Tuesday, August 7, 2012
ആകാംക്ഷയുണര്‍ത്തി "ക്യൂരിയോസിറ്റി" ചൊവ്വയില്‍
ഇനി രണ്ടു വര്‍ഷം "ക്യൂരിയോസിറ്റി"യുടെ കാലം. നാസ ശാസ്ത്രജ്ഞര്‍ക്കും ലോകത്തിനുതന്നെയും ആകാംക്ഷയുടെ നാളുകളും. ജീവന്റെ നിലനില്‍പ്പിനുള്ള സാധ്യതകള്‍ തേടി ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയ ക്യൂരിയോസിറ്റി അവിടെ "ജീവിത സാഹചര്യങ്ങള്‍" തേടിയുള്ള അന്വേഷണം തുടങ്ങി.
ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന ഗവേഷണമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനം നടത്തുക. ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തില്‍ 4.8 കിലോമീറ്റര്‍ ഉയരവും 154 കിലോമീറ്റര്‍ വ്യാസവുമുള്ള ഒരു പര്‍വതത്തിന്റെ ചുവട്ടിലാണ് തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍സമയം 11ന് ക്യൂരിയോസിറ്റി ഇറങ്ങിയത്. ലാ കനഡ ഫ്ളിന്റ്റിഡ്ജിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ നിലയ്ക്കാത്ത കരഘോഷത്തോടെ ഈ നേട്ടമാഘോഷിച്ചു. പേടകത്തിന്റെ ദൗത്യം നിയന്ത്രിക്കുന്ന ലാബിലെ എന്‍ജിനിയര്‍മാര്‍ സന്തോഷാശ്രുക്കളോടെ ആലിംഗനങ്ങളിലമര്‍ന്നു.
പേടകം വിജയകരമായി ചൊവ്വയിലിറങ്ങിയെന്ന സന്ദേശം വന്നതിനു തൊട്ടുപിന്നാലെ ചൊവ്വയുടെ ഉപരിതലത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും എത്തി. പേടകത്തില്‍നിന്ന് നേരെ മുന്നില്‍ക്കാണുന്ന പാറ നിറഞ്ഞ ചൊവ്വോപരിതലത്തിന്റെ ചിത്രമാണ് ആദ്യം അയച്ചത്. പിന്നാലെ 256 ഃ 256 പിക്സലുള്ള കൂടുതല്‍ വലിയ ഒരു ചിത്രവും. അടുത്ത ദിവസങ്ങളില്‍ വിവിധ കോണുകളില്‍നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ അയക്കും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമോ ഫോസിലുകളോ അന്വേഷിക്കുകയല്ല, മറിച്ച് ഈ അന്തരീക്ഷത്തില്‍ കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍, ഓക്സിജന്‍ എന്നിങ്ങനെ ജീവന്റെ നിലനില്‍പ്പിന് ആധാരമായ അടിസ്ഥാന കണങ്ങള്‍ തേടുകയാണ് ക്യൂരിയോസിറ്റിയുടെ ദൗത്യം. ബഹിരാകാശ ഗവേഷണരംഗത്ത് ആഴത്തിലുള്ള പര്യവേക്ഷണങ്ങള്‍ക്ക് ക്യൂരിയോസിറ്റി വഴിയൊരുക്കും. ചൊവ്വയിലെ മണ്ണ് കുഴിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മണ്ണ് ഭൂമിയിലെത്തിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ക്കും ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യയാത്രയ്ക്കും ക്യൂരിയോസിറ്റി ദൗത്യം സഹായകമാവും.
ചൊവ്വയില്‍ ജലമുണ്ടായിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ചൊവ്വയുടെ മണ്ണ് വരണ്ടുണങ്ങിയും അന്തരീക്ഷം കൊടുംതണുപ്പും പൊടിക്കാറ്റും കലര്‍ന്നുമാണിരിക്കുന്നത്. "ആകാശ ക്രെയിന്‍" എന്ന നൂതനരീതി ഉപയോഗിച്ചാണ് പേടകം ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിയത്. ആദ്യ ആഴ്ച ക്യൂരിയോസിറ്റി നിരവധി ക്യാമറകളുള്ള അതിന്റെ പ്രധാന ആന്റിന ഉയര്‍ത്തും. പാറയെ ഉരുക്കാന്‍ കഴിവുള്ള ലേസറുകളും മറ്റ് ഉപകരണങ്ങളും ആന്റിനയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ആന്റിനയുടെ സഹായത്തോടെയാണ് ചുറ്റുപാടുകളുടെ വിശാലമായ ചിത്രം ക്യൂരിയോസിറ്റി പകര്‍ത്തുക. ആദ്യമാസം നാസ ക്യൂരിയോസിറ്റിയെ സൂക്ഷ്മമായി നിരീക്ഷിക്കും. സെപ്തംബര്‍ പകുതിയോടെയേ ചൊവ്വയിലെ മണ്ണിന്റെ സാമ്പിള്‍ എത്തിക്കുകയുള്ളു. ഒക്ടോബര്‍-നവംബറിലേ പാറ തുരക്കല്‍ തുടങ്ങൂ. ക്യൂരിയോസിറ്റി "പൂര്‍ണ ആരോഗ്യത്തോടെ" ഇരിക്കുന്നുണ്ടെന്നും പ്രതീക്ഷിച്ചതുപോലെ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 070812
Labels:
ശാസ്ത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment