സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.
ഓര്‍ഡിനറി, സിറ്റി ബസുകളില്‍ മിനിമം ചാര്‍ജ് അഞ്ചുരൂപയില്‍ നിന്ന് ആറായി
ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാന്‍
മന്ത്രിസഭായോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ഒരു
രൂപയാക്കി. നിരക്ക് വര്‍ധന ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിന്
ശേഷംമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഫാസ്റ്റ്
പാസഞ്ചറിലെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ടു രൂപയാക്കും. സൂപ്പര്‍
ഫാസ്റ്റില്‍ പത്തില്‍നിന്ന് പന്ത്രണ്ടായും സൂപ്പര്‍ എക്സ്പ്രസില്‍
പതിനഞ്ചില്‍നിന്ന് പതിനേഴായും മിനിമം നിരക്ക് ഉയരും. സൂപ്പര്‍ ഡീലക്സില്‍
ഇരുപതില്‍നിന്ന് ഇരുപത്തഞ്ചായും ലക്ഷ്വറി, വോള്‍വോ ബസുകളില്‍ കുറഞ്ഞനിരക്ക്
മുപ്പതില്‍ നിന്ന് 35 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. മിനിമം ചാര്‍ജിന്
മുകളില്‍ കിലോമീറ്റര്‍ നിരക്ക് 20 ശതമാനംവരെ വര്‍ധിപ്പിച്ചു. ഓര്‍ഡിനറി,
സിറ്റി ബസുകളിലെ കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍നിന്ന് 58 ആകും. ഫാസ്റ്റ്
പാസഞ്ചറില്‍ ഇത് 57 പൈസയില്‍നിന്ന് 62 ആയും സൂപ്പര്‍ ഫാസ്റ്റില്‍
60ല്‍നിന്ന് 65 ആയും സൂപ്പര്‍ എക്സ്പ്രസില്‍ 65ല്‍നിന്ന് 70 ആയും സൂപ്പര്‍
ഡീലക്സില്‍ 75ല്‍നിന്ന് 80 ആയും ലക്ഷ്വറി ഡീലക്സില്‍ 90ല്‍നിന്ന് 100 ആയും
വോള്‍വോയില്‍ 110ല്‍നിന്ന് 120 ആയും വര്‍ധിപ്പിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്റെ റിപ്പോര്‍ട്ട് പൊതുവേ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോ- ടാക്സി നിരക്ക് വര്‍ധനയെപ്പറ്റി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. വര്‍ധനവിനെപ്പറ്റി പരിശോധിച്ച ശേഷം നടപ്പാക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഓട്ടോ- ടാക്സി നിരക്ക് വര്‍ധനയും ഉടന്‍ ഉണ്ടാകും.
നടുവൊടിച്ച് ബസ് ചാര്‍ജ് വര്‍ധനയും
തിരു: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ വീണ്ടും
അമിതഭാരം അടിച്ചേല്‍പ്പിച്ച് ബസ് യാത്രാനിരക്ക് വര്‍ധന. വൈദ്യുതി,
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനകള്‍ക്ക് പിന്നാലെ യാത്രാനിരക്ക്
കുത്തനെ ഉയര്‍ത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സാധാരണ ജനജീവിതം കൂടുതല്‍
ദുസ്സഹമാക്കും. ജനവിരുദ്ധനയങ്ങളില്‍ റെക്കോഡിട്ട യുഡിഎഫ് സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇത് രണ്ടാംതവണയാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ
വര്‍ഷം ആഗസ്ത് ആറിനും യാത്രാനിരക്ക് കൂട്ടി.
ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന യാത്രാനിരക്ക് വര്‍ധനയും കൂടിയാണിത്. ഈ
വര്‍ധനയോടെ എക്സ്പ്രസ് ട്രെയിനുകളുടെ നിരക്കിന്റെ ഏതാണ്ട് ഇരട്ടിയിലേറെ
തുക ബസ് യാത്രയ്ക്കായി നല്‍കണം. ഓരോ ഫെയര്‍സ്റ്റേജിലും ബസുടമകള്‍
ആവശ്യപ്പെട്ട നിരക്കും അനുവദിച്ചു. ബസുടമകളുമായി സര്‍ക്കാരിന്റെ ഒത്തുകളി
പ്രകടമാക്കുന്ന വര്‍ധനയാണിത്.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ്പാസഞ്ചര്‍
നിരക്ക് ഒരു രൂപ സെസ് അടക്കം 129 രൂപയാണിപ്പോള്‍. പുതിയ വര്‍ധനയില്‍ ഇത്
143 രൂപയാകും. സൂപ്പര്‍ ഫാസ്റ്റില്‍ ഇത് 151 രൂപയും (പഴയനിരക്ക് 136 രൂപ)
എക്സ്പ്രസില്‍ 166 രൂപയുമാകും (പഴയ നിരക്ക് 146 രൂപ). തൃശൂരിലേക്കുള്ള
സൂപ്പര്‍ഫാസ്റ്റ് നിരക്ക് 204 രൂപയായും പാലക്കാട്ടേക്ക് 248 രൂപയായും
കോഴിക്കോട്ടേക്ക് 299 രൂപയായും നിരക്ക് ഉയരും. എക്സ്പ്രസ്, വോള്‍വോ
ബസുകളുടെ നിരക്ക് ഇതിലും കൂടുതലാണ്. എംസി റോഡുവഴി കോട്ടയത്തേക്കുള്ള
ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് 89 രൂപയായിരുന്നു. ഇത് നൂറാകും. സൂപ്പര്‍
ഫാസ്റ്റില്‍ 106 രൂപയും. ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കാന്‍
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്
തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി. ഇപ്പോഴുള്ളതിന്റെ ഇരട്ടി നിരക്കാണ്
തീര്‍ഥാടകര്‍ നല്‍കേണ്ടത്.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍നിന്ന് ഒരു രൂപയാക്കി.
തുടര്‍ന്നുള്ള ഫെയര്‍സ്റ്റേജുകളില്‍ നിരക്ക് വീണ്ടും കുതിച്ചുയരും. ഈ
നിരക്ക് തീരുമാനിക്കുന്നത് ബസുടമകളാണ്. അതില്‍ നാല്‍പ്പതു മുതല്‍ എണ്‍പതു
ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തവണ യാത്രാനിരക്ക്
വര്‍ധിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് കൂട്ടിയില്ലെങ്കിലും
ഫെയര്‍സ്റ്റേജുകള്‍ക്കനുസരിച്ച് നിരക്ക് ഉയര്‍ത്തി വാങ്ങാന്‍
ബസുടമകള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരുന്നു.
അഞ്ചുവര്‍ഷത്തിലൊരിക്കലേ യാത്രാനിരക്ക് വര്‍ധനയുണ്ടാവുകയുള്ളു എന്നാണ്
കഴിഞ്ഞ വര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. നിരക്കുവര്‍ധന
സ്വകാര്യ ബസുടമകള്‍ക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കാനാണെന്ന ആക്ഷേപം
ഉയര്‍ന്നപ്പോള്‍ ഇന്ധന വില വര്‍ധനയുടെ പേരിലുള്ള നിരക്കുവര്‍ധന
ഒഴിവാക്കുകയാണെന്നും അഞ്ചുവര്‍ഷത്തിലൊരിക്കലേ ഇനി നിരക്ക് വര്‍ധിപ്പിക്കൂ
എന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടയുടന്‍
ഇതെല്ലാം മറന്ന് വീണ്ടും നിരക്ക് ഉയര്‍ത്തി.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബസ് നിരക്കാണ് കേരളത്തിലേത്.
രാജ്യത്തുതന്നെ കുറഞ്ഞ ദൂരത്തിന് ഏറ്റവുമധികം നിരക്ക് ഈടാക്കുന്ന
സംസ്ഥാനവും കേരളമാണ്. നിലവിലുള്ള നിരക്ക് തമിഴ്നാട്ടിലുള്ളതിനേക്കാള്‍
ഇരട്ടിയിലധികമാണ്. ഇപ്പോഴത്തെ വര്‍ധനയോടെ ഈ അന്തരം പിന്നെയും കൂടും.
*****
ദിലീപ് മലയാലപ്പുഴ
No comments:
Post a Comment