ഭക്ഷ്യനിഷേധം
വിഷമഴയില്‍ കിളിര്‍ത്ത തീരാദുരിതത്തില്‍ തലമുറകള്‍ ഉഴലുമ്പോഴും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ആഗോള ഭീകരര്‍ക്കൊപ്പം. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ചെറുനഷ്ടംപോലുമുണ്ടാകരുതെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന് അടിവരയിടുന്നതാണ് എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഫയല്‍ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ എതിര്‍ സത്യവാങ്മൂലം. കേരളത്തിലും കര്‍ണാടകത്തിലുമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് കേന്ദ്രം കോടതിയില്‍ വാദിച്ചത്. കീടനാശിനി ലോബി വര്‍ഷങ്ങളായി ഉയര്‍ത്തുന്ന വാദങ്ങളാണ് സര്‍ക്കാരിന്റെ അഭിപ്രായമായി സുപ്രീംകോടതിയില്‍ അവതരിപ്പിച്ചത്. കീടനാശിനി ലോബിക്കുവേണ്ടി ഹാജരാകുന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി, ഹരീഷ് സാല്‍വേ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകരും ചേര്‍ന്ന് നിരത്തുന്ന വാദങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്റെ താല്‍ക്കാലിക നിരോധനം നീക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ലോകം മുഴുവന്‍ നിരോധിച്ച മാരകവിഷം നിരോധിക്കേണ്ടെന്ന് വാശിപിടിക്കുന്ന കേന്ദ്രം ആര്‍ക്കുവേണ്ടിയാണ് വാദിക്കുന്നതെന്ന് വ്യക്തം. ദുരന്തം തിരിച്ചറിഞ്ഞ കേരള സര്‍ക്കാര്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നെങ്കിലും കേന്ദ്രനിലപാടിനെ എതിര്‍ക്കാന്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയം. കീടനാശിനിലോബിയെ സഹായിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കക്ഷിചേര്‍ന്നതെന്ന സംശയവും ബലപ്പെട്ടു.
കോടതിയില്‍ മൗനംപാലിച്ച സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ പലതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിഷേധിച്ചു. രോഗികള്‍ക്കുള്ള ചികിത്സയുള്‍പ്പെടെ ലഭിക്കുന്നില്ല. വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനറല്‍, ജില്ലാ ആശുപത്രികളിലുമുള്ള സൗകര്യം പ്രയോജനപ്പെടുത്താമെന്നല്ലാതെ വിദഗ്ദ്ധ ചികിത്സവേണമെങ്കില്‍ സ്വന്തം കാശ് മുടക്കണം. കേന്ദ്രമനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ മറവില്‍ ദുരന്തബാധിതരുടെ പട്ടിക അട്ടിമറിക്കുന്നു.
എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ വിശദമായ പരിശോധനയില്‍ കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി 4182 പേരെയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായി കണ്ടെത്തിയത്. ഈ സര്‍ക്കാര്‍ പട്ടിക "പുനഃപരിശോധിച്ച"തോടെ മൂവായിരത്തോളം പേര്‍ പുറത്തായി. കിടപ്പിലായവര്‍ക്ക് അഞ്ചുലക്ഷവും മറ്റു രോഗികള്‍ക്ക് മൂന്നു ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ തിരക്കിട്ട് പട്ടിക പുനഃപരിശോധിക്കാന്‍ നടപടിയെടുത്തത്. കിടപ്പിലായ രോഗികള്‍ക്ക് നല്‍കുന്ന 2,000 രൂപ പെന്‍ഷന്‍ വാങ്ങുന്നവര്‍ 2388 പേരുണ്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് 180 പേര്‍ക്കേ അര്‍ഹതയുള്ളൂ. 