Tuesday, January 3, 2012

തമസ്സിന്‍ തലവെട്ടി തെളിഞ്ഞ വിളക്ക്


"തെളിയട്ടെ വിളക്കുകള്‍ തമസ്സിന്റെ തലവെട്ടി ഗതികെട്ട മനുഷ്യന്റെ മനസ്സുകളുണരട്ടെ..." 1953ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍നിന്നും ഉയര്‍ന്ന ഈരടികള്‍ . ഇരുട്ടിന്റെ തലവെട്ടി വെളിച്ചം വിതറാന്‍ ആഹ്വാനം ചെയ്യുന്ന ഈ ഗാനം അവസാനിക്കുന്നത് ഇതു ഭൂമിയാണ് എന്ന ഓര്‍മപ്പെടുത്തലോടെ. വിളക്കുകള്‍ തിരഞ്ഞെത്തിയ വെളിച്ചംപോലെ നിറഞ്ഞു കത്തിയ ആ കലാഹൃദയത്തിന് ആമുഖം വേണ്ട. ആ പേര്- കളത്തിങ്കല്‍ തൊടിയില്‍ മുഹമ്മദ് എന്ന കെ ടി മുഹമ്മദ് അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്.

ഭൂമിയിലെ മനുഷ്യരെക്കുറിച്ചായിരുന്നു കെ ടി എന്നും വിചാരാധീനനായത്. മത യാഥാസ്ഥിതികതയാണ് മനുഷ്യപുരോഗതിയുടെ മുഖ്യശത്രുവെന്ന് അദ്ദേഹം മനസ്സിലാക്കി. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കണ്ട് ആ യുവാവ് അസ്വസ്ഥനും രോഷാകുലനുമായി. നവോത്ഥാന വെളിച്ചം കടന്നുചെല്ലാത്ത മുസ്ലിം ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് നീട്ടിപ്പിടിച്ച പന്തങ്ങളായിരുന്നു കെ ടിയുടെ ഇതു ഭൂമിയാണ്, കാഫര്‍ തുടങ്ങിയ നാടകങ്ങള്‍ . മതത്തെയല്ല, അതിന്റെ പേരിലുള്ള അനാചാരങ്ങളെയാണ് എതിര്‍ക്കുന്നത് എന്ന കാര്യത്തിന് അടിവരയിട്ടാണ് അദ്ദേഹം കലാജീവിതം തുടര്‍ന്നതെങ്കിലും മത യാഥാസ്ഥിതികരില്‍നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. "മുടിനാരേഴായ് കീറേണ്ട, നേരിയ പാലം കെട്ടേണ്ട, അതിലെ നടക്കണമെന്നല്ല പറയുന്നത് കെ ടി ശൈത്താനെ" എന്നിങ്ങനെ പ്രചരിപ്പിച്ച പാരഡി എതിര്‍പ്പ് എത്ര രൂക്ഷമായിരുന്നു എന്നതിന് ഉദാഹരണം.

മുസ്ലിം യുവാവും ഹിന്ദു യുവതിയും ഒന്നിക്കുന്ന രംഗം ചിത്രീകരിക്കുന്ന മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കീഴാളനും മനുഷ്യനാണ് എന്ന് പറയുന്ന കാഫര്‍ എന്നീ നാടകങ്ങള്‍ക്കു നേരെയും വലിയ എതിര്‍പ്പുയര്‍ന്നു. നവോത്ഥാനസന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് കെ ടി ഇതിനെ നേരിട്ടത്. മലയാളിയുടെ മതനിരപേക്ഷ ഭാവുകത്വം വിളംബരംചെയ്യുന്ന "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു..."എന്ന ഗാനത്തിലേക്ക് വയലാര്‍ -ദേവരാജന്‍ ടീമിനെ നയിച്ചത് (അച്ഛനും ബാപ്പയും എന്ന സിനിമ) കെ ടിയുടെ കഥയായിരുന്നു. 1949ല്‍ അരങ്ങത്തുവന്ന "വെളിച്ചം വിളക്കന്വേഷിക്കുന്നു" എന്ന നാടകത്തിലൂടെയാണ് കെ ടി ശ്രദ്ധേയനായത്.

1953 ഡിസംബര്‍ 17ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ "ഇതു ഭൂമിയാണ്" അരങ്ങേറി. പില്‍ക്കാലത്ത് പ്രശസ്തനായ നടന്‍ കെ പി ഉമ്മര്‍ ആയിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്", "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്നിവയെപ്പോലെ കെടിയുടെ "ഭൂമി"യും കൊടുങ്കാറ്റ് സൃഷ്ടിച്ചു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ പ്രസക്തിക്ക് മങ്ങലേറ്റിട്ടില്ല.

