Saturday, August 18, 2012

സുബ്രഹ്മണ്യനെ കൊന്നത് രാഷ്ട്രീയവിരോധംകൊണ്ടുതന്നെ


"ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യനെ കൊന്നത് രാഷ്ട്രീയ വിരോധംകൊണ്ടുതന്നെയാണ്. ആളുമാറി കൊന്നതാണെന്നത് നുണയാണ്. ഞങ്ങളെയെല്ലാം ആക്രമിക്കാനാണ് സിപിഐക്കാരനായിരുന്ന പണ്ടാരന്‍ ശ്രീധരനും സംഘവും വന്നത്. ആക്രമിക്കപ്പെടുമ്പോള്‍ സുബ്രഹ്മണ്യനോടൊപ്പമുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ അന്തിക്കാട് കടവില്‍ ഭരതന്‍ പറയുന്നു. ഇപ്പോള്‍ പൊക്കുളങ്ങരയിലെ ഫെഡറല്‍ ബാങ്കിന്റെ സെക്യൂരിറ്റിയാണ് ഭരതന്‍.

സിപിഐയുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇരുപത്തഞ്ചോളം പേര്‍ പാര്‍ടി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പൂക്കാട്ട് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐ സ്ഥാനാര്‍ഥിക്കെതിരെ ഇവരും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകരായ ഞാനും ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യനും സജീവമായിരുന്നു. ഭംഗിയായി എഴുതുന്ന ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യനാണ് പ്രചാരണത്തിനുള്ള പോസ്റ്റര്‍ എഴുതിയിരുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഐ-കോണ്‍ഗ്രസ് സംഖ്യ സ്ഥാനാര്‍ഥി എന്‍ ഐ ദേവസിക്കുട്ടി ജയിച്ചതോടെ അവര്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു. അന്തിക്കാട് ഹൈസ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായിരുന്നു അന്ന് ഞാനും സുബ്രഹ്മണ്യനും. പാടത്ത് പണിക്കും പോയിരുന്നു.

കൊലപാതകം നടന്ന ഒക്ടോബര്‍ രണ്ടിന് രാത്രി ഏഴരയോടെ പണി കഴിഞ്ഞ് അരിയും മറ്റു വീട്ടുസാധനങ്ങളുമായി നടന്നു വരികയായിരുന്നു ഞങ്ങള്‍ അഞ്ചുപേര്‍. ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യന്‍, പൂക്കാട്ട് സുബ്രഹ്മണ്യന്‍, എന്റെ സഹോദരന്‍ ജനാര്‍ദനന്‍, ചോണോട്ടു വാസു എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്. അന്തിക്കാട് ഹൈസ്കൂളിന് മുന്നില്‍നിന്ന് കിഴക്കോട്ടുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോള്‍ പണ്ടാരന്‍ നാരായണന്റെ മകന്‍ യതിയും തരുവത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ മോഹനും പിന്നിലൂടെ വന്ന് വഴി തടഞ്ഞു. സി കെ കുട്ടനെ കണ്ടോ എന്ന് ചോദിച്ചായിരുന്നു സിപിഐക്കാരായ ഇവര്‍ തടഞ്ഞത്. അപ്പോഴേക്കും ശ്രീധരനും പണ്ടാരന്‍ ഗോപാലകൃഷ്ണന്റെ മകന്‍ കൃഷ്ണന്‍കുട്ടിയും പിന്നിലൂടെയെത്തി. കൈയിലുണ്ടായിരുന്ന വടിവാളുകൊണ്ട് ശ്രീധരന്‍ പൂക്കാട്ട് സുബ്രഹ്മണ്യനെ കുത്തി. തടയാന്‍ ശ്രമിച്ചതിനാല്‍ കൈയിലെ മസിലിലാണ് കുത്തേറ്റത്. ഇതോടെ ഞങ്ങള്‍ പലവഴിക്ക് ഓടി. ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യന്‍ കിഴക്കോട്ടാണ് ഓടിയത്. കുറച്ചു ദൂരം പോയപ്പോഴേക്കും കോള്‍പ്പടവില്‍ നിന്നുള്ള തൊഴിലാളികളുടെ ശബ്ദം കേട്ടു. അവിടെനിന്നും അക്രമികള്‍ വരുന്നുണ്ടെന്ന് വിചാരിച്ച് പാവം തിരിഞ്ഞോടി. പോകാതെ നിന്നിരുന്ന ശ്രീധരനും സംഘവും ഇതുകണ്ട് ഒളിഞ്ഞിരിക്കുകയും അടുത്തെത്തിയപ്പോള്‍ പിടികൂടി കുത്തുകയുമായിരുന്നു. കുത്തേറ്റിട്ടും അക്രമികളെ തള്ളിമാറ്റി പടിഞ്ഞാറ് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് അന്തിക്കാട് ഹൈസ്കൂളിന്റെ മതിലില്‍ ചാരി നില്‍ക്കുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. രക്ഷപ്പെടാനായി ഞാന്‍ അടുത്തുള്ള ലോനയുടെ തുണിക്കടയില്‍ കയറി. അവിടെ അലമാരയ്ക്ക് പിന്നില്‍ ഒളിച്ചാണ് രക്ഷപ്പെട്ടത്.

സുബ്രഹ്മണ്യനെ പിന്നീട് നാട്ടുകാര്‍ കെ കെ മേനോന്റെ കാറിലാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കല്ലാട്ടെ അശോകനായിരുന്നു ഡ്രൈവര്‍. മൃതദേഹം വീട്ടിലേക്ക് സിപിഐ എം നേതൃത്വത്തിലാണ് കൊണ്ടുവന്നത്. തുടര്‍ന്ന് വീടിനടുത്ത് അനുശോചന യോഗവും ചേര്‍ന്നു. സിപിഐ എം നേതാക്കളായ ടി കെ പുരുഷോത്തമനടക്കമുള്ളവര്‍ അന്ന് അനുശോചിക്കാനെത്തിയിരുന്നു. കോടതിയില്‍ സാക്ഷിയായതിന് ഞങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കൗണ്ടര്‍ കേസെടുപ്പിക്കാനും ശ്രമം നടന്നു. അന്നത്തെ എസ്ഐ വാരിജാക്ഷനില്ലായിരുന്നെങ്കില്‍ പ്രതിക്ക് ശിക്ഷ ലഭിക്കുമായിരുന്നില്ല. കേസിന് നടന്നതിനാല്‍ ഒമ്പതാം ക്ലാസ് പരീക്ഷ തോറ്റു. ഭീഷണിയുള്ളതിനാല്‍ പഠിപ്പും നിര്‍ത്തി. വിധി കഴിഞ്ഞതോടെ ഞങ്ങള്‍ എല്ലാവരും തൊഴില്‍ തേടിപ്പോയി. എനിക്ക് നീലഗിരിയില്‍ മിലിട്ടറി ക്യാമ്പില്‍ ശിപായിയായി ജോലികിട്ടി. ഇതാണുണ്ടായത്. ഇപ്പോള്‍ മാധ്യമങ്ങളും ചിലരും ചേര്‍ന്ന് നുണകള്‍ പ്രചരിപ്പിക്കുകയാണ്"- ഭരതന്‍ പറഞ്ഞു.
(വികാസ് മൂത്തേടത്ത് )

deshabhimani 180812

1 comment:

  1. "ചങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യനെ കൊന്നത് രാഷ്ട്രീയ വിരോധംകൊണ്ടുതന്നെയാണ്. ആളുമാറി കൊന്നതാണെന്നത് നുണയാണ്. ഞങ്ങളെയെല്ലാം ആക്രമിക്കാനാണ് സിപിഐക്കാരനായിരുന്ന പണ്ടാരന്‍ ശ്രീധരനും സംഘവും വന്നത്. ആക്രമിക്കപ്പെടുമ്പോള്‍ സുബ്രഹ്മണ്യനോടൊപ്പമുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ അന്തിക്കാട് കടവില്‍ ഭരതന്‍ പറയുന്നു. ഇപ്പോള്‍ പൊക്കുളങ്ങരയിലെ ഫെഡറല്‍ ബാങ്കിന്റെ സെക്യൂരിറ്റിയാണ് ഭരതന്‍.

    ReplyDelete