541 പേര്‍ പൂര്‍ണമായും കിടപ്പിലും 1847 പേര്‍ കിടപ്പിലായതിന് സമാനവുമാണെന്നാണ് ലിസ്റ്റില്‍ പറയുന്നത്. ഇവര്‍ക്കാണ് 2,000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. ഇതാണ് വെട്ടിക്കുറച്ച് 180ല്‍ എത്തിച്ചത്. ബാക്കിയുള്ള 1682 പേര്‍ക്ക് 1,000 രൂപയാണ് നല്‍കുന്നത്. പുതുതായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1100 പേരുടെ പട്ടിക ഇതുവരെ വെളിച്ചം കണ്ടില്ല. ബുദ്ധിമാന്ദ്യമുള്ളവരും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റു മാരക രോഗപീഡകള്‍ അനുഭവിക്കുന്നവരും നഷ്ടപരിഹാരത്തില്‍നിന്ന് പുറത്തായി. നഷ്ടപരിഹാരത്തിന്റെ മറവില്‍ ദുരന്തബാധിതര്‍ക്കുള്ള മറ്റു സഹായങ്ങളാകെ നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ ഒരുഭാഗം ബാങ്കില്‍ നിക്ഷേപിച്ച് അതില്‍നിന്ന് കിട്ടുന്ന പലിശ അഞ്ചുവര്‍ഷം പെന്‍ഷനായി നല്‍കും. പിന്നീട് തുക തിരിച്ച് നല്‍കും. ചുരുക്കത്തില്‍ ഒരുകൊല്ലത്തിനകം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സര്‍ക്കാര്‍ കൈയൊഴിയും.
(എം ഒ വര്‍ഗീസ്)
തലമറന്ന്...
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മൂന്നുവര്‍ഷത്തിനുശേഷവും ജനോപകാരപ്രദമായ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്നത് ആ സര്‍ക്കാരിനെ വിലയിരുത്താനുള്ള പ്രധാന അളവുകോലാണ്. ഭക്ഷ്യസുരക്ഷാ ബില്‍, ലോക്പാല്‍ ബില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം തുടങ്ങിയ പ്രധാന നിയമങ്ങള്‍പോലും പാസാക്കിയെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പോകുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ഇടപെടലുമാണ് ജനവിരുദ്ധനയങ്ങളും നടപടികളും ഒരുപരിധിവരെ തടഞ്ഞത്. ഇന്ത്യയില്‍ നവ ഉദാരവല്‍ക്കരണത്തിന് 1991ല്‍ തുടക്കംകുറിച്ച ധനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ ആ പാതയിലൂടെ അതിവേഗം മുന്നോട്ടുപോകുന്നു. രണ്ടുഘട്ടങ്ങളും താരതമ്യംചെയ്താല്‍ വ്യത്യാസം പ്രകടം.
ജനപക്ഷത്ത് നിന്ന പിന്തുണ
ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാര്‍ നിരവധി ജനോപകാരപ്രദമായ നിയമങ്ങള്‍ പാസാക്കുകയും നടപ്പാക്കുകയും ചെയ്തു. വിവരാവകാശനിയമം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം തുടങ്ങിയവ ഉദാഹരണം. അഴിമതി തടയുന്നതിലെ പ്രധാന ചുവടുവയ്പായിരുന്നു വിവരാവകാശനിയമം. ഗ്രാമീണമേഖലയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് 100 ദിവസം തൊഴിലുറപ്പാക്കുന്ന നിയമത്തിന് ഗ്രാമീണ ഇന്ത്യയില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റംപോലും തടയാനായി. ആദിവാസികള്‍ക്ക് അവരുടെ വാസസ്ഥലവും ജീവിതവും തിരിച്ചുനല്‍കുന്നതില്‍ വനാവകാശനിയമം പ്രധാന പങ്കുവഹിച്ചു. ഇടതുപക്ഷത്തിന്റെ നിരന്തര സമ്മര്‍ദഫലമായാണ് ഈ നിയമങ്ങള്‍ പാസാക്കിയത്. $ ജനവിരുദ്ധനടപടികള്‍ കൊണ്ടുവരാന്‍ ഒന്നാം യുപിഎ സര്‍ക്കാരും ശ്രമിച്ചിരുന്നു.
