിതാധികാരവ്യഗ്രത എത്രവേഗം ഉപേക്ഷിക്കുന്നോ അത്രയും നല്ലത്. ആ നിലയ്ക്കുള്ള ജനകീയ താക്കീതാണ് ബുധനാഴ്ചയുണ്ടായത്. ജനവിരുദ്ധനടപടികളെയും ജനകീയപ്രസ്ഥാനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെയും കേരളത്തിന്റെ മണ്ണില്‍ വച്ചുപൊറുപ്പിക്കില്ല എന്നതിന്റെ ജനകീയവിളംബരമായി ഈ മുന്നേറ്റം. നാളത്തെ ജനാധിപത്യ പുരോഗമന കേരളത്തിനുവേണ്ടിയുള്ള ഏറ്റവും വലിയ ഗ്യാരന്റി ഈ ജനജാഗ്രതയാണ്.

deshabhimani editorial 230812

1 comment:

  1. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനയ നിലപാടുകള്‍ക്കെതിരായ ജനങ്ങളുടെ രോഷംനിറഞ്ഞ താക്കീതായി ബുധനാഴ്ചത്തെ പ്രക്ഷോഭമുന്നേറ്റം. ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിത്തന്നെ സിപിഐ എം നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്തവരുടെ ബാഹുല്യം കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിലേക്ക് അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പാകത്തിലുള്ളതായി. സിപിഐ എമ്മിന്റെ പ്രതീക്ഷയെ മറികടക്കുന്നവിധത്തില്‍ വളന്റിയര്‍മാര്‍ക്കൊപ്പം ജനങ്ങള്‍, തിളച്ചുമറിയുന്ന രോഷവുമായി അധികാരകേന്ദ്രങ്ങള്‍ വളയാന്‍ ഇരമ്പിക്കയറുകയായിരുന്നു. ജനങ്ങള്‍ നേരിടുന്ന അതിരൂക്ഷമായ പ്രശ്നങ്ങളൊന്നുപോലും കാണാതിരിക്കുകയും കപടവിഷയങ്ങള്‍കൊണ്ട് പുകമറസൃഷ്ടിച്ച് അതിനുപിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും അടിച്ചമര്‍ത്തലും നടത്തുകയുംചെയ്യുന്ന ഭരണവര്‍ഗത്തിന്റെ മനുഷ്യത്വമില്ലായ്മയ്ക്കും സ്വേച്ഛാധികാരപ്രയോഗത്തിനുമെതിരെ കേരളം സടകുടഞ്ഞുണരുന്നതാണ് ബുധനാഴ്ച കണ്ടത്.

    ReplyDelete