Friday, November 2, 2012

കണ്ണൂരിലെ മണല്‍ മാഫിയ സുധാകരന്റെ ക്രിമിനല്‍സംഘം


കണ്ണൂര്‍ ജില്ലയിലെ മണല്‍മാഫിയയുമായി കെ സുധാകരന്‍ എംപിക്കുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം. സുധാകരന്റെ കൂട്ടാളികളായ ക്രിമിനലുകളാണ് ജില്ലയില്‍ അനധികൃത മണല്‍വാരലിനും വില്‍പ്പനയ്ക്കും നേതൃത്വം നല്‍കുന്നത്. ഇതില്‍ സുധാകരന്റെ മരുമകനും ഉള്‍പ്പെടും. മണല്‍കടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ വളപട്ടണം പൊലീസിന്റെ പിടിയിലായ നാറാത്തെ സമദും ഹമീദും രക്ഷപ്പെട്ട ഷംസുവും സുധാകരന് വേണ്ടപ്പെട്ടവരാണ്. സമദ് കോണ്‍ഗ്രസുകാരന്‍. മറ്റു രണ്ടുപേര്‍ ലീഗുകാരും.

പിടിയിലായവരെ രക്ഷപ്പെടുത്താനാണ് സുധാകരന്റെ നിര്‍ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് വളപട്ടണം സ്റ്റേഷനിലെത്തിയത്.പൊലീസ് ശക്തമായ നിലപാടെടുത്തതോടെ നീക്കം പാളി. ഇതോടെ, കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ പകല്‍ 11ന് നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഉപേക്ഷിച്ച് സുധാകരന്‍ സ്റ്റേഷനിലെത്തി എസ്ഐയെ ഭീഷണിപ്പെടുത്തി ലോക്കപ്പിലുള്ള രഗേഷിനെ ഇറക്കിക്കൊണ്ടുപോകുകയുമായിരുന്നു. മണല്‍മാഫിയയുമായുള്ള ബന്ധം പൊലീസ് ചോദ്യംചെയ്യലില്‍ വെളിപ്പെടുമെന്ന ഭയമായിരുന്നു സുധാകരന്.

സുധാകരനുമായി ബന്ധമുള്ള നാറാത്തെയും കാട്ടാമ്പള്ളിയിലെയും എന്‍ഡിഎഫ്, ലീഗ്, കോണ്‍ഗ്രസ് ക്രിമിനലുകള്‍ അനധികൃതമായി കടത്തുന്ന മണല്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത് സുധാകരന്റെ മരുമകനാണ്. നടാലില്‍ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന നവരശ്മി ക്ലബ്ബിന്റെ പിറകിലുള്ള, ഇയാളുടെ വീട്ടുമുറ്റത്താണ് മണല്‍ ഇറക്കുന്നത്. ഇവിടെനിന്നാണ് മണല്‍ അരിച്ച് വില്‍പ്പന നടത്തുന്നത്. അഴീക്കോട് പൊയ്ത്തുംകടവ്, നാറാത്തെ അനധികൃത കടവായ കല്ലൂരിക്കടവ്, കമ്പില്‍ പന്ന്യങ്കണ്ടിക്കടവ്, കീലത്തുകടവ്, കമ്പില്‍കടവ്, കുമ്മായക്കടവ് എന്നിവിടങ്ങളില്‍നിന്നാണ് ഇവിടുത്തേക്ക് മണല്‍ എത്തിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയെയും ഭീഷണിപ്പെടുത്തിയാണ് സുധാകരന്‍ മരുമകന്‍ ഉള്‍പ്പെടെയുള്ള മണല്‍മാഫിയയെ സഹായിക്കുന്നത്. മയ്യില്‍, വളപട്ടണം പൊലീസ് അനധികൃത മണല്‍കടത്ത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിച്ചത് മാഫിയക്ക് പ്രയാസമുണ്ടാക്കി. പൊലീസില്‍നിന്നുള്ള വിവരം മണല്‍മാഫിയക്ക് ചോര്‍ത്തിനല്‍കിയതിന് മയ്യില്‍ സ്റ്റേഷനിലെ എഎസ്യെയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റിയതും തിരിച്ചടിയായി. വളപട്ടണം, മയ്യില്‍ പൊലീസ് ബോട്ടുമാര്‍ഗം നടത്തിയ സംയുക്ത പരിശോധനയും മണല്‍മാഫിയക്ക് പിടിച്ചില്ല. പരിശോധനാവിവരം ചോര്‍ത്തിയ, കോസ്റ്റ്ഗാര്‍ഡ് ബോട്ടിന്റെ ഡ്രൈവറായ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറെ മയ്യില്‍ പൊലീസ് അറസ്റ്റ്ചെയ്തതും മണല്‍മാഫിയെ പ്രതിസന്ധിയിലാക്കി. ഇതിനിടയിലാണ് മണല്‍കടത്തിനിടെ രണ്ടുപേര്‍ വളപട്ടണം പൊലീസിന്റെ പിടിയിലാവുന്നത്. ഈനില തുടര്‍ന്നാല്‍ രക്ഷയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തന്റെ തണലില്‍ വളരുന്ന മണല്‍മാഫിയക്കുവേണ്ടി സുധാകരന്‍ മറയില്ലാതെ രംഗത്തെത്തിയത്.

deshabhimani 

No comments:

Post a Comment