Saturday, November 17, 2012

റേഷന്‍ അരിക്ക് 24 രൂപയാകും മണ്ണെണ്ണ 57, ഗോതമ്പ് 17

 റേഷനരിയുടെ കേന്ദ്ര-സംസ്ഥാന സബ്സിഡികള്‍ ബാങ്ക് വഴിയാക്കുന്നതോടെ റേഷന്‍ കടകളില്‍ ഒരു കിലോ അരിയുടെ വില 24 രൂപയായി ഉയരും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 57 രൂപയും ഒരു കിലോ ഗോതമ്പിന് 17 രൂപയും നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അരിയുടെ തറവില കൂട്ടുന്നതനുസരിച്ച് വില പിന്നെയും ഉയരും. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപ അരിയും എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള രണ്ട് രൂപ അരിയും ഇതോടെ പൂര്‍ണമായും ഇല്ലാതാകും. എപിഎല്ലുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് രൂപ നിരക്കിലാണ് അരി നല്‍കുന്നത്. സംസ്ഥാന സബ്സിഡി ഇല്ലാതാകുമ്പോള്‍ ഇത് 8.90 രൂപയായി ഉയരും. ഒപ്പം കേന്ദ്ര സബ്സിഡി കൂടി ബാങ്ക് വഴി ആകുന്നതോടെയാണ് അരി വില 24 രൂപയാവുക.

ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡികള്‍ ബാങ്കു വഴിയാക്കുമെന്ന് ധനമന്ത്രി പി ചിദംബരം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബിപിഎല്ലുകാര്‍ക്ക് തുടര്‍ന്നും ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും നടപ്പാകില്ല. ഈ കാര്‍ഡുടമകളും 24 രൂപ തന്നെ നല്‍കേണ്ടി വരും. കാരണം, സബ്സിഡിയില്ലാതെ മുഴുവന്‍ തുകയും നല്‍കി റേഷന്‍കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയാല്‍ മാത്രമേ കേന്ദ്ര സബ്സിഡി കിട്ടൂ. കേന്ദ്ര സബ്സിഡി കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപയ്ക്ക് അരി നല്‍കുന്നത്. കേന്ദ്ര സബ്സിഡി ഇല്ലാതാകുന്നതോടെ സംസ്ഥാന സര്‍ക്കാറിന് ഒരു രൂപയ്ക്ക് അരി നല്‍കാനാകില്ല. ഇതോടെ അവരും സബ്സിഡിയില്ലാതെ മുഴുവന്‍ തുകയും നല്‍കി അരി വാങ്ങേണ്ടി വരും. ചുരുക്കത്തില്‍ എപിഎല്‍-ബിപിഎല്‍ ഭേദമന്യേ മുഴുവന്‍ കാര്‍ഡുടമകളും 24 രൂപ അരിക്ക് നല്‍കണം. മുഴുവന്‍ തുകയും നല്‍കി അരി വാങ്ങിയാല്‍ മാത്രമേ സബ്സിഡി കിട്ടൂ എന്നാകുമ്പോള്‍ വാങ്ങല്‍ശേഷി കുറഞ്ഞ ദരിദ്ര ജനവിഭാഗങ്ങള്‍ റേഷന്‍ കടകളിലേക്കു വരില്ല. അങ്ങിനെയാകുമ്പോള്‍ സബ്സിഡിയും നല്‍കേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതോടെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ എന്ന സംവിധാനം തന്നെ സംസ്ഥാനത്ത് ഇല്ലാതാകും.

കാര്‍ഡുടമകള്‍ റേഷന്‍കടകളെ പൂര്‍ണമായും ഉപേക്ഷിക്കും. റേഷന്‍ ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുന്നത് പൊതുവിപണിയിലെ വിലക്കയറ്റം അതിരൂക്ഷമാകും. മാസം 50,000 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രവിഹിതമായി കേരളത്തില്‍ എത്തുന്നത്. ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും 8.90 രൂപയ്ക്കും ഈ അരി വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില 40 രൂപവരെയാണ്. റേഷന്‍സാധനങ്ങളെ മാത്രം പൂര്‍ണമായി ആശ്രയിക്കുന്ന കാര്‍ഡുടമകള്‍ കൂടി പൊതുവിപണിയിലേക്ക് എത്തുന്നതോടെ അവിടെ അരിവില ഇനിയും ഏറെ ഉയരും. റേഷന്‍ കടകളിലെ അരി വിറ്റുപേകാതാവുന്നതോടെ കേന്ദ്രവിഹിതവും വെട്ടിക്കുറക്കും. നേരത്തെ 1,13,000 ടണ്‍ അരിയാണ് കേന്ദ്രവിഹിതമായി കേരളത്തിനു ലഭിച്ചിരുന്നത്. കേരളത്തില്‍ റേഷനരി ഉപയോഗം കുറഞ്ഞുവെന്ന പേരുപറഞ്ഞാണ് ഇത് ഘട്ടംഘട്ടമായി കേന്ദ്രം 50,000 ടണ്‍വരെയായി വെട്ടിക്കുറച്ചത്.

വി ഡി ശ്യാംകുമാര്‍

No comments:

Post a Comment