സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്തതില്‍ പ്രതീക്ഷിച്ച പണം
ലഭിക്കാത്തത് യുപിഎ സര്‍ക്കാരും കോര്‍പറേറ്റുകളും ഒത്തുകളിച്ചതിന്റെ
ഫലമാണെന്ന് ഇടതുപക്ഷം.
ലേലത്തിലൂടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ ആഘോഷമായി കൊണ്ടാടുന്നത്
തെറ്റായ നയത്തിന് ന്യായീകരണമാക്കാനാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍, 2008 ല്‍ ലഭിച്ചതിനേക്കാള്‍ 393 കോടി രൂപ ലേലത്തിലൂടെ
ലഭിച്ചുവെന്ന കാര്യം കുറച്ചുകാണേണ്ടതില്ലെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ
അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
2008ല്‍ എ രാജയുടെ കാലത്ത് ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കിയത്
വഴി 9014 കോടി രൂപയാണ് ലഭിച്ചത്. അന്ന് ലേലത്തിലൂടെ ടൂ ജി സ്പെക്ട്രം
വിറ്റിരുന്നുവെങ്കില്‍ 1.76 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്നാണ് സിഎജി
ചൂണ്ടിക്കാട്ടിയത്. അന്ന് ടൂ ജി സ്പെക്ട്രം ആവശ്യപ്പെട്ട് 575 അപേക്ഷ
ലഭിച്ചിരുന്നു. പുതിയ 40 കമ്പനിയുടെ അപേക്ഷകളും അതിലുണ്ടായിരുന്നു.
അന്ന് മാസത്തില്‍ രണ്ടു കോടി പേരാണ് മൊബൈല്‍ കണക്ഷന്‍ വാങ്ങിയിരുന്നത്.
എന്നാല്‍, മൊബൈല്‍ കണക്ഷന്‍ 70 ശതമാനമായി ഉയര്‍ന്നു. നാല് വര്‍ഷം
കഴിഞ്ഞപ്പോള്‍ ടൂ ജിക്ക് പകരം ത്രീ ജി സ്പെക്ട്രം വന്നു. ഫോര്‍ ജി
സ്പെക്ട്രം ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത
വര്‍ഷത്തോടെ റോമിങ് ചാര്‍ജ് എടുത്തുകളയുമെന്നും മന്ത്രി കപില്‍ സിബല്‍
പ്രഖ്യാപിച്ചു. അതുകൊണ്ട് 2008 ല്‍ ടൂ ജിക്കുള്ള പ്രാധാന്യം ഇപ്പോഴില്ല.
മാത്രമല്ല സാമ്പത്തിക മാന്ദ്യവും ലേലത്തെ ദോഷകരമായി ബാധിച്ചു.
സ്വാഭാവികമായും കമ്പനികള്‍ 2008 ലേതുപോലെ താല്‍പ്പര്യം കാട്ടാത്തത്
സ്വാഭാവികം.
സര്‍ക്കാരിനെ സംബന്ധിച്ച് 2008 ലേതിനേക്കാളും പണം ലഭിക്കാന്‍
താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം പണം കൂടുതല്‍ ലഭിച്ചാല്‍ സിഎജി
ചൂണ്ടിക്കാട്ടിയ നഷ്ടം ശരിയാണെന്ന് വരും. പൊതുഖജനാവിലേക്ക് പണം
വരുന്നതിനേക്കാളും യുപിഎ സര്‍ക്കാരിന് താല്‍പ്പര്യം പണം
ലഭിക്കാതിരിക്കാനാണ്. പണമില്ലെന്ന് പറഞ്ഞ് സബ്സിഡികള്‍ ഇനിയും
വെട്ടിക്കുറയ്ക്കാമെന്ന ഗൂഢലക്ഷ്യവും നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന
സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകാം. ഒപ്പം സര്‍ക്കാരിന്റെ പ്രതിഛായ
തകര്‍ക്കുന്ന സിഎജിയെ നിറംകെടുത്താന്‍ ഒരവസരവും ലഭിക്കും.
കോര്‍പറേറ്റുകളും ലേലത്തെ തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. ലേലത്തുക
കുറച്ചാല്‍മാത്രമേ നിലവില്‍ കമ്പനികളുടെ കൈവശമുള്ള സ്പെക്ട്രത്തിന്റെ
വിലയും കുറയ്ക്കാന്‍ കഴിയൂ. അതിനു വേണ്ടിയാണ് കോര്‍പറേറ്റ് കമ്പനികള്‍
ഒത്തുകളിച്ചത്. സര്‍ക്കാരാകട്ടെ കമ്പനികളെ ലേലത്തില്‍നിന്ന് അകറ്റാന്‍
ഫോര്‍ ജിയും മറ്റും ഉടന്‍ നല്‍കുമെന്ന് മുന്‍കൂട്ടി
പ്രഖ്യാപിക്കുകയുംചെയ്തു.
ടൂ ജി വഴി ഇ- മെയിലും മറ്റ് വസ്തുതാ കൈമാറ്റവും
വരും മാസങ്ങളില്‍ സാധ്യമാകാന്‍ പോകുകയാണ്. അപ്പോള്‍ മാത്രമേ ടൂ ജിക്ക്
വീണ്ടും ആവശ്യക്കാര്‍ കൂടൂ. മാത്രമല്ല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്
കരകയറുകയും വേണം.
ഈ സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ലേലം
കുറച്ചുകൂടി കഴിഞ്ഞ് നടത്തിയാല്‍ മതിയായിരുന്നു. അതിന് തയ്യാറാകാതെ
തങ്ങളുടെ നയമാണ് ശരിയെന്ന് കാണിക്കാന്‍, മാധ്യമങ്ങളും സിഎജിയും
തെറ്റാണെന്ന് കാണിക്കാന്‍ വ്യഗ്രതകാട്ടിയ സര്‍ക്കാര്‍ ലേലം പൊളിക്കാന്‍
കോര്‍പറേറ്റുകളുമായി കൈകോര്‍ക്കുകയായിരുന്നു. അതുകൊണ്ട് ബാക്കിയുള്ള
ലൈസന്‍സുകളെങ്കിലും കുറച്ചു മാസങ്ങള്‍ക്കുശേഷമേ ലേലം ചെയ്യാവൂ എന്ന്
യെച്ചൂരി ആവശ്യപ്പെട്ടു.
No comments:
Post a Comment