ജനിച്ചത് മഞ്ചേരിയിലാണെങ്കിലും കെ ടിയുടെ ബാല്യകൗമാരങ്ങള്‍ രൂപപ്പെടുത്തിയത് കോഴിക്കോട് നഗരം. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന കളത്തിങ്കല്‍തൊടിയില്‍ കുഞ്ഞറമുവിന്റെയും പാത്തുമ്മക്കുട്ടിയുടെയും എട്ട് മക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ബൈരായിക്കുളം, ഹിമായത്തുല്‍ സ്കൂളുകളില്‍ . ദാരിദ്ര്യം മൂലം പഠനം തുടരാന്‍ കഴിയാതെ പച്ചക്കറിക്കടയിലും മറ്റും തൊഴിലെടുക്കേണ്ടിവന്നെങ്കിലും കോഴിക്കോടിന്റെ കലാ സാംസ്കാരിക സാധ്യതകള്‍ മുഹമ്മദിന്റെ പ്രതിഭയെ തേച്ചുമിനുക്കി. സഹൃദയനായ പൊലീസുകാരന്‍ കുഞ്ഞമ്മതിക്കയുടെ പ്രോത്സാഹനവും കോഴിക്കോട് അബ്ദുള്‍ ഖാദര്‍ , ബാബുരാജ് തുടങ്ങിയവരുമായുള്ള സൗഹൃദവും തുണയായി.

"നമുക്കൊരു നാടകം കളിച്ചാലെന്താ?" എന്ന ബാബുരാജിന്റെ ചോദ്യമാണ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം എഴുതാന്‍ പ്രചോദനമായത്. അക്കൊല്ലംതന്നെ അഭിനയിച്ചു. നാടകത്തോടൊപ്പം ചെറുകഥയും തിരക്കഥയും കെ ടിയുടെ സാഹിത്യജീവിതത്തെ സമ്പന്നമാക്കി. ഇരുപതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതി. എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാവുന്നത് 1951ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹനായതോടെ. "കണ്ണുകള്‍" എന്ന കഥയ്ക്കായിരുന്നു സമ്മാനം. അന്ന് കെ ടിക്ക് തപാല്‍ വകുപ്പില്‍ പാക്കിങ് വിഭാഗത്തിലായിരുന്നു ജോലി. 1968-ല്‍ തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തതിന്റ പേരില്‍ കെ ടിയെ തപാല്‍ വകുപ്പില്‍നിന്നും പിരിച്ചുവിട്ടു. അന്ത്യംവരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനും അഭ്യുദയകാംക്ഷിയുമായിരുന്നു. മതേതര മാനവികതയിലുള്ള ഗാഢവിശ്വാസവും അടിയുറച്ച തൊഴിലാളി വര്‍ഗ പക്ഷപാതിത്തവുമാണ് അദ്ദേഹത്തിന്റ ഭാവുകത്വം രൂപപ്പെടുത്തിയത്. നാലു വര്‍ഷം മുന്‍പ് അദ്ദേഹം വേര്‍പിരിഞ്ഞെങ്കിലും മലയാളിയുടെ ഭാവുകത്വത്തില്‍ ആ പ്രതിഭ കൊളുത്തിയ തിരിച്ചറിവിന്റെ വിളക്കുകള്‍ തെളിഞ്ഞുതന്നെ കത്തുകയാണ്.
(ഷിബു മുഹമ്മദ് )

deshabhimani 030112

1 comment:

  1. "തെളിയട്ടെ വിളക്കുകള്‍ തമസ്സിന്റെ തലവെട്ടി ഗതികെട്ട മനുഷ്യന്റെ മനസ്സുകളുണരട്ടെ..." 1953ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍നിന്നും ഉയര്‍ന്ന ഈരടികള്‍ . ഇരുട്ടിന്റെ തലവെട്ടി വെളിച്ചം വിതറാന്‍ ആഹ്വാനം ചെയ്യുന്ന ഈ ഗാനം അവസാനിക്കുന്നത് ഇതു ഭൂമിയാണ് എന്ന ഓര്‍മപ്പെടുത്തലോടെ. വിളക്കുകള്‍ തിരഞ്ഞെത്തിയ വെളിച്ചംപോലെ നിറഞ്ഞു കത്തിയ ആ കലാഹൃദയത്തിന് ആമുഖം വേണ്ട. ആ പേര്- കളത്തിങ്കല്‍ തൊടിയില്‍ മുഹമ്മദ് എന്ന കെ ടി മുഹമ്മദ് അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്.

    ReplyDelete