Friday, June 7, 2013

എസ്എസ്എ വിഹിതം 120 കോടി വെട്ടിക്കുറച്ചു

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിയില്‍ സംസ്ഥാനവിഹിതം 120.07 കോടി രൂപ വെട്ടിക്കുറച്ചു. 2012-13 വര്‍ഷം 523.01 കോടിയാണ് എസ്എസ്എയ്ക്ക് ലഭിച്ചത്. ഇത്തവണ ഇത് 402.94 കോടിയായാണ് കുറവ് വരുത്തിയത്. മുന്‍വര്‍ഷം പദ്ധതി നടത്തിപ്പിലും വിനിയോഗത്തിലും സംസ്ഥാനം കാണിച്ച ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് വിഹിതത്തില്‍ ഭീമമായ കുറവ് വരുത്താന്‍ ഇടയാക്കിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കംപ്യൂട്ടര്‍ പഠനത്തെ സഹായിക്കല്‍, പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും ന്യൂനപക്ഷ വിദ്യാഭ്യാസം എന്നിവയ്ക്ക് ഇത്തവണ കേരളത്തിന് പണം നല്‍കില്ല. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ അനുവദിച്ച 11.37 കോടി വിനിയോഗിക്കാത്തതാണ് കാരണം. അധ്യാപക ഗ്രാന്റിനത്തിലും ഈ വര്‍ഷം തുകയൊന്നും ലഭിച്ചില്ല. 6.44 കോടി രൂപയായിരുന്നു ഈയിനത്തില്‍ മുന്‍വര്‍ഷത്തെ ഗ്രാന്റ്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ വര്‍ഷം ലഭിച്ച 8.25 കോടി രൂപയും ഇത്തവണ ഇല്ല. 938 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനം ഇത്തവണ സമര്‍പ്പിച്ചത്.

മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനവും ഇത്തവണത്തെ പദ്ധതി രൂപരേഖയും താരതമ്യപ്പെടുത്തിയാണ് കേന്ദ്രം 402. 94 കോടി അനുവദിച്ചത്. ഇതില്‍ 262 കോടി കേന്ദ്രവിഹിതവും 140 കോടി സംസ്ഥാന}വിഹിതവുമാണ്. സംസ്ഥാന വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കും. കഴിഞ്ഞ തവണ കേരളത്തിന് ലഭിച്ച 523.01 കോടിയില്‍ 429.70 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍വര്‍ഷം 523 കോടി അനുവദിച്ചെങ്കിലും 483.67 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതില്‍ പദ്ധതി തുകയുടെ 88.84 ശതമാനമായ 429.70 കോടി വിനിയോഗിച്ചെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍, ഇത് കണക്കിലെ കളിയും ധൂര്‍ത്തും മാത്രമാണെന്നും പദ്ധതി കഴിഞ്ഞ അധ്യയന വര്‍ഷം നിശ്ചലമായിരുന്നുവെന്നും നേരത്തെ അധ്യാപക സംഘടനകളൊന്നാകെ ആരോപിച്ചിരുന്നു.

എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കാന്‍ 50.44 കോടി വകയിരുത്തിയിട്ടുണ്ട്. പാഠപുസ്തകത്തിനായി എല്‍പി വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വീതവും യുപി വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ് വകയിരുത്തിയത്്. 826 സര്‍ക്കാര്‍ സ്കൂളുകളുടെ മേജര്‍ അറ്റകുറ്റപ്പണികള്‍ക്കായി 73.60 കോടി ചെലവഴിക്കും. ജീര്‍ണിച്ച പത്ത് പ്രൈമറി വിദ്യാലയങ്ങളും 22 അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും പുതുക്കിപ്പണിയുന്നതിന് 14.74 കോടി നല്‍കും. റാംപ് ആന്‍ഡ് റെയില്‍സ്}നിര്‍മിക്കാന്‍ 30 ലക്ഷം, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങളുള്ള 1070 മൂത്രപ്പുരകള്‍ക്ക് 3.74 കോടി, 56 കുടിവെള്ള വിതരണ യൂണിറ്റുകള്‍ക്കായി 11.20 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിക്കും. മറ്റ്}നിര്‍മാണ പ്രവൃത്തികള്‍ക്ക് 92.52 കോടി, അധ്യാപക പരിശീലനം, സാങ്കേതിക ഉപകരണ വിതരണം, സായന്തന വേദി ക്യാമ്പുകള്‍ എന്നിവയ്ക്ക് 23.70 കോടി എന്നിങ്ങനെ നല്‍കും. മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്‍പി സ്കൂളുകള്‍ക്ക് 5000 രൂപയും യുപി സ്കൂളുകള്‍ക്ക് 7000 രൂപയും സ്കൂള്‍ ഗ്രാന്‍ഡ്, സ്കൂളിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 7500 രൂപവീതവും ലഭിക്കും. അധ്യാപക പരിശീലനത്തിന് 8.95 കോടി വകയിരുത്തി. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസ് പ്രവര്‍ത്തനത്തിന് 13.34 കോടി, സംസ്ഥാന ഓഫീസിന് 3.69 കോടി രൂപ എന്നിങ്ങനെയും നല്‍കും.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment