വീട്ടുപയോഗത്തിനുള്ള എല്‍പിജി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരേ വിലാസത്തിലുള്ള ഒന്നിലേറെ കണക്ഷനുകള്‍ കണ്ടെത്താന്‍ എണ്ണക്കമ്പനികള്‍ നടപടി തുടങ്ങി. "ഒരു കുടുംബം ഒരു എല്‍പിജി കണക്ഷന്‍" എന്ന പദ്ധതിയിലൂടെ അധികമുള്ള കണക്ഷനുകള്‍ സെപ്തംബര്‍ 15നകം തിരിച്ചേല്‍പ്പിക്കണമെന്ന അറിയിപ്പ് എണ്ണ-പ്രകൃതിവാതക മന്ത്രാലയം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി. ഒരേ കമ്പനിയിലും വിവിധ കമ്പനികളിലായും കണക്ഷന്‍ ഇരട്ടിപ്പ് വന്നിട്ടുണ്ട്. ഒരു കുടുംബത്തില്‍ ഏതെങ്കിലുമൊരു പൊതുമേഖലാ കമ്പനിയുടെ ഒരു എല്‍പിജി കണക്ഷന്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. അച്ഛന്‍, അമ്മ, രണ്ടു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നാണ് ഒരു കുടുംബത്തിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന നിര്‍വചനം. എണ്ണക്കമ്പനികളുടെ പക്കലുള്ള വിവരം അനുസരിച്ച് ഒരേ വിലാസത്തിലുള്ള സിലിന്‍ഡര്‍ ഇരട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമാണ്. ഒരേ വീട്ടുപേരില്‍ പല കുടുംബങ്ങളുള്ളതാണ് കാരണം. അതിനാല്‍, ഒരു വീട്ടുനമ്പരില്‍ ഒരു കണക്ഷന്‍ എന്ന നിലയിലേക്ക് സിലിന്‍ഡര്‍ പരിമിതപ്പെടുത്തലാണ് ലക്ഷ്യം. അധികമുള്ള കണക്ഷന്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് തങ്ങളുടെ കണക്ഷന്‍ "ഡബിള്‍ ബോട്ടില്‍" കണക്ഷനാക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു. പുതിയ സിലിന്‍ഡറിനു പകരം നല്‍കാനുള്ള കാലി സിലിന്‍ഡറാകും ഇത്.
കമ്പനികളുടെ പക്കലുള്ള വിവരങ്ങള്‍പ്രകാരം ഇരട്ടിപ്പ് വന്നിട്ടുള്ള കണക്ഷനുകള്‍ ബ്ലോക്ക് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു. പിന്നീട് തിരിച്ചറിയല്‍, മേല്‍വിലാസം തെളിയിക്കല്‍ രേഖകള്‍ സഹിതം വിതരണക്കാരനെ സമീപിച്ച് ഉപയോക്താവിന് വീട്ടാവശ്യത്തിനുള്ള കണക്ഷന്‍ നേടാം. ഇതിനു കാത്തിരിക്കാതെത്തന്നെ വിതരണക്കാരെ സമീപിച്ചോ എല്‍പിജി പോര്‍ട്ടല്‍വഴിയോ അധികമുള്ള കണക്ഷന്‍ തിരിച്ചേല്‍പ്പിക്കാം. നിശ്ചിത തീയതിക്കകം തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കും. വീട്ടുപയോഗത്തിനുള്ള എല്‍പിജിയുടെ സബ്സിഡി ക്രമേണ ചെറുവിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഇരട്ടിപ്പ് കണ്ടെത്തല്‍. സബ്സിഡിക്ക് ചെലവാകുന്ന പണത്തിന്റെ കണക്ക് പരസ്യത്തിന്റെ ആദ്യ ഭാഗത്ത് പറയുന്നു. സബ്സിഡിയുള്ള സിലിന്‍ഡര്‍ ദാരിദ്ര്യരേഖയ്ക്കു താഴെ വിഭാഗത്തിന് പരിമിതപ്പെടുത്താനും സബ്സിഡി തുക ബാങ്ക്വഴി നല്‍കാനുമുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. മറ്റ് വിഭാഗങ്ങള്‍ ഇതിന്റെ ഇരട്ടിത്തുക നല്‍കേണ്ടിവരും. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ കാര്യം പരസ്യത്തില്‍ പറയുന്നില്ല. നാലംഗ കുടുംബത്തിന് 14.5 കിലോ തൂക്കമുള്ള ഒരു സിലിന്‍ഡര്‍ 30-35 ദിവസത്തേക്കാണ് ഉപയോഗിക്കാനാകുക. ഒരു വീട്ടുനമ്പരില്‍ ഒരു കണക്ഷനെന്ന നിലയില്‍ പരിമിതപ്പെടുത്തുമ്പോള്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാകും.
deshabhimani 180812
No comments:
Post a Comment