Saturday, June 22, 2013

അസാന്മാര്‍ഗികം സുതാര്യം

"ഒരു വിളിപ്പാടകലെ മുഖ്യമന്ത്രി, 24 മണിക്കൂറും ഏഴ് ദിവസവും- ആണ്ടുവട്ടം മുഴുവന്‍ കര്‍മനിരതം." ഇതാണ് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരാതി പരിഹാരസെല്ലിന്റെ വിശേഷണം. രാജ്യത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏക മുഖ്യമന്ത്രിയുടെ ഓഫീസാണിതെന്നും പ്രചാരണം. "വിളിപ്പാടകലെ"യുള്ള മുഖ്യമന്ത്രിയെ കാണാന്‍ മാനം പണയം വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നിടത്തെത്തി നില്‍ക്കുന്നു സുതാര്യത. ശരീരം തരൂ, മുഖ്യമന്ത്രിയെ കാട്ടിത്തരാം എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം.

പരാതി പരിഹാരത്തിന്റെ പുത്തന്‍മാതൃക കാഴ്ചവച്ച രാപ്പകല്‍ സെല്ലിലെ ജീവനക്കാരനെതിരെ ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ്. അതിവേഗക്കാരനായ അദ്ദേഹം പൂഴ്ത്തിയ പരാതി മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് നടപടിക്കൊരുങ്ങിയത്. സരിതയെന്ന തട്ടിപ്പുകാരി വേരുകളാഴ്ത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയുടെയും അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. സുതാര്യതയുടെ മൂടുപടങ്ങളാണ് അഴിഞ്ഞുവീഴുന്നത്. മുഖ്യമന്ത്രിയെ കാണാനും കാര്യങ്ങള്‍ ശരിയാക്കാനും കൈമടക്ക് വാങ്ങുന്നതും കടന്ന് സ്ത്രീകളോട് ശരീരം വേണം എന്നാവശ്യപ്പെടാനും ഉമ്മന്‍ചാണ്ടിയുടെ അനുചരന്മാര്‍ മുതിരുന്നു. സുതാര്യകേരളം സജീവമാക്കാന്‍ കോഴിക്കോട്ടു നിന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് റിക്രൂട്ട് ചെയ്തതാണ് കെ പി ഗിരീഷ്കുമാര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ. ഏറെക്കാലം പേഴ്സണല്‍സ്റ്റാഫ് അംഗം. പിന്നീട് 24 മണിക്കൂര്‍ കോള്‍ സെന്ററിലായി.

ലൈംഗികാപവാദങ്ങളും സാമ്പത്തികഇടപാടുകളും തട്ടിപ്പുകാരും ക്രിമിനലുകളുമായുള്ള ഗാഢബന്ധങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ ഇരട്ടിപ്പിക്കുന്നു. കൊലക്കേസിലും തട്ടിപ്പുകളിലും പ്രതികളായ രണ്ടുപേരുടെ കുടുംബപ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. സരിത സെക്രട്ടറിയറ്റ് താവളമാക്കിയത് മുന്‍കൂട്ടി അറിയാതെപോയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി സരിതയുമായി നിരന്തരബന്ധം സ്ഥാപിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലിംരാജിനെയും മാറ്റിനിര്‍ത്തലില്‍ ഒതുക്കി. ഇരുവരും ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം തന്നെയാണുള്ളത്.

സ്ത്രീകളുടെ ആത്മാഭിമാനം ചോദ്യംചെയ്ത പരാതിപരിഹാരസെല്ലിനും മുഖ്യമന്ത്രിയുടെ സംരക്ഷണവലയമുണ്ട്. ഇല്ലെങ്കില്‍ പരാതി കിട്ടിയ ഉടന്‍ നടപടി ഉണ്ടാകുമായിരുന്നു. കോള്‍സെന്ററിലെ ഫോണും ഇന്റര്‍നെറ്റ് സൗകര്യവും അവിഹിതമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമെന്നു സ്ഥാപിക്കാന്‍ എല്ലാം വെബ്സൈറ്റില്‍ സംപ്രേഷണംചെയ്യുന്നതായാണ് അവകാശവാദം. എന്നാല്‍, മുഖ്യമന്ത്രിയുടെ ചേംബറും ഓഫീസ് മുറിയും മാത്രമാണ് ക്യാമറയില്‍ പതിയുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, സാമ്പത്തിക ഉപദേഷ്ടാവ്, പൊളിറ്റിക്കല്‍ സെക്രട്ടറി, കോള്‍സെന്റര്‍ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിംഹഭാഗവും ക്യാമറയ്ക്കു പുറത്താണ്.
(കെ എം മോഹന്‍ദാസ്)

മുഖ്യമന്ത്രിക്കെതിരെ എന്‍എസ്എസും

കോട്ടയം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഭരണനേതൃത്വത്തില്‍ വരുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് അസഹിഷ്ണുതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. സോളാര്‍ വിവാദം മന്ത്രിസഭയുടെ പ്രതിഛായയെ ബാധിച്ചു. ബാലകൃഷ്ണപിളള- ഗണേഷ് പ്രശ്നം കോണ്‍ഗ്രസ് വെടക്കാക്കി തനിക്കാക്കി. ഇതോടെ സഭയിലെ സാമുദായിക സന്തുലനം മാറി. കേരളത്തിലിപ്പോള്‍ നടക്കുന്നത് ന്യൂഷപക്ഷ വികസനം മാത്രമാണ്. ഇത് ചൂണ്ടികാട്ടുമ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളെന്നും ഭീകരവാദികളെന്നും പറയുന്നതില്‍ അര്‍ഥമില്ല.

ചന്ദ്രിക ദിനപത്രത്തിനെതിരായ മാനനഷ്ടകേസില്‍നിന്ന് പിന്‍മാറില്ല. പത്രത്തിന്റെ വിശദീകരണം തൃപ്തികരമല്ല. പത്രത്തില്‍ വന്ന മുഖപ്രസംഗം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ നിശബ്ദനാക്കാനുള്ളതാണ്. അത് അംഗീകരിക്കാനാവില്ല. കേസുമായി മുന്നോട്ടുപോകും. സോളാര്‍ അഴിമതികേസിലെ പ്രതി സരിത എസ് നായര്‍ നായരാണെന്നതിനാല്‍ തെറ്റുകാരിയല്ലാതാവില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടിയാണാവശ്യമെന്നും അദ്ദേഹം അറിയിച്ചു.

deshabhimani

No comments:

Post a Comment