Saturday, November 17, 2012

മത്സ്യബന്ധന നിയന്ത്രണ ബില്ലുമായി വീണ്ടും കേന്ദ്രം

കൊച്ചി: കേരള, തമിഴ്നാട് മുന്‍ സര്‍ക്കാരുകളുടെയടക്കം എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ച സമുദ്രമത്സ്യബന്ധന ബില്‍ നടപ്പാക്കാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം. മത്സ്യത്തൊഴിലാളികള്‍ക്ക് കൂച്ചുവിലങ്ങിടുന്നതും വിദേശയാനങ്ങള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുന്നതുമായ നിയമം മേഖലയില്‍ കനത്ത പ്രത്യാഘാതം സൃഷ്ടിക്കും. 2009-ല്‍ വേണ്ടെന്നുവച്ച നിയമത്തെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നിര്‍ദിഷ്ട നിയമപ്രകാരം കടലില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയായ 22 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്താന്‍ കേന്ദ്ര പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാകും. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല കേരളത്തിലെ മത്സ്യയാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നതിനാല്‍ ഇവയ്ക്ക് ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. സംസ്ഥാന സര്‍ക്കാരിന്റേതടക്കം നാലുതരം ലൈസന്‍സോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ പുതിയ ലൈസന്‍സും മാനദണ്ഡങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നിയമപ്രകാരം തീരരക്ഷാസേനയ്ക്കും ഇതര കേന്ദ്ര ഏജന്‍സികള്‍ക്കും ഏതു സമയത്തും യാനങ്ങള്‍ പരിശോധിക്കാം. കേന്ദ്ര ലൈസന്‍സില്ലാത്ത യാനങ്ങള്‍ പിടിച്ചെടുക്കാം. തൊഴിലാളികളെ അറസ്റ്റുചെയത് മൂന്നുവര്‍ഷംവരെ തടവിലിടാനും ഒമ്പതുലക്ഷം രൂപവരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

വിദേശ മത്സ്യക്കപ്പലുകള്‍ കേന്ദ്ര ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇവയ്ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാം. ബില്ലില്‍ ഒരിടത്തും മത്സ്യത്തൊഴിലാളി എന്ന പദംപോലും ഉപയോഗിച്ചിട്ടില്ല. അവരുടെ ഉപജീവനത്തെക്കുറിച്ചോ ആഴക്കടല്‍ മേഖലയില്‍ അവര്‍ക്കുള്ള അവകാശത്തെ സംബന്ധിച്ചോ പരാമര്‍ശമില്ല. ഫലത്തില്‍ ആഴക്കടല്‍മേഖല വന്‍ ട്രോളറുകള്‍ക്ക് പതിച്ചുനല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ നിയമം മാറും. മത്സ്യബന്ധനത്തിന് പരിധി നിര്‍ണയിക്കുന്നത് അശാസ്ത്രീയമാണ്. കുളച്ചല്‍ ഭാഗത്തുനിന്ന് 16 മീറ്ററിലധികം നീളമുള്ള 588 ബോട്ടുകള്‍ ലക്ഷദ്വീപ്മുതല്‍ ഗുജറാത്തിലെ വെരാവല്‍വരെ മത്സ്യബന്ധനം നടത്തുന്നുണ്ട്.

രജിസ്റ്റര്‍ചെയ്ത 428 ഗില്‍നെറ്റ് ബോട്ടുകളും 10 ചൂണ്ട ബോട്ടുകളും 3982 ട്രോള്‍ ബോട്ടുകളും 14,151 ഇന്‍ബോര്‍ഡ്, ഔട്ട്ബോര്‍ഡ് വള്ളങ്ങളുമാണ് കേരളത്തിലുള്ളത്. ഇവ പലപ്പോഴും തീരക്കടലിനു പുറത്താണ് മീന്‍പിടിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം പിടിച്ച 6.25 ലക്ഷം ടണ്‍ മത്സ്യത്തില്‍ 90 ശതമാനവും ഇവയുടെ സംഭാവനയാണ്. പുതിയ നീക്കം ഈ മേഖലയിലെ തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കും. 2009 നവംബറില്‍ പോരായ്മ ചൂണ്ടിക്കാട്ടി ബില്‍ ഉപേക്ഷിക്കണമെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി എസ് ശര്‍മയും തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയും ആവശ്യപ്പെട്ടിരുന്നു. ബില്ലിനെതിരെ മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

No comments:

Post a Comment