Wednesday, August 1, 2012

തെളിവ് ചോദിച്ച് ജയരാജന്‍; തലകുനിച്ച് പൊലീസ് മേധാവി


അറസ്റ്റിന് തെളിവ് ചോദിച്ച പി ജയരാജനു മുന്നില്‍ മറുപടിയില്ലാതെ തലകുനിച്ച് ജില്ലാ പൊലീസ് മേധാവി. മൊഴിയെടുക്കാനെന്ന പേരില്‍ ജയരാജനെ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനൊരുങ്ങിയപ്പോഴാണ് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരോട് ജയരാജന്‍ താന്‍ ചെയ്തെന്ന് പറയുന്ന കുറ്റത്തിന് തെളിവെന്തെന്ന് ചോദിച്ചത്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് മേധാവി പറഞ്ഞപ്പോഴായിരുന്നു ചോദ്യം. ജയരാജന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത് ഞാനല്ല എന്നായി എസ്പി. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി സുകുമാരനും വളപട്ടണം സിഐ പ്രേമനും എസ്പിയുടെ മറുപടി കേട്ട് അന്തംവിട്ടു.

രണ്ടുതവണ മൊഴിയെടുക്കലിന് വിളിച്ചുവരുത്തിയപ്പോള്‍ പൊലീസാണ് ചോദ്യങ്ങള്‍ ഉന്നയിച്ചതെങ്കില്‍ ബുധനാഴ്ച പൊലീസിനോട് ജയരാജനാണ് ചോദ്യം ചോദിച്ചത്. അതിനൊന്നും മറുപടി പറയാനാവാതെ ജില്ലാ പൊലീസ് മേധാവി പരുങ്ങി. "അറസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത് ആരാണെന്ന് അറിയാം. താങ്കള്‍ ഐപിഎസ് ഉദ്യോഗസ്ഥനല്ലേ. യജമാനന്മാര്‍ പറയുന്നതിനുസരിച്ച് തുള്ളുന്നത് ശരിയാണോ. നട്ടെല്ലുള്ളവരാരും അത് ചെയ്യില്ല. പ്രമോഷന് വേണ്ടിയാണ് താങ്കള്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല". ഇതൊക്കെ കേട്ട് എസ്പി ഒരക്ഷരം ഉരിയാടാതെ നിന്നു. താങ്കള്‍ നിയമമാണ് നടപ്പാക്കുന്നതെങ്കില്‍ പള്ളികളില്‍നിന്ന് ലീഗ് തീവ്രവാദികള്‍ ഫണ്ട് പിരിക്കുന്നത് സംബന്ധിച്ച് ഞാന്‍ പരാതി നല്‍കിയിരുന്നു. അതിന് എന്തു നടപടിയാണ് സ്വീകരിച്ചത്-ജയരാജന്‍ ചോദിച്ചു. ഈ ചോദ്യത്തിനുമുന്നിലും പരുങ്ങിയ എസ്പി ഇതുസംബന്ധിച്ച് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍, ആ യോഗം നടന്നിട്ടില്ലെന്ന കാര്യം താങ്കള്‍ക്കറിയുമോ എന്നായി ജയരാജന്‍. അതിന് എസ്പിക്ക് മറുപടിയുണ്ടായില്ല. ജയരാജന്റെ കൂടുതല്‍ ചോദ്യങ്ങളെ നേരിടാനാകാതെ ജില്ലാ പൊലീസ് മേധാവി ഉടന്‍ അറസ്റ്റ് നടപടിയിലേക്ക് തിരിഞ്ഞു.

deshabhimani 020812

1 comment:

  1. അറസ്റ്റിന് തെളിവ് ചോദിച്ച പി ജയരാജനു മുന്നില്‍ മറുപടിയില്ലാതെ തലകുനിച്ച് ജില്ലാ പൊലീസ് മേധാവി. മൊഴിയെടുക്കാനെന്ന പേരില്‍ ജയരാജനെ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനൊരുങ്ങിയപ്പോഴാണ് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരോട് ജയരാജന്‍ താന്‍ ചെയ്തെന്ന് പറയുന്ന കുറ്റത്തിന് തെളിവെന്തെന്ന് ചോദിച്ചത്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് മേധാവി പറഞ്ഞപ്പോഴായിരുന്നു ചോദ്യം. ജയരാജന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത് ഞാനല്ല എന്നായി എസ്പി. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി സുകുമാരനും വളപട്ടണം സിഐ പ്രേമനും എസ്പിയുടെ മറുപടി കേട്ട് അന്തംവിട്ടു.

    ReplyDelete