Friday, November 2, 2012

എല്‍പിജിക്ക് വീണ്ടും വില കൂട്ടി, പിന്മാറി


പാചകവാതകവില വീണ്ടും വര്‍ധിപ്പിച്ച തീരുമാനം കടുത്ത പ്രതിഷേധം ഭയന്ന് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. സബ്സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 26.50 രൂപ കൂട്ടാനാണ് വ്യാഴാഴ്ച തീരുമാനിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിലവര്‍ധന പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍, രാത്രി ഏറെ വൈകി പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ഇടപെട്ട് വിലവര്‍ധന തീരുമാനം മരവിപ്പിക്കുകയായിരുന്നു.

എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദഫലമായാണ് എല്‍പിജി വില വീണ്ടും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍ ഇത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് തീരുമാനം മരവിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉത്തരേന്ത്യ ദീപാവലി ആഘോഷത്തിലേക്ക് നീങ്ങവേ വിലവര്‍ധന ജനരോഷം ആളിക്കത്തിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ഭയന്നു. നവംബര്‍ 21ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ നിലനില്‍പ്പ് അപകടത്തിലായ യുപിഎ സര്‍ക്കാര്‍, കൂടുതല്‍ പ്രതിഷേധം പാര്‍ലമെന്റില്‍ ഉണ്ടാകുന്നതിനെയും ഭയക്കുന്നു. തൃണമൂല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാജ്വാദി പാര്‍ടി, ബിഎസ്പി തുടങ്ങിയ പാര്‍ടികളുടെ കൂടി എതിര്‍പ്പിന് എല്‍പിജി വിലവര്‍ധന ശക്തികൂട്ടുമെന്നും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കിയശേഷം ഇത് മൂന്നാം തവണയാണ് സിലിണ്ടര്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 895.50 രൂപയില്‍നിന്ന് 922 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്റെ വില താഴേക്കാണ്. ഒക്ടോബര്‍ 11ന് ബാരലിന് 112.60 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡോയിലിന് 30ന് 107.65 ഡോളറായി ഇടിഞ്ഞു. രൂപകണക്കില്‍ ബാരലിന് ഒക്ടോബര്‍ 11ന് 5975.68 ആയിരുന്നത് 5831.40 ആയി. 144 രൂപയുടെ കുറവ്. നവംബര്‍ ഒന്നിന് ഡോളറിന് 53.84 രൂപയാണ് വിനിമയനിരക്ക്. അതായത് ക്രൂഡോയിലിന്റെ ഡോളര്‍ കണക്കിലുള്ള വിലയും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യവും നോക്കിയാലും ക്രൂഡോയില്‍ ഇറക്കുമതിക്ക് കഴിഞ്ഞ മാസത്തേക്കാള്‍ ചെലവ് കുറഞ്ഞു. ഇതൊന്നും കണക്കിലെടുക്കാതെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍.
(വി ജയിന്‍)

deshabhimani

No comments:

Post a Comment