അധികാരമേറ്റ 2004ല്‍തന്നെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെയും ഓഹരി വില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇടതുപക്ഷം ശക്തമായ മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്ന് പിന്‍വാങ്ങി.
$ ബഹുബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള ശ്രമം ശക്തമായ എതിര്‍പ്പ് നേരിട്ടു. യുപിഎയിലെ ചില ഘടകകക്ഷികളും ഈ പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പം അണിചേര്‍ന്നു. യുപിഎ- ഇടതുപക്ഷ ഏകോപനസമിതിയില്‍ ഇടതുപക്ഷം ഈ തീരുമാനത്തിനെതിരെ ശക്തമായി ശബ്ദിച്ചുവെന്നുമാത്രമല്ല ജനങ്ങളെ അണിനിരത്തി പാര്‍ലമെന്റിനുപുറത്ത് പ്രക്ഷോഭം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഏകബ്രാന്‍ഡ് വില്‍പ്പനയില്‍മാത്രം വിദേശനിക്ഷേപം അനുവദിച്ച് സര്‍ക്കാര്‍ ഒതുങ്ങി.
$ പെട്രോളിയം- ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയാനുള്ളതായിരുന്നു ഏറ്റവും ഗൗരവമേറിയ നീക്കം. പലതവണ അന്നത്തെ പെട്രോളിയംമന്ത്രി മുരളി ദേവ്റ ഈ നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ പിന്നോട്ടുപോയി. പെട്രോള്‍വില വര്‍ധിപ്പിച്ചപ്പോള്‍ ഒരുവേള അത് പിന്‍വലിപ്പിക്കാനും ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനായി. രണ്ടാം യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു.
$ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍, ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍, തൊഴില്‍നിയമ പരിഷ്കാരങ്ങള്‍ തുടങ്ങിയവയൊന്നും ഇടതുപക്ഷത്തെ ഭയന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ പുറത്തെടുത്തില്ല. അമേരിക്കയുമായുള്ള ആണവകരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു.
ജനത്തെ മറന്ന് രണ്ടാം യുപിഎ
പൊതുമേഖലയെ വിറ്റഴിക്കുക, സബ്സിഡികള്‍ ക്രമേണ നിര്‍ത്തലാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും രാസവളത്തിന്റെയും വിലനിയന്ത്രണം നീക്കുക, വിദേശമൂലധനത്തിന് രാജ്യത്തിന്റെ എല്ലാ മേഖലയും തുറന്നുകൊടുക്കുക എന്നിവയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മൂന്നുവര്‍ഷത്തിനിടെ 47,500 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വിറ്റഴിച്ചു. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യമേഖലയുടെ യഥേഷ്ട ചൂഷണത്തിന് വിട്ടുകൊടുത്തു. പ്രകൃതിവാതകം, ഇരുമ്പയിര്, കല്‍ക്കരി എന്നീ മേഖലകളില്‍ സ്വകാര്യമേഖല വേട്ട നടത്തുകയാണ്.
$ ധനമേഖലയില്‍ വിദേശമൂലധനത്തിന് യഥേഷ്ടം കടന്നുകയറി കൊള്ള നടത്താന്‍ പാകത്തിലുള്ള നിയമനിര്‍മാണങ്ങള്‍ എത്രയുംവേഗം നടത്തിയെടുക്കാനുള്ള ശ്രമം രണ്ടാം യുപിഎ സര്‍ക്കാര്‍ നടത്തുന്നു. ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകളില്‍ വിദേശമൂലധനത്തിന് കടന്നുകയറാനും പെന്‍ഷന്‍ഫണ്ട് കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുമുള്ള നിയമനിര്‍മാണങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ ശ്രമം ശക്തമാക്കി.
$ ഔഷധമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനികള്‍ ചെറിയ ഇന്ത്യന്‍ കമ്പനികളെ വാങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയിലുള്ള അഞ്ചു പ്രധാന മരുന്നുവില്‍പ്പന കമ്പനികളില്‍ മൂന്നെണ്ണം ബഹുരാഷ്ട്ര കുത്തകകളാണ്. ഈ മേഖല ആഗോളമൂലധനത്തിന് തുറന്നുകൊടുത്തതിന്റെ പ്രത്യാഘാതം അതിവേഗമുണ്ടായി. ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള പ്രധാന മരുന്നുകളുടെ വില മൂന്നുവര്‍ഷത്തിനിടെ മൂന്നിരട്ടിവരെയായി വര്‍ധിച്ചു.
$ 2012ലെ ദേശീയ ജലനയം വെള്ളത്തിന്റെ പൂര്‍ണമായ വാണിജ്യവല്‍ക്കരണത്തിനുള്ളതാണ്. ജലവിഭവത്തിന്മേലുള്ള നിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിയുമ്പോള്‍ വെള്ളം പൂര്‍ണമായും വില്‍പ്പനച്ചരക്കാകും. ഈ മേഖലയില്‍നിന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭമാണ് ബഹുരാഷ്ട്രകമ്പനികള്‍ സ്വപ്നം കാണുന്നത്.
$ ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുന്നതും പെട്രോള്‍ വിലനിയന്ത്രണം നീക്കുന്നതും രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രധാന പദ്ധതിയായി ഏറ്റെടുത്തു. പെട്രോള്‍ വിലനിയന്ത്രണം ഇതിനകം നീക്കിക്കഴിഞ്ഞു. പെട്രോള്‍ ലിറ്ററിന് മൂന്നുവര്‍ഷത്തിനിടെയുണ്ടായ വിലക്കയറ്റം 35 രൂപയാണ്. ഡീസലിന് മൂന്നു രൂപയും പാചകവാതകത്തിന് 50 രൂപയും കൂടി. ഡീസല്‍ വിലനിയന്ത്രണവും കൈയൊഴിയാനാണ് നീക്കം. രാസവള സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറച്ചത് കര്‍ഷകരുടെ ദുരിതങ്ങള്‍ വീണ്ടും വര്‍ധിപ്പിച്ചു.
$ അവശ്യസാധനങ്ങളുടെ അവധിവ്യാപാരവും ഊഹക്കച്ചവടവും രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. അവശ്യസാധനങ്ങളുടെയും ധാന്യങ്ങളുടെയും കയറ്റുമതിക്കും അനുമതി നല്‍കുന്നു. പൊതുവിതരണസംവിധാനം തകര്‍ത്ത് വിലക്കയറ്റത്തെ വാനോളമുയര്‍ത്തിയതിന്റെ ഉത്തരവാദിയും മറ്റാരുമല്ല. ഭക്ഷ്യസുരക്ഷാബില്‍ അതിന്റെ വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്.
$ ദേശീയ തൊഴിലുറപ്പുപദ്ധതി രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തിനിടയില്‍ നേര്‍ത്തുനേര്‍ത്ത് ഏറെക്കുറെ ഇല്ലാതായി. പദ്ധതിക്കായി നീക്കിവയ്ക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വരുമാനം നല്‍കിയിരുന്ന പദ്ധതിയുടെ തകര്‍ച്ച ഗ്രാമീണദാരിദ്ര്യം വീണ്ടും വര്‍ധിപ്പിച്ചു. സാമ്പത്തികമേഖല, വിദേശനയം, കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്ന നയങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റവും സാമ്പത്തികവളര്‍ച്ചയിലുണ്ടായ കുറവും രൂപയുടെ എക്കാലത്തെയും വലിയ മൂല്യശോഷണവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ ഫലമാണ്.
deshabhimani 180812
വിഷമഴയില്‍ കിളിര്‍ത്ത തീരാദുരിതത്തില്‍ തലമുറകള്‍ ഉഴലുമ്പോഴും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ആഗോള ഭീകരര്‍ക്കൊപ്പം. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ചെറുനഷ്ടംപോലുമുണ്ടാകരുതെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന് അടിവരയിടുന്നതാണ് എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഫയല്‍ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ എതിര്‍ സത്യവാങ്മൂലം.
ReplyDelete