Thursday, November 8, 2012

പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന കോടികള്‍ അവരുടെ ക്ഷേമത്തിന് ഉപയോഗിക്കണം: പിണറായി

വിവിധ പേരില്‍ പ്രവാസികളില്‍നിന്നു വാങ്ങുന്ന ആയിരക്കണക്കിന് കോടിരൂപ പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ കാലോചിതമായ കുടിയേറ്റനിയമം കൊണ്ടുവരണമെന്നും കേരള പ്രവാസി സംഘം മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. കയറ്റുമതി വ്യാപാരികളേക്കാള്‍ വിദേശനാണ്യം നേടിത്തരുന്നവരാണ് പ്രവാസികള്‍. എന്നിട്ടും കയറ്റുമതിക്കാര്‍ക്കുള്ള ആനുകൂല്യം പോലും പ്രവാസികള്‍ക്ക് നല്‍കുന്നില്ല. മാത്രമല്ല, എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നാണ് നോക്കുന്നത്. ഈ സമീപനം മാറ്റണം.

പ്രവാസികള്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. പ്രവാസികളെ കുറിച്ച് സമ്പൂര്‍ണ വിവരം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. അതിനുള്ള നടപടി സ്വീകരിക്കുകയോ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നില്ല. എംബസികള്‍ നിഷ്ക്രിയമാണ്. വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. പ്രവാസികള്‍ക്ക് പൊതുവില്‍ ഗുണമായ ക്ഷേമനിധി, അംശാദായത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കണം. വിദേശത്ത് പോകുന്നവര്‍ക്ക് ധനസഹായമടക്കം നല്‍കണം. വായ്പാനടപടി ഉദാരമാക്കണം. വിദേശങ്ങളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ തൊഴില്‍പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കണം. ഗള്‍ഫില്‍ നിന്ന് കബളിപ്പിക്കപ്പെട്ടും മറ്റും തിരിച്ചുവരുന്നവര്‍ക്ക് പരിരക്ഷ നല്‍കണം. വിദേശരാജ്യങ്ങളില്‍ വച്ച് തൊഴില്‍സേവന വ്യവസ്ഥകളോ കരാര്‍ വ്യവസ്ഥയോ ലംഘിക്കപ്പെട്ടാല്‍ ഇടപെടാന്‍ സംവിധാനം വേണം. തൊഴിലുടമ അകാരണമായി പറഞ്ഞുവിട്ടാല്‍ ചോദ്യംചെയ്യാന്‍ ഒരു വഴിയുമില്ല. കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തണം.

പ്രവാസികളുടെ വിമാനയാത്ര ഇന്ന് ഏറ്റവും ദുരിതപൂര്‍ണമാണ്. തോന്നിയപോലെ ചാര്‍ജ് വര്‍ധിപ്പിക്കലും സര്‍വീസ് റദ്ദാക്കലും ആവശ്യമായ സര്‍വീസ് ഇല്ലാത്ത സ്ഥിതിയും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര വ്യോമയാനമന്ത്രിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. ഉല്‍പ്പാദനമേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം.

എല്‍ഡിഎഫ് ഭരണകാലത്ത് നോര്‍ക്ക റൂട്ട്സിലൂടെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കുടിയേറ്റം വര്‍ധിച്ചതിനാലാണ് കേരളത്തിലെ സാമ്പത്തിക അസമത്വം കുറഞ്ഞത്. തൊഴിലില്ലായ്മയ്ക്കും നല്ലതോതില്‍ പരിഹാരമായി. ഗള്‍ഫ് മേഖലയില്‍ താഴ്ന്നവരുമാനക്കാരാണ് പൊതുവെയുള്ളത്. എന്നാല്‍, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ സമ്പന്നരും വിദ്യാഭ്യാസം നേടിയവരുമാണ്. ഇവരുമായി താരതമ്യപ്പെടുത്തിയാല്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് അഞ്ചിലൊന്ന് വരുമാനമേയുള്ളൂ. എന്നാല്‍, രണ്ട് മേഖലയിലുള്ളവരും കേരളത്തിലേക്ക് അയക്കുന്ന തുക ഏകദേശം തുല്യമാണ്. ഗള്‍ഫ് പ്രവാസി കേരളത്തിന്റെ ഭാഗമായി നില്‍ക്കുന്നതുകൊണ്ടാണ് ഇതെന്നും പിണറായി ചൂണ്ടിക്കാട്ടി. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.

No comments:

Post a